ഡബ്ലിൻ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 5.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് അയർലണ്ടിലെ എംപ്ലോയർ ഗ്രൂപ്പായ ഐബെക്ക്. അടുത്ത വർഷം സമ്പദ് രംഗം ശക്തമായ വളർച്ച കൈവരിക്കുമെന്നും ജിഡിപി 4.8 ശതമാനമായി വർധിക്കുമെന്നും ഐബെക്ക് റിപ്പോർട്ട് വ്യക്തമാക്കുനനു. കൂടാതെ തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും ഇൻവെസ്റ്റ്‌മെന്റ് തോത് വർധിക്കുമെന്നാണ് ഐബെക്ക് പറയുന്നത്. 2014-ൽ ഡൊമസ്റ്റിക് ഇക്കോണമിയിൽ മാത്രമാണ് വളർച്ച നേരിട്ടതെന്നും തന്മൂലം തൊഴിലില്ലായ്മ നിരക്കിൽ  ഇടിവു സംഭവിക്കാൻ തുടങ്ങിയതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. രാജ്യത്ത് നിക്ഷേപം വർധിക്കുകയും ഐറീഷ് കൺസ്യൂമർ ആത്മവിശ്വാസം വർധിക്കാനും ഇതു കാരണമായി.

2015 ഐറീഷ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില താഴന്നത് ഡൊമസ്റ്റിക് ഇക്കോണമിക്ക് സഹായകമായിട്ടുണ്ട്. ഒരു ബാരൽ ഓയിലിന് പത്തു ഡോളർ വിലയിടിയുമ്പോൾ അത് ഐറീഷ് കൺസ്യൂമർക്ക് 100 മില്യൺ യൂറോയുടെ സ്‌പെൻഡിങ് പവർ ആണ് നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൊമസ്റ്റിക് ഇക്കോണമിക്ക് ഈ ചെലവഴിക്കൽ ഏറെ സഹായകമാകുന്നു.

അടുത്തവർഷം അയർലണ്ട് സമ്പദ് ഘടനയിൽ ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നു തന്നെയാണ് ഐബെക്ക് ചീഫ് ഇക്കണോമിസ്റ്റ് ഫെർഗൽ ഒബ്രിയാൻ പറയുന്നത്. ഈ വർഷം തൊഴിലില്ലായ്മ 10.5 ശതമാനമാണ് രേഖപ്പെടുത്തിയത് അത് അടുത്ത വർഷത്തോടെ ഒമ്പതു ശതമാനമായി ഇടിയുമെന്നും ഫെർഗൽ ചൂണ്ടിക്കാട്ടി.

ഈ ക്രിസ്മസ് സീസണിൽ വൻ കച്ചവടം നടക്കുമെന്നാണ് ഐബെക്ക് പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 80 മില്യൺ യൂറോയുടെ കച്ചവടമായിരിക്കും ക്രിസ്മസിന് നടക്കുക. 2009-നു ശേഷമുള്ള ഏറ്റവും വലിയ കച്ചവടമായിരിക്കും ഇത്. താഴ്ന്ന നാണ്യപ്പെരുപ്പവും കൺസ്യൂമർ പർച്ചേസിങ് പവറും ഐറീഷ് ജനതയുടെ ക്രിസ്മസ് ഷോപ്പിംഗിന് ആക്കം കൂട്ടും.