- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിവിമുക്ത ഭാരതം ലോകവിഭ്യാഭ്യാസത്തിനുള്ള നല്ല അന്തരീക്ഷം സൃഷ്ടിക്കും - നരേന്ദ്ര മോദി ആകാശവാണിയിലൂടെ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് വീണ്ടും എനിക്ക് നിങ്ങളോട് സംസാരിക്കുവാനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഒരു പ്രധാനമന്ത്രി എന്തിനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഒരു പ്രധാനമന്ത്രി എന്നതിലുപരി ഒരു പ്രധാന സേവകനാണ് ഞാൻ എന്നതുതന്നെയാണു ഇതിനു കാരണം. കുട്ടിക്കാലം മുതൽ ഞാൻ കേട്ടു വന്ന കാര്യങ്ങളാ
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് വീണ്ടും എനിക്ക് നിങ്ങളോട് സംസാരിക്കുവാനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഒരു പ്രധാനമന്ത്രി എന്തിനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഒരു പ്രധാനമന്ത്രി എന്നതിലുപരി ഒരു പ്രധാന സേവകനാണ് ഞാൻ എന്നതുതന്നെയാണു ഇതിനു കാരണം. കുട്ടിക്കാലം മുതൽ ഞാൻ കേട്ടു വന്ന കാര്യങ്ങളാണ് മൻ കി ബാത് എന്ന പരിപാടിക്ക് പ്രേരണയായത്. ദുഃഖം പങ്കുവെയ്ക്കുമ്പോൾ കുറയുകയും എന്നാൽ സുഖം പങ്കുവെയ്ക്കുമ്പോൾ വർദ്ധിക്കുയും ചെയ്യുമെന്നുള്ളത് ചെറുപ്പം മുതൽക്കേ ഞാൻ കേട്ടിരിക്കുന്നു. മൻ കി ബാത് എന്ന ഈ പരിപാടിയിലൂടെ ഞാൻ ദുഃഖവും സുഖവും പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഇടയ്ക്ക് മനസ്സിൽ ദുഃഖം തോന്നുമ്പോൾ ആ ദുഃഖം നിങ്ങളുമായി പങ്കുവച്ച് അതിന്റെ ഭാരം ലഘൂകരിക്കുകയും സന്തോഷത്തിന്റെ മുഹൂർങ്ങൾ പങ്കുവച്ച് ആ സന്തോഷം നാലിരട്ടിയാക്കുന്നതിനുമാണ് ഇവിടെ ഞാൻ ശ്രമിക്കുന്നത്.
ഞാൻ കഴിഞ്ഞ പ്രാവശ്യം സൂചിപ്പിച്ചിക്കുന്നതുപോലെ നമ്മുടെ യുവതലമുറയെ കുറിച്ച് വളരെക്കാലമായി ഞാൻ ഉത്ക്കണ്ഠാകുലനാണ്. നിങ്ങൾ എന്നെ പ്രധാനമന്ത്രിയാക്കിയതിനു ശേഷമുള്ള ഉത്ക്കണ്ഠയല്ല, മറിച്ച് ഏതെങ്കിലുമൊരു അമ്മയുടെ മകൻ ഏതെങ്കിലുമൊരു കുടുംബത്തിലെ മകനോ മകളോ ഏതെങ്കിലും ഒരു ദുഷ്പ്രവൃത്തികളിൽ അകപ്പെടുകയാണെങ്കിൽ ആ വ്യക്തി മാത്രമല്ല കുടുംബമാകെത്തന്നെ നശിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം സമൂഹവും ദേശവും എല്ലാം തന്നെ താറുമാറാക്കപ്പെടുകയാണ് ഉണ്ടാകുന്നത്. നല്ലവരെപ്പോലും നശിപ്പിക്കുന്ന ഭയാനകമായ വിപത്തും തിന്മയുമാണ് ലഹരിപദാർത്ഥങ്ങൾ.
ഞാൻ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ മിടുക്കന്മാരായ പല ഉദ്യോഗസ്ഥന്മാരും അവധിക്കായി എന്നെ സമീപിക്കാറുണ്ടായിരുന്നു. കാരണം അന്വേഷിക്കുമ്പോൾ ആദ്യമൊന്നും അവർ ഒന്നും പറയാറില്ലായിരുന്നു. പക്ഷേ, സ്‌നേഹപൂർവ്വം വിവരങ്ങൾ അന്വേഷിക്കുമ്പോൾ ലഹരിയുടെ പിടിയിലമർന്ന മകനെപ്പറ്റിയും അവനെ രക്ഷിക്കാനായി എല്ലാം ഉപേക്ഷിച്ച് അവനോടൊപ്പം പോകേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും അവർ പറയുമായിരുന്നു. വളരെ സമർത്ഥരെന്ന് ഞാൻ കരുതിയിരുന്നു ഓഫീസർമാർപോലും ഇത്തരത്തിൽ കരച്ചിലിന്റെ വക്കത്തെത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള ധാരാളം അമ്മമാർ എന്നെ കാണാൻ വന്നു. അവർ വല്ലാത്ത സങ്കടവും ദേഷ്യവും പ്രകടിപ്പിക്കുകയുണ്ടായി. ഈ വിഷയം സാമൂഹികമായി കാണേണ്ടതുണ്ട്. കുട്ടികൾ ഇത്തരം തിന്മകളിൽ അകപ്പെടുമ്പോൾ പലപ്പോഴും നമ്മൾ അവരെ കുറ്റക്കാരായി കാണുന്നു. വാസ്തവത്തിൽ കുട്ടിയല്ല ലഹരിയാണ് തെറ്റുകാരൻ. ലഹരിയെന്ന ദുശീലമാണ് മോശമായിട്ടുള്ളത്. നമുക്ക് കുട്ടിയെ ചീത്തയായി കാണാതിരിക്കാം. ഈ ദുഃസ്വഭാവത്തെ, ലഹരിയെയാണ് മോശമായി കാണേണ്ടത്. അതിൽ നിന്ന് അവനെ രക്ഷിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. കുട്ടികളെ പഴി ചാരുമ്പോൾ അവനെ രക്ഷിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. കുട്ടികളെ പഴി ചാരുമ്പോൾ അവൻ കൂടുതൽ കൂടുതൽ ഈ പ്രവർത്തനങ്ങളിലേയ്ക്ക് പോകുകയാണ് ചെയ്യുന്നത്. ഇതിനെ സ്വയം മനഃശാസ്ത്രപരവും സാമൂഹികവും ആരോഗ്യപരവുമായ പ്രശ്‌നമായി തന്നെയാണ് കാണേണ്ടത്. ഇത്തരത്തിൽ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ചില പ്രശ്‌നങ്ങളുടെ പരിഹാരം ചികിത്സയ്ക്കും അതീതമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിനായി വ്യക്തികളും കുടുംബം ഒന്നടങ്കവും സുഹൃത്തുക്കൾ സമൂഹം ഗവൺമെന്റ് നിയമം ഇവയെല്ലാം ഒറ്റക്കെട്ടായി പ്രയത്‌നിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ലിത്.
