ദുബായ്: യുഎഇയുടെ 44-ാം ദേശീയ ദിനത്തിനായി തയ്യാറാക്കിയ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗം. ഒരു ഗാനത്തിൽ 44 ഭാഷകളിലെ വരികൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ഈ ഗാനം റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു കഴിഞ്ഞു.

യു.എ.ഇയുടെ 44മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന ഗാനം തയ്യാറാക്കിയതിനു പിന്നിൽ ഒരു മലയാളിയുമുണ്ട്. 44 ഭാഷകളിലെ വരികളിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഒരു ഗാനത്തിൽ ഉൾപ്പെടുന്ന ഭാഷകളുടെ എണ്ണത്തിൽ ലോക റെക്കോഡാണ് ഇത്. നിലവിൽ 25 ഭാഷകൾ ഉൾപ്പെടുന്ന ഗാനത്തിനാണ് ഗിന്നസ് ബുക്ക് റെക്കോഡുള്ളത്. യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരേയും വ്യത്യസ്ത സാംസ്‌കാരിക പൈതൃകം പേറുന്നവരേയും ഒന്നിപ്പിക്കുന്നതാണ് ഗാനം. ഡിസംബർ രണ്ടിന് യു.എ.ഇയുടെ ദേശീയ ദിനം ആചരിച്ചപ്പോൾ വ്യത്യസ്തത കൊണ്ട് ഈ ഗാനം ശ്രദ്ധേയമാകുകയും ചെയ്തു.

എല്ലാവരും യുഎഇക്കാർ എന്ന അർത്ഥം വരുന്ന കുല്ലൂന എമറാത്ത് എന്ന് പേരിട്ടിട്ടുള്ള ഗാനത്തിന് പിന്നിൽ മലയാളിയായ സതീഷ് എരിയാളത്താണ്. ദുബായ് ആസ്ഥാനമായ ഓക്‌സിറ്റി ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറാണ് സതീഷ്. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തതതും സതീഷാണ്. പ്രമുഖ സംഗീത സംവിധായകൻ ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം. ജാസി ഗിഫ്റ്റ് ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ പാടിയിട്ടുണ്ട്.

മുഹമ്മദ് റിലയൻസ് ലൂബ്രിക്കൻസിനു വേണ്ടി മുഹമ്മദ് അഷ്‌റഫാണ് നിർമ്മിച്ചിരിക്കുന്നത്. ദുബായിൽ പിആർ രംഗത്ത് പ്രവർത്തിക്കുന്ന രാജീവ് നായരാണ് വരികൾ എഴുതിയത്. ഇംഗ്ലീഷിലെഴുതിയ ഗാനം വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുകയായിരുന്നു.

ഉപജീവനത്തിനായി ഈ നാടിനെ തെരഞ്ഞെടുത്ത വിദേശികളായ ലക്ഷക്കണക്കിന് ആളുകളുടെ ആദരവാണ് ഗാനമെന്ന് സതീഷ് എരിയാളത്ത് പറഞ്ഞു. 44 ഭാഷകളിലുള്ള ഗായകരെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിന്നു. ഒരു മാസത്തിലധികം വേണ്ടി വന്നു ഇതിന്. ഓരോരുത്തരും ഗാനത്തിന്റെ ഓരോ വരികൾ മാത്രമാണ് പാടിയത്. എങ്കിലും അവരെ പാടിപ്പിക്കുക എന്നത് എളുപ്പമായിരുന്നില്ല. വിവിധ സംസ്‌കാരങ്ങളെ ഒരു ഗാനത്തിലൂടെ ഒരുമിച്ച് ചേർക്കുക എന്നത് ഒടുവില് വിജയിക്കുക തന്നെ ചെയ്തു, സതീഷ് പറഞ്ഞു.

വിവിധ ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും സംഗമഭൂമിയാണ് യു.എ.ഇ. ദുബായ് നഗരം ഇക്കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമതാണ്. അത്തരമൊരു സാമൂഹ്യ ജീവിതമാണ് ഈ നാട് ഇവിടെ തൊഴിൽ തേടിയെത്തുന്ന ഓരോരുത്തര്ക്കും നല്കുന്നത്. ആ സമഭാവനയോടുള്ള ആദരവാണ് ഗാനമെന്ന് നിർമ്മാതാവ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച മോഹൻ പുതുശ്ശേരിയാണ് ക്യാമറാമാൻ. രജനികാന്തിന്റെ ലിംഗ ഉൾപ്പടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംജിത്ത് മുഹമ്മദാണ് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈൻ വർഗീസ് ആന്റണി, ഏകോപനം അരുൺ അഗസ്റ്റിൻ, അവിനാശ്, അഖിൽ ബാബു.