- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുവള്ളത്തിലും കാൽ ചവിട്ടി വെള്ളാപ്പള്ളി; സിപിഎമ്മിനെ കടന്നാക്രമിച്ച് തുഷാർ; രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചത് വേദനാജനകം; സന്നിധാനം വിശ്വാസികൾക്കുള്ള ഇടമെന്നും വെള്ളാപ്പള്ളി നടേശൻ; രഹസ്യമായി യുവതിദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ; വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ മുസ്ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണമെന്നും തുഷാർ
തിരുവനന്തപുരം: യുവതി പ്രവേശനത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാറും രംഗത്തെത്തി. ഇരുവള്ളത്തിലും കാൽ ചവിട്ടിയുള്ള പ്രതികരണത്തിൽ സിപിഎമ്മിനെ തള്ളാതെ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയപ്പോൾ ഇടതുപക്ഷത്തെ ആകെ അവഗണിക്കുന്നതായിരുന്നു തുഷാറിന്റെ നിലപാട്.
ശബരിമലയിൽ നടന്നത് വേദനാജനകമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. പിൻവാതിലിലൂടെ യുവതികളെ പൊലീസ് കയറ്റിയത് നിരാശാജനകമാണ്. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൊലീസിനെ മാത്രം വിമർശിക്കുന്നതായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ നിലപാട്.
അതേസമയം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചാണ് തുഷാർ രംഗത്തെത്തിയത്. ശബരിമലയിൽ രഹസ്യമായി യുവതിദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണ്. ഭരണതന്ത്രജ്ഞതയില്ലാതെ രാഷ്ട്രീയം വിരോധം തീർക്കാൻ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രി എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഭരണഘടനയോടും സുപ്രീം കോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കിൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണം.
ഹൈന്ദവരോട് എന്തുമാകാമെന്ന ഇടതുപക്ഷങ്ങളുടെ ധാരണ തെറ്റാണ്. ആചാരലംഘനമുണ്ടായാൽ ശുദ്ധിക്രിയകൾ നടത്താൻ ബാധ്യതപ്പെട്ടവരാണ് തന്ത്രിയും മേൽശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്താൻ വൃഥാശ്രമാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ദേവസ്വം ബോർഡ് പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവെച്ച് പോകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുന്നുവെന്നും തുഷാർ നേരത്തെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും തുഷാർ പറഞ്ഞിരുന്നു. ഇതിനെതിരെ പാർട്ടി വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ തുഷാർ മതിലിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനം ഇന്ന് യുദ്ധക്കളമായി. പലയിടത്തും വ്യാപകസംഘർഷമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്.
യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ശബരിമല ദർശനത്തിനുപിന്നാലെ പമ്പയിൽനിന്ന് അങ്കമാലിയിൽ എത്തിച്ച ബിന്ദുവിനെയും കനകദുർഗയെയും പൊലീസ് വാഹനത്തിൽ തൃശൂർ ഭാഗത്തേക്കു കൊണ്ടുപോയി. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു.
എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു. ഐജിയുടെ അതിഥികൾ എന്നു മാത്രം ഡ്യൂട്ടിയിലുള്ള പൊലിസുദ്യോഗസ്ഥർക്കു സൂചന നൽകിയാണു യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചത്. മൂന്നു പൊലീസുകാർ കറുത്ത വേഷത്തിൽ അനുഗമിച്ചു. സ്റ്റാഫ് ഗേറ്റ് കടന്നു യുവതികളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർക്കു കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ അവർ ആ സമയത്തു മാറിനിന്നു എന്നാണു സൂചന.