- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർസ്ഥാനാർത്ഥികൾ 'മലിനം',എൽ.ഡി.എഫും യു.ഡി.എഫും തുലയും;വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി ; പ്രസംഗത്തിനെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം: എതിർസ്ഥാനാർത്ഥികളെ മലിനം എന്ന് വിളിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം.
ആറ്റിങ്ങലിൽ നടന്ന ബിജെപി യോഗത്തിലായിരുന്നു വിദ്വേഷ പരാമർശം.'അത്രക്ക് മലിനമാണ് നിങ്ങൾ കാണുന്ന മറ്റ് സ്ഥാനാർത്ഥികൾ. അവരെ സ്ഥാനാർത്ഥികളായി പോലും വിശേഷിപ്പിക്കാൻ താൻ തയ്യാറല്ല. അവർ നിങ്ങളുടെ ശത്രുക്കളാണെങ്കിൽ ആ ശത്രുക്കളെ നിഗ്രഹിക്കാൻ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നൽകി വിജയിപ്പിക്കണം', എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
വോട്ടർമാർ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'നിങ്ങൾ വിചാരിച്ചാൽ അടുത്ത അഞ്ച് വർഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തിൽ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാർഡുകളിലും ബിജെപി ജയിച്ചു വരും. എല്ലാ വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചാൽ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.2015ലെ തെരഞ്ഞെടുപ്പിൽ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗൺസിലിൽ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാൻ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്താൽ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങൾക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം സുരേഷ് ഗോപിയുടെ പ്രസംഗത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാർ പേറുന്നത് എന്നും എതിർ പാർട്ടിയിലുള്ളവരെ സഭ്യമായ ഭാഷയിൽ വിശേഷിക്കാൻ ഇവർക്ക് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപി അടക്കമുള്ളവരെ പ്രചരണത്തിനിറക്കി തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ അട്ടിമറിച്ച് ഇത്തവണ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
മറുനാടന് മലയാളി ബ്യൂറോ