കോട്ടയം: മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണട വാങ്ങിയത് പിണറായി മന്ത്രിസഭയെ വിവാദത്തിലാക്കി. കമ്മ്യൂണിസ്റ്റുകൾക്ക് ചേർന്നതാണോ ഇതെന്ന ചർച്ച സജീവമാക്കി. എന്നാൽ ശൈലജയെക്കാൾ കൂടിയ കണ്ണട വാങ്ങിയവർ ഈ നിയമസഭയിലുണ്ട്. എല്ലാം ഇടതു പക്ഷക്കാർ. നാല് ഭരണപക്ഷ എംഎ‍ൽഎമാർ വാങ്ങിയ കണ്ണടകൾക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതുവഴി സർക്കാർ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്.

നിയമപരമായി തെറ്റില്ലെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള എംഎൽഎമാരുടെ ഈ നടപടി ചർച്ചയാവുകയാണ്. ഇത് ഭരണപക്ഷ എംഎ‍ൽഎമാരുടെ ധൂർത്താണെന്ന് വിമർശനം ഉയരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എംഎ‍ൽഎമാർ ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകൾക്കായി ഇത്രയും രൂപ റീ ഇമ്പേഴ്‌സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആർ.എസ്‌പി (ലെനിനിസ്റ്റ് ) നേതാവായ കോവൂർ കുഞ്ഞുമോനും ജൂൺ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാർച്ച് 15നും ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന് മെയ്‌ 17 നും പണം കിട്ടി.

ചിറ്റയം ഗോപകുമാർ- 48,000 രൂപയും കോവൂർ കുഞ്ഞുമോൻ- 44,000രുപയും ജോൺ ഫെർണാണ്ടസ്- 45,700രൂപയും എ.എം. ആരിഫ്- 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികിൽസാ ചെലവിന്റെ പേരിൽ എംഎൽഎമാർ വൻ തുകകൾ എഴുതി എടുക്കാറുണ്ട്. എന്നാൽ കണ്ണടയ്ക്ക് വേണ്ടി ഇത്തരം തുകകൾ എഴുതിയെടുക്കുന്നതിന്റെ വിഷയങ്ങളാണ് ചർച്ചായാകുന്നത്. ഇവരെല്ലാം ഇടതുപക്ഷക്കാരാണ്. ആഡംബരത്തിനെതിരെ സംസാരിക്കുന്ന നേതാക്കൾ ഖജനാവിൽ നിന്ന് പണമെടുത്ത് പതിനായിരങ്ങളുടെ കണ്ണട വാങ്ങുന്നതാണ് ചർച്ചയാകുന്നത്. രണ്ടായിരം രൂപയ്ക്ക് പോലും നല്ല കണ്ണട കിട്ടും. അപ്പോഴാണ് ഈ ധൂർത്ത്.