അസ്സാമിലെ ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഞാൻ ഗൗരവപൂർവ്വം ഉന്നയിക്കുകയുണ്ടായി. പൊലീസ് വകുപ്പിൽ ഇതിനെക്കുറിച്ച് വിശദമായി ചർച്ചകൾ നടത്തി ഇതിന് പരിഹാരം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഏതെങ്കിലും അച്ഛനമ്മമാർക്ക് തങ്ങളുടെ മക്കൾ ഇത്തരം ദുഷ്പ്രവണതയിൽ അകപ്പെട്ടുവെന്ന് സംശയം തോന്നുന്നുവെങ്കിൽ അവരുടെ രക്ഷയ്ക്കായി ഒരു ടോൾഫ്രീ ഹെൽപ്പ്‌ലൈൻ ആരംഭിച്ചാലെന്തെന്ന് ഞാൻ പൊലീസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഒരുപക്ഷേ, ഇത്തരം അച്ഛനമ്മമാർ ഇക്കാര്യം പുറത്തു പറയാൻ ലജ്ജിക്കുന്നുണ്ടാവാം. ആരോട് പറയണമെന്ന് അറിയില്ലായിരിക്കാം. ഒരു ഹെൽപ്പ്‌ലൈൻ തുടങ്ങാൻ ഞാൻ ഭരണകർത്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേഗം തന്നെ ഈ കാര്യത്തിൽ തീരുമാനമുണ്ടാകും. അതുപോലെ തന്നെ ലഹരിമൂലം മൂന്ന് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇത് തിന്മകളുടെ 3Dയാണ്. ഇത് മനോവിനോദത്തിന്റെ 3Dയെക്കുറിച്ചല്ല പറയുന്നത്. ആദ്യത്തെ D- darkness രണ്ടാമത്തേത് Detsruction മൂന്നാമനത്തെ D-Devastation.
ലഹരി നമ്മെ ഇരുട്ടിലേക്ക് നയിക്കുന്നു. വിനാശത്തിന്റെ വഴിത്തിരിവിലേയ്ക്ക് നമ്മെ കൊണ്ടു ചെന്ന് എത്തിക്കുന്നു. സർവ്വനാശത്തിന് കാരണമായിത്തീരുന്നു.. അതുകൊണ്ടാണ് ഇത്രയും ഗൗരവപൂർണ്ണമായ ഒരു വിഷയത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്. മൻ കി ബാതിന്റെ കഴിഞ്ഞ പരിപാടിയിൽ ഞാൻ ഈ വിഷയത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഏഴായിരത്തിലധികം കത്തുകൾ ആകാശവാണിയുടെ വിലാസത്തിൽ എനിക്ക് ലഭിക്കുകയുണ്ടായി. ഗവൺമെന്റിൽ ലഭിച്ച കത്തുകൾ വേറെയും. ഓൺലൈനിലും ഗവൺമെന്റ് പോർട്ടൽ, my.gov.inportalലും ആയിരക്കണക്കിന് ഈമെയിലുകൾ ലഭിക്കുകയും ട്വിറ്ററിലും ഫേസ്‌ബുക്കിലും ലക്ഷക്കണക്കിന് കമന്റ്‌സ് വരികയും ഉണ്ടായി. ഒരു തരത്തിൽ സമൂഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകളാണ് ഒരുമിച്ച് ഇവയിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തിന് ഇത്തരം പ്രചാരം നല്കുന്നത് ഞാൻ മാദ്ധ്യമങ്ങളോട് പ്രത്യേകിച്ച് കടപ്പെട്ടിരിക്കുന്നു. പല ടിവി ചാനലുകളും ഓരോ മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പരിപാടികൾ അവതരിപ്പിച്ചതിൽ ഞാൻ കണ്ടിടത്തോളം അതിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്. ജനങ്ങളുടെ ഉത്ക്കണ്ഠയും അതിൽ വ്യക്തമായിരുന്നു. എങ്ങനെയും ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടുന്നതിനുള്ള സംഘർഷം തന്നെയായിരുന്നു അത്. ഇത്തരത്തിൽ ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്താനുള്ള ചുറ്റുപാടുകൾ ഉണ്ടായി വന്നിരിക്കുകയാണ്. സർക്കാരിന്റ് ഉത്തരവാദിത്വത്തെക്കുറിച്ച് അവരും ബോധവാന്മാരായി. ഇനി അവർക്കും ഉദാസീനരാവില്ല. ലഹരിയുടെ പിടിയിലമർന്ന യുവജനതയോട് ഞാൻ ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. നിങ്ങൾക്ക് ഒരുപക്ഷേ രണ്ടോ നാലോ മണിക്കൂർ ലഹരിയിൽ മുങ്ങി മറ്റേതോ ലോകത്താണെന്ന അനുഭവം ഉണ്ടാകാം. പ്രയാസങ്ങളിൽ നിന്നും മോചനം നേടുന്നതായി തോന്നിയേക്കാം. പക്ഷേ, നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ലഹരി പദാർത്ഥങ്ങൾ വാങ്ങാൻ നിങ്ങൾ ചിലവഴിക്കുന്ന പണം എവിടേയ്ക്കാണ് പോകുന്നതെന്ന്? ഈ പണം ഒരുപക്ഷേ തീവ്രവാദികളുടെ കൈകളിലേയ്ക്കാവാം ചെന്നുചേരുക. ഈ പണം കൊണ്ടാവാം അവർ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. ആ ആയുധങ്ങൾ കൊണ്ടാവാം ഏതെങ്കിലും ഒരു തീവ്രവാദി എന്റെ രാജ്യത്തെ സൈനികന്റെ നെഞ്ചിലേയ്ക്ക് വെടിയുതിർക്കുന്നത്. എന്റെ രാജ്യത്തെ സൈനികൻ രക്തസാക്ഷിയാകുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഏതെങ്കിലും ഒരു അമ്മയുടെ പ്രിയപ്പെട്ട മകനെ, ഭാരതമാതാവിനു വേണ്ടി, ദേശത്തിനുവേണ്ടി ജീവൻ മരണ പോരാട്ടം നടത്തുന്ന സൈനികന്റെ നെഞ്ചിലേയ്ക്കാണ് വെടിയുതിർക്കപ്പെടുന്നതെന്ന്. ആ വെടിയുണ്ടയിൽ നിങ്ങളുടെ ലഹരിയുടെ പൈസയും അടങ്ങിയിട്ടുണ്ടെന്ന്. ഒരു പ്രാവശ്യം ആലോചിച്ചു നോക്കൂ.നിങ്ങളും ഭാരതമാതാവിനെ സ്‌നേഹിക്കുന്നുണ്ട്, നിങ്ങളും നമ്മുടെ സൈനികരെ ബഹുമാനിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ചിന്തിച്ചാൽ എനിക്ക് ഉറപ്പുണ്ട് നിങ്ങൾക്കൊരിക്കലും തീവ്രവാദികളെ സഹായിക്കുന്ന ലഹരി മാഫിയയെ സഹായിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ആവില്ല. ജീവിതത്തിൽ നിരാശ അനുഭവപ്പെടുമ്പോഴാണ് ജിവിതം വ്യർത്ഥമാണെന്ന് തോന്നുമ്പോഴാണ് ഇനിയൊരു വഴിയും മുന്നിലില്ലാ എന്ന അമ്പരപ്പിലാണ് മനുഷ്യൻ ലഹരിക്ക് അടിമപ്പെടുന്നതെന്ന് ചിലർ വിചാരിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു ആരുടെ ജീവിതത്തിനാണ് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തത്. ആർക്കാണ് ഉയർന്ന ചിന്താഗതി ഇല്ലാത്തത്. ശൂന്യതയുള്ളിടത്താണ് ലഹരിക്ക് പ്രവേശിക്കാൻ എളുപ്പം.
ലഹരിയിൽ നിന്ന് രക്ഷ നേടണമെങ്കിൽ, നിങ്ങളുടെ മക്കളെ രക്ഷിക്കണമെങ്കിൽ അവരെ ലക്ഷ്യബോധമുള്ളവരാക്കണം. എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹം ഉള്ളവരാക്കണം. സ്വപ്നം കാണാൻ കഴിവുള്ളവരാക്കണം. പിന്നെ മറ്റൊന്നിനോടും മനസ്സിൽ ഇഷ്ടമുണ്ടാവുകയില്ലായെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയും. ലക്ഷ്യം നേടാനുള്ള ആഗ്രഹം അവന് സ്വയം ഉണ്ടാകും. തണുപ്പ് കമ്പിളി പുതച്ചു കിടന്നുറങ്ങാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കളിക്കാരാരും ഇങ്ങനെ കിടന്നുയറങ്ങുകയില്ല. രാവിലെ 4, 5 മണിക്ക് അവർ മൈതാനത്ത് എത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. അവരുടെ മനസ്സിൽ അവർ ഉറച്ച തീരുമാനം എടുത്ത് കഴിഞ്ഞിരിക്കും. അതേപ്പോലെ നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ ലക്ഷ്യബോധമില്ലെങ്കിൽ ഇത്തരം തിന്മകൾക്ക് പ്രവേശിക്കാനുള്ള മാർഗം ലഭിക്കുന്നു. എനിക്ക് ഇന്ന് സ്വാമീ വിവേകാനന്ദന്റെ വാക്കുകൾ ഓർമ്മവരുന്നു. യുവാക്കൾക്ക് എല്ലാം വളരെ യോജിച്ചതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകൾ നിങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ പറയും എന്നെനിക്കറിയാം. സ്വാമി വിവേകാനന്ദൻ പറഞ്ഞു - ''ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിചാരിക്കുക. ആ വിചാരത്തെ ജീവനായി കരുതുക. അതിനെപ്പറ്റിത്തന്നെ വിചാരിക്കുകയും സ്വപ്നം കാണുകയും ചെയ്യുക. ആ വിചാരത്തെ ജീവിതത്തിലേക്ക് കൊണ്ടു വരിക. നിങ്ങളുടെ ബുദ്ധിയിൽ മാംസപേശികളിൽ ഞരമ്പുകളിൽ എന്നുവേണ്ട ശരീരത്തിലെ ഓരോ ഭാഗത്തും ആ വിചാരം ഉണ്ടാവുകയും മറ്റു വിചാരങ്ങളെയെല്ലാം ഒഴിവാക്കുകയും ചെയ്യുക.'' സ്വാമീ വിവേകാനന്ദന്റെ ഈ വാക്കുകൾ ഓരോ യുവമനസ്സിനും വളരെ സഹായകരമായിരിക്കും. അതുകൊണ്ടു യുവാക്കളോട് എനിക്ക് പറയാനുള്ളത് ലക്ഷ്യബോധമുള്ളവരായാൽ പല കാര്യങ്ങളിൽ നിന്നും ലക്ഷ്യം നേടാൻ സാധിക്കും. ചിലപ്പോൾ കൂട്ടുകാരുടെ കൂടെയിരിക്കുമ്പോൾ ഇത് വളരെ ലഘുവായ കാര്യമാണെന്നു തോന്നും. ചിലർക്ക് ഇത് പരിഷ്‌ക്കാരപ്രസ്ഥാവമാണെന്നും തോന്നും. ഇങ്ങനെയുള്ള വിചാരത്താൽ ചിലപ്പോൾ നാം അറിയാതെ ഗൗരവതരമായ രോഗങ്ങളിൽ അകപ്പെടും. ഇത് ലഘുവായ കാര്യവുമല്ല, പരിഷ്‌ക്കാരപ്രസ്ഥാവനയുമല്ല. കാലക്രമേണ ഇത് നാശത്തിലേയ്ക്കുള്ള കാരണമായി തീരുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും ലഹരിയെപ്പറ്റി കൂട്ടുകാർ പ്രശംസിക്കുമ്പോഴോ തമാശകൾ പറയുമ്പോഴോ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുമ്പോൾ അവരോട് അരുതേയെന്ന് പറയാനുള്ള ധൈര്യം കാണിക്കണം. മാത്രമല്ല, അവർ ചെയ്യുന്നത് തെറ്റായ കാര്യമാണെന്നും അനുചിതമായ പ്രവൃത്തിയാണെന്നും പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാവണം.
അച്ഛനമ്മാരോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ഇന്ന് നമുക്കൊന്നിനും സമയം തികയുന്നില്ല. നിത്യവൃത്തിക്കായി നാം നെട്ടോട്ടം ഓടുകയാണ്. ഈ ഓട്ടത്തിനിടയിൽ നമുക്ക് നമ്മുടെ കുട്ടികൾക്കായി നീക്കിവെക്കാൻ നമ്മുടെ പക്കൽ സമയം തികയുന്നുണ്ടോ? അവരുടെ ബൗദ്ധികമായ ഉയർച്ചയുടെ കാര്യം മാത്രമാണ് അവരോട് കൂടുതലും സംസാരിക്കാറുള്ളത്. എത്ര മാർക്ക് കിട്ടി? പരീക്ഷ എങ്ങനെയുണ്ടായിരുന്നു? എന്താണ് കഴിക്കേണ്ടത്? എന്ത് കഴിക്കരുത്? അല്ലെങ്കിൽ എവിടെ പോകണം? എവിടെ പോകരുത് ? എന്നിങ്ങനെ നമ്മുടെ സംസാരം ഇങ്ങനെയൊക്കെയായി ചുരുങ്ങിയിരിക്കുന്നു.നമ്മുടെ കുട്ടികൾക്ക് അവരുടെ മനസ്സ് തുറക്കാൻ എപ്പോഴെങ്കിലും നാം അവസരം കൊടുക്കാറുണ്ടോ. തീർച്ചയായും ഇങ്ങനെയുള്ള അവസരങ്ങൾ കുട്ടികൾക്ക് നൽകുക. ഇങ്ങനെ മനസ്സ് തുറക്കുമ്പോൾ അവരുടെ ചിന്തകൾ, വിചാരങ്ങൾ എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ കുട്ടികളിൽ ദുസ്സ്വഭാവങ്ങൾ പെട്ടെന്ന് ഒരു ദിവസം കടന്നു വരുന്നതല്ല. പതുക്കെപ്പതുക്കെയാണ് ഇവ തുടങ്ങുന്നത്. അവരിൽ ഇങ്ങനെയുള്ള തിന്മകൾ തുടങ്ങുമ്പോൾ വീട്ടിലും വ്യത്യാസങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെ വളരെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടതുണ്ട്. വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാൽ തുടക്കത്തിൽതന്നെ കുട്ടിയെ നമുക്ക് രക്ഷിക്കാൻ കഴിയും. കുട്ടിയുടെ സുഹൃത്തുക്കളെപ്പറ്റിയും വിവരങ്ങൾ അറിഞ്ഞുവെയ്ക്കുന്നത് നന്നായിരിക്കും. ഭൗതികമായ ഉയർച്ചയിലുപരി ആ കുട്ടിയുടെ വിചാരങ്ങൾ, ചിന്തകൾ, സംശയങ്ങൾ, പുസ്തകങ്ങൾ, കൂട്ടുകാർ ഇവയെപ്പറ്റിയൊക്കെ സംസാരിക്കുക. അവൻ മൊബൈൽ ഫോണിൽ എന്തൊക്കെയാണ് ചെയ്യുന്നത്, എങ്ങനെയാണ് അവൻ സമയം ചെലവഴിക്കുന്നത്, ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അച്ഛനമ്മമാർക്ക് ചെയ്യാൻ കഴിയുന്നതു പോലെ ഇക്കാര്യം മറ്റാർക്കും ചെയ്യാനാവില്ല. യുഗങ്ങളായി നമ്മുടെ പണ്ഡിതരായ പൂർവികർ ചില കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. അത് നമ്മൾ മഹത്‌വചനങ്ങളായി കണക്കാക്കുന്നു. നമ്മുടെ നാട്ടിൽ പറയുന്നത്,
''പഞ്ചവർണേഷലാളയേത്
ദശവർഷേണ താഡയേത്
പ്രാപ്‌തേതു ഷോഡഷേ വർഷേ
പുത്രം മിത്രവത് ആചരേത് ''
അർത്ഥമിതമാണ്. അഞ്ചു വയസ്സുവരെ കുട്ടികളെ ലാളിക്കുകയും അവരോട് സ്‌നേപൂർവം പെരുമാറുകയും ചെയ്യുക. പത്തുവയസ്സാകുമ്പോഴേക്കും അവന് അച്ചടക്കമുണ്ടായിരിക്കണം. ബുദ്ധിമതിയായ അമ്മ തെറ്റു ചെയ്ത കുട്ടിയോട് പിണങ്ങി ഒരു ദിവസം മിണ്ടാതിരിക്കുമ്പോൾ അത് കുട്ടിക്ക് ഒരു വലിയ ശിക്ഷയാണ്. വാസ്തവത്തിൽ കുട്ടിയോട് മിണ്ടാതിരിക്കുന്ന അമ്മ തന്നെതന്നെയാണ് ശിക്ഷിക്കുന്നത്. പക്ഷേ, അത് കുട്ടിക്കും ശിക്ഷയായി തീരുന്നു. ഞാൻ ഇന്ന് മുഴുവൻ നിന്നോട് സംസാരിക്കില്ല എന്ന് അമ്മ പറയുമ്പോൾ പത്തു വയസ്സുകാരൻ ദിവസം മുഴുവൻ പരിഭ്രാന്തിയിലാവുന്നു. അവനവന്റെ തെറ്റു തിരുത്തുക തന്നെ ചെയ്യും. കുട്ടിക്ക് 16 വയസ്സാകുമ്പോൾ അവനോട് സുഹൃത്തിനെ പോലെ പെരുമാറണം. നമ്മുടെ പൂർവികർ ഇങ്ങനെയാണ് പറഞ്ഞു തന്നിട്ടുള്ളത്. ഇതു നമ്മുടെ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് വേണ്ടത്.
മരുന്നുവിൽപ്പനക്കാരുടെ കാര്യം തന്നെ നോക്കാം. ചിലപ്പോഴൊക്കെ മരുന്നിന്റെ കൂടെയാണ് ലഹരി പദാർത്ഥങ്ങൾ വരുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരത്തിലുള്ള മരുന്നുകൾ നൽകാൻ പാടില്ല. ചുമയ്ക്കുള്ള മരുന്നുകൾ വരെ ചിലപ്പോൾ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനുള്ള തുടക്കമായി മാറുന്നു. മറ്റു പല കാരണങ്ങളുമുണ്ട്. ഞാൻ അവയെ പറ്റിയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരച്ചടക്കം സ്വീകരിക്കാൻ നമ്മൾ തയ്യാറാവണം. നല്ല വിദ്യാഭ്യാസത്തിനായി ഇക്കാലത്ത് നമ്മുടെ കുട്ടികൾ വിദേശരാജ്യങ്ങളിൽ പ്രവേശനം നേടി ബോർഡിങ്ങിലും ഹോസ്റ്റലുകളിലും ജീവിക്കുന്നു. ഇവയും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനുള്ള അവസരങ്ങളാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതു കൊണ്ട് ഈ വിഷയത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും സുരക്ഷാസേനയും എല്ലാവരും ജാഗരൂകരായിരിക്കണം. ഉത്തരവാദിത്തം ആരുടേതായാലും അതു പാലിക്കാനുള്ള ശ്രമമുണ്ടാകണം. സർക്കാരിന്റെ ഉത്തരവാദിത്വത്തിനുള്ള കാര്യങ്ങൾ സർക്കാർ തന്നെ ചെയ്യണം. അതിനു വേണ്ടിയുള്ളതാകണം നമ്മുടെ പരിശ്രമം.
എനിക്കു വന്ന കത്തുകൾ എല്ലാം തന്നെ വളരെ രസകരമാണ്. വേദനാജനകമായ കത്തുകളും കുറവല്ല. പ്രേരാണദായകങ്ങളായ കത്തുകളും ഇതിൽ പെടുന്നു. അവയെല്ലാം ഞാനിവിടെ പരാമർശിക്കുന്നില്ല. പക്ഷേ, ഒരു മിസ്റ്റർ ദത്ത്, അയാൾ ലഹരിക്ക് അടിമപ്പെട്ട ആളായിരുന്നു. ജയിലിൽ പോയി. അവിടെയും അയാൾക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.ഒരിക്കൽ ജീവിതം മാറിമറിഞ്ഞു. ജയിലിൽ വച്ചു തന്നെ പഠിക്കുകയും പതിയെ അയാളുടെ ജീവിതം പരിവർത്തനപ്പെടുകയും ചെയ്തു. അയാളുടെ കഥ പ്രസിദ്ധമാണ്. 'ഇരോട' ജയിലിൽ ആയിരുന്നു. ഇതുപോലെ പലരുടെയും കഥകൾ ഉണ്ടാകാം. പലരും ഇങ്ങനെ ലഹരിയിൽ നിന്ന് മുക്തരായിട്ടുണ്ട്. മുക്തരാവുക തന്നെ വേണം. അതിനായി പ്രയത്‌നിക്കുകയും വേണം. വരും ദിനങ്ങളിൽ സെലിബ്രിറ്റികളുടെ സഹായം തേടാം. സിനിമാ കലാകാരന്മാർ, കളിക്കാർ, പൊതുപ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ ഇവരുടെയൊക്കെ സഹായത്താൽ ഈ വിഷയം ജനങ്ങളിലെത്തിക്കാം. ജനങ്ങളെ ജാഗരൂകരാക്കാം.
സോഷ്യൽ മീഡിയകളിൽ സജീവമായ ആൾക്കാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് നമ്മൾ എല്ലാവരും ചേർന്ന് ലഹരിവിമുക്ത ഭാരതം എന്ന പേരിൽ തുടർച്ചയായ ഒരു പ്രസ്ഥാനം നടത്തണം. കാരണം ലോകത്തെ അധികം കുട്ടികളും സോഷ്യൽ മീഡിയയുമായി ബന്ധമുള്ളവരാണ്. ലഹരി വിമുക്ത ഇന്ത്യ എന്ന പേരിലുള്ള പരിപാടി മുന്നോട്ടു കൊണ്ടു പോയാൽ ലോകവിഭ്യാഭ്യാസത്തിനുള്ള ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കും. ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനായി നാമെല്ലാം ഏതെങ്കിലും തരത്തിൽ പ്രയത്‌നിക്കണം. ഇതിൽ വിജയിച്ചവർ അതു പങ്കുവയ്ക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇതു പറഞ്ഞത്. ദുഃഖം പങ്കുവയ്ക്കുമ്പോൾ അതു കുറയുമെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ദുഃഖമാണ്. ഞാൻ ഉപദേശിക്കുകയല്ല. ഉപദേശിക്കാൻ ഞാൻ അർഹനുമല്ല. എന്നാൽ എന്റെ ദുഃഖം ഞാൻ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കിൽ ഈ ദുഃഖം അനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരാൻ ആഗ്രഹിക്കുന്നു. ഞാൻ ഉത്തരവാദിത്വത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ ഈ വിഷയത്തിൽ രണ്ടു പക്ഷമുണ്ടാകും. എന്നാൽ എവിടുന്നെങ്കിലും നമുക്ക് തുടങ്ങിയല്ലേ മതിയാകൂ.
ഞാൻ പറഞ്ഞല്ലോ എനിക്കൊരു സന്തോഷം പങ്കുവയ്ക്കാനുണ്ടെന്ന്. അന്ധരായ ക്രിക്കറ്റ് ടീം അംഗങ്ങളെ കാണാൻ കഴിഞ്ഞയാഴ്ച എനിക്കൊരു അവസരം ലഭിച്ചു. അവർ ലോകകപ്പ് നേടിയെത്തിയവരാണ്. ഞാൻ അവരിൽ കണ്ട ഉത്സാഹം, ഉന്മേഷം, ആത്മവിശ്വാസം.........പരമാത്മാവ് നമുക്ക് കണ്ണുകൾ, കാലുകൾ, കൈകൾ എല്ലാം തന്നു. പക്ഷേ, ഇത്തരത്തിലൊരു വൈകാരിക ഭാവം നമുക്കില്ലാതെ പോയി. എന്തൊരുന്മേഷമായിരുന്നു, എന്തൊരാഹ്ലാദമായിരുന്നു. എന്നുവച്ചാൽ എനിക്കു തന്നെ അതു കണ്ടിട്ട് മതിമറന്നു. എനിക്കും ഊർജ്ജം ലഭിച്ചു. ശരിക്കും ഇങ്ങനെയുള്ള മുഹൂർത്തങ്ങൾ ജീവിത്തിൽ ആനന്ദദായകങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയുണ്ട്. ജമ്മു കശ്മീരിന്റെ ക്രിക്കറ്റ് ടീം മുംബൈയിൽ ചെന്ന് മുംബൈ ടീമിനെ തോൽപ്പിച്ചു. ഇതിനെ ഞാൻ ജയം, തോൽവി എന്ന രൂപത്തിലല്ല, മറിച്ച് വേറൊരു രൂപത്തിലാണ് കണ്ടത്. കഴിഞ്ഞ കുറേ കാലം കശ്മീരിന്റെ മൈതാനങ്ങൾ വെള്ളം കൊണ്ടു നിറഞ്ഞു. കശ്മീർ സങ്കടകരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും ഈ ടീം കാണിച്ച ഊർജ്ജസ്വലതയാണ്, മുന്നേറാനുള്ള ആത്മവിശ്വാസമാണ് അവരെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്. അഭൂതപൂർവമായ ഒരു കാഴ്ചയാണിത്. ഇതിലൂടെ കഷ്ടപ്പാടുകൾക്കു നടുവിലും, പ്രതികൂലാവസ്ഥയിലും, പ്രതിസന്ധി ഘട്ടത്തിലും ലക്ഷ്യത്തിലെങ്ങനെ എത്തിച്ചേരാമെന്ന് ജമ്മു കശ്മീരിലെ യുവാക്കൾ കാണിച്ചു തന്നു. അതു കൊണ്ടു തന്നെ ഈ വാർത്ത കേട്ടിട്ട് എനിക്ക് പ്രത്യേകമായൊരാനന്ദവും അഭിമാനവും തോന്നുന്നു. ഞാനെല്ലാ കളിക്കാരെയും
അഭിനന്ദിക്കുന്നു.
ജൂൺ 21 ലോകമെമ്പാടും യോഗാ ദിനമായി ആചരിക്കാൻ രണ്ടു ദിവസം മുൻപ് കൂടിയ ഐക്യരാഷ്ടസംഘടന തീരുമാനിച്ചു. അതിന് അംഗീകാരവും ലഭിച്ചു. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതു വളരെ അഭിമാനകരമായ ആനന്ദമാണുളവാക്കുന്നത്. വളരെ വർഷങ്ങളെടുത്ത് നമ്മുടെ പൂർവികർ ഈ മഹത്തായ പാരമ്പര്യത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഈ സംരംഭത്തിൽ ലോകം ഒന്നു ചേർന്നു. യോഗ വ്യക്തിജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ഒത്തൊരുമിപ്പിക്കാനുള്ള നിമിത്തമായി അതിന്ന് മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയിൽ യോഗയുടെ കാര്യത്തിൽ ഒരേ സ്വരമായിരുന്നു. എനിക്കു കാണാൻ കഴിഞ്ഞത് ഭൂരിപക്ഷം പേരും യോഗയെ അംഗീകരിക്കുന്ന കാഴ്ചയാണ്. 177 രാഷ്ട്രങ്ങൾ പ്രയോജകരായി മാറുകയും ചെയ്തു. മുൻപ് നെൽസൺ മണ്ടേലയുടെ ജന്മദിനം ആഘോഷിക്കണമെന്ന തീരുമാനം വന്നപ്പോൾ 165 രാഷ്ട്രങ്ങൾ അതിന്റെ പ്രയോജകരായി തീർന്നു. അതിനു മുൻപ് അന്തർദ്ദേശീയ ശൗചാലയ ദിനമാചരിച്ചപ്പോൾ 122 രാഷ്ട്രങ്ങളാണ് പ്രയോജകരായി വന്നത്. ഒക്‌ടോബർ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്ന വേളയിൽ 140 രാജ്യങ്ങളാണ് ഒന്നിച്ചത്. ഈയവസരത്തിൽ യോഗയ്ക്ക് 177 രാഷ്ട്രങ്ങൾ പിന്തുണ പ്രഖ്യാപിച്ചപ്പോൾ അത് ലോക റെക്കോർഡ് തന്നെയാണ്. ഇതിന് രാഷ്ട്രങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഭാരതത്തിന്റെ ഈ സങ്കൽപത്തെ ആദരിക്കുകയും ഇതിനെ വിശ്വ യോഗ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. യോഗയുടെ ശരിയായ ക്രിയ ആളുകളിൽ എത്തിക്കുകയെന്നത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചു കൂട്ടാനുള്ള അവസരം ലഭിച്ചു. കഴിഞ്ഞ 50-60 വർഷമായി മുഖ്യമന്ത്രിമാരുടെ യോഗം കൂടുന്ന പതിവുണ്ട്. പക്ഷേ, ഇത്തവണയത് പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു. അതിലുപരിയായി ഇതൊരു സൗഹാർദ്ദ പരിപാടിയുടെ തുടക്കമായിരുന്നു. ഇതിൽ പങ്കെടുത്തവരുടെ കൂടെ ഒരു പേപ്പറോ, പേനയോ, ഫയലോ, ഓഫീസർമാരുടെ അകമ്പടിയോ ഒന്നും ഇല്ലായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും സമന്മാരായിരുന്നു. ഒന്നു രണ്ടര മണിക്കൂറോളം സമൂഹത്തെ കുറിച്ചും ദേശം നേരിടുന്ന പലവിധ വിഷയങ്ങളെ പറ്റിയും വളരെ വിശദമായി ചർച്ച ചെയ്തു. സൗഹാർദ്ദത്തോടെയുള്ള ചർച്ചയായിരുന്നു. എല്ലാവരും മനസ്സു തുറന്ന് സംസാരിച്ചു. ഒരിടത്തും രാഷ്ട്രീയത്തിന്റെ തരിമ്പു പോലുമില്ലായിരുന്നു. എനിക്കിത് ആനന്ദം പ്രദാനം ചെയ്യുന്ന അനുഭവമായിരുന്നു. നിങ്ങളോട് ഇതും ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞയാഴ്ച എനിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാൻ ഒരവസരം ലഭിച്ചു. മൂന്നു ദിവസത്തോളം ഞാനവിടെ തങ്ങി. യുവാക്കളോട് എനിക്ക് പ്രത്യേകിച്ച് പറയാനുള്ളത്, നിങ്ങൾക്ക് താജ് മഹൽ കാണണമെന്നുണ്ടെങ്കിൽ, അല്ലെങ്കിൽ സിംഗപ്പൂർ, അതുമല്ലെങ്കിൽ ദുബായ് കാണണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നു, കൂട്ടുകാരെ ആദ്യം പ്രകൃതിയെ കാണുക. ഈശ്വരന്റെ പ്രകൃതിരൂപം ദർശിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ വടക്കു കിഴക്കൻ ദേശത്ത് പോവുക. ഞാനും പോകുമായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന നിലയിൽ പോയപ്പോൾ അവിടുത്തെ ശക്തിയെ തിരിച്ചറിയാൻ ശ്രമിച്ചു. അപാരമായ ശക്തിയുടെ സാധ്യത കൊണ്ടി നിറഞ്ഞിരിക്കുന്നു നമ്മുടെ വടക്കു കിഴക്കൻ ദേശം. അവിടുത്തെ സ്‌നേഹധനരായ മനുഷ്യർ......... വളരെ ശ്രേഷ്ഠമായ അന്തരീക്ഷം. സത്യമായും ഞാൻ അവിടുന്ന് നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത്. ചിലപ്പോഴൊക്കെ ആൾക്കാർ ചോദിക്കാറുണ്ട്, മോദിജി അങ്ങ് തളരുന്നില്ലേ എന്ന്. എന്റെയുള്ളിൽ മുൻപ് എന്തെങ്കിലുമൊക്കെ ക്ഷീണം ഉണ്ടായിട്ടുണ്ടെങ്കിൽ വടക്കു കിഴക്കൻ ദേശത്തു പോയി വരുമ്പോഴേക്കും അതെല്ലാം മാറിയിട്ടുണ്ടാകും.
എനിക്കു ലഭിച്ച ആദരവും സ്വാഗതവും അവിടെയിരിക്കട്ടെ. അവിടുത്തുകാരുമായുള്ള അടുപ്പം എന്റെ മനസ്സിനെ ആഴത്തിലാണ് സ്പർശിച്ചത്. ഇനി നിങ്ങളോട് പറയാനുള്ള ഒരു കാര്യം ഈ മോദിക്ക് മാത്രം അവകാശപ്പെട്ട സ്വകാര്യ ആനന്ദമല്ല, മറിച്ച് ഭാരതത്തിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. നിങ്ങൾ തീർച്ചയായും അത് ആസ്വദിച്ചറിയണം. അടുത്ത തവണ ഞാൻ നിങ്ങളോട് സംസാരിക്കുന്നത് 2015ലായിരിക്കും. 2014ലെ നിങ്ങളോട് സംസാരിക്കുന്ന അവസാന പരിപാടിയാണിത്. എന്റെ വക നിങ്ങൾക്കെല്ലാം ഒരുപാട് ക്രിസ്തുമസ് ആശംസകൾ. ഒപ്പം 2015ലെ പുതുവത്സരാശംസകളും മുൻകൂറായി.
എനിക്ക് ഒരു സന്തോഷം കൂടിയുണ്ട്. പ്രാദേശിക ഭാഷയിലെ റേഡിയോ ചാനലിലൂടെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എന്റെ മൻ കീ ബാത് പരിപാടി അന്നേ ദിവസം രാത്രി എട്ടു മണിക്ക് പ്രാദേശിക ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നുവെന്നതാണ്. എനിക്ക് അറിയാൻ കഴിഞ്ഞത് എന്റെ അതേ ശബ്ദത്തിൽ തന്നെ ചില പ്രാദേശിക ഭാഷകളിൽ എന്റെ പ്രസംഗത്തിന്റെ തർജ്ജിമ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ്. എന്നെ അതിശയിപ്പിച്ചു കളഞ്ഞു. എന്തു വിദഗ്ധമായിട്ടാണ് ആകാശവാണിയിലെ കലാകാരന്മാർ ഈ പരിപാടി അണിയിച്ചൊരുക്കുന്നത്. അവർക്കും എന്റെ അഭിനന്ദനങ്ങൾ. ആളുകളിലേയ്‌ക്കെത്തിക്കാൻ പറ്റുന്ന നല്ലൊരു മാർഗ്ഗമായിട്ടാണ് എനിക്കിതിനെ കാണാൻ കഴിയുന്നത്. വിപുലമായ തോതിൽ കത്തുകൾ വന്നു കൊണ്ടിരിക്കുന്നു. എഴുത്തുകളുടെ ബാഹുല്യവും കത്തയക്കുന്നവരുടെ സൗകര്യവും കണക്കിലെടുത്ത് ആകാശവാണി ഇതിനുവേണ്ടി മാത്രം ഒരു പോസ്റ്റ് ബോക്‌സ് നമ്പർ എടുത്തിട്ടുണ്ട്. അതു കൊണ്ട് നിങ്ങൾക്ക് മൻ കീ ബാതിൽ കത്തയയ്ക്കണമെങ്കിൽ നിങ്ങൾ ഈ പോസ്റ്റ് ബോക്‌സിൽ കത്തയച്ചാൽ മതി.
മൻ കി ബാത്
പോസ്റ്റ് ബോക്‌സ് നമ്പർ 111
ആകാശവാണി, ന്യൂഡൽഹി
ഞാൻ നിങ്ങളുടെ കത്തുകൾ കാത്തിരിക്കുന്നു. നിങ്ങൾക്കറിയില്ല നിങ്ങളുടെ കത്തുകൾ എനിക്ക് എന്തുമാത്രം പ്രേരണയേകുന്നുവെന്ന്. നിങ്ങളുടെ തൂലികയിൽ നിന്ന് വരുന്ന ആശയങ്ങൾ ദേശത്തിന്റെ ഉന്നമനത്തിന് എന്തുമാത്രം സഹായകരമാണ്. ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനി നമ്മൾ വീണ്ടും 2015 ജനുവരിയിലെ ഏതെങ്കിലും ഒരു ഞായറാഴ്ച രാവിലെ 11 മണിക്ക് തീർച്ചയായും ഒന്നിക്കുകയും ഞാൻ നിങ്ങളോട് സംസാരിക്കുകയും ചെയ്യും.