കൊച്ചി:നടി പീഡനത്തിനിരയായ സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ കടുത്തവിമർശനവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. പീഡനത്തിന് ഇരയായി മാനസികമായി തകർന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ ആ കുറിപ്പ് പിൻവലിച്ച് മാപ്പുപറയണമെന്ന് ബൈജു ആവശ്യപ്പെട്ടു.മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ് സലിം കