ന്യൂഡൽഹി:ഒരിക്കൽ അടുത്തുപെരുമാറുകയും, പിന്നീട് അകലുകയും ചെയ്ത കോൺഗ്രസ് പാർട്ടിയോട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ വീണ്ടും അടുക്കുന്നു. ട്വിറ്ററിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്നതു പതിവാക്കിയതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഫോളോ ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ പി.ചിദംബരം, കപിൽ സിബൽ, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്ലോട്ട്, അജയ് മാക്കൻ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, സി.പി.ജോഷി എന്നിവരെയാണ് അമിതാഭ് ബച്ചൻ പിന്തുടരുന്നത്. കൂടാതെ അടുത്തിടെ മനീഷ് തിവാരി, ഷക്കീൽ അഹമ്മദ്, സഞ്ജയ് നിരുപം, രൺദീപ് സുജേർവാല, പ്രിയങ്ക ചതുർവേദി, സഞ്ജയ് ഝാ തുടങ്ങിയവരെ മൈക്രോബ്ലോഗിങ് സൈറ്റിലും ഫോളോ ചെയ്യാൻ തുടങ്ങി.

നെഹ്‌റു-ഗാന്ധി കുടുംബത്തോട് ചേർന്നുനിൽ്ക്കുകയും, രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരിക്കുകയും ചെയ്ത ബച്ചൻ ബിജെപി ഭരിക്കുന്ന ഗുജറാത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. ബച്ചനെ 33.1 മില്യൻ ആളുകൾ പിന്തുടരുന്നുണ്ടെങ്കിലും അദ്ദേഹം 1730 പേരെ മാത്രമാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ബച്ചൻ കോൺഗ്രസ് നേതാക്കളെ പൊടുന്നനെ പിന്തുടരാൻ തുടങ്ങിയത് വാർത്തയായി.കോൺഗ്രസ് നേതാക്കൾക്കു പുറമെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ പുത്രി മിസ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെയും ബച്ചൻ ഫോളോ ചെയ്യുന്നുണ്ട്.

ആർജെഡിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും നാഷനൽ കോൺഫറൻസിന്റെ ഒമർ അബ്ദുല്ല, എൻസിപിയുടെ സുപ്രിയ സുളെ തുടങ്ങിയവരും അദ്ദേഹം ഫോളോ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. മനീഷ് സിസോദിയ, ഗോപാൽ റായ്, സഞ്ജയ് സിങ്, കുമാർ വിശ്വാസ്, ആശിഷ് ഖേതൻ എന്നിവരാണ് അദ്ദേഹം ഫോളോ ചെയ്യുന്ന എഎപി നേതാക്കൾ. നിതിൻ ഗഡ്കരിയും സുരേഷ് പ്രഭുവുമടക്കം ചില ബിജെപി നേതാക്കളെയും അദ്ദേഹം പിന്തുടരുന്നുണ്ട്.തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നതിന് മനീഷ് തിവാരി ബച്ചനെ നന്ദി അറിയിച്ചു.70 കളിലും 80 കളിലും ബച്ചൻ പടങ്ങളുടെ ആദ്യ ഷോ കണ്ടിരുന്ന ഇന്ത്യൻ സിനിമയിലെ ഐക്കണെ താൻ എക്കാലവും പിന്തുടർന്നിരുന്നുവെന്നനും മനീഷ് പറഞ്ഞു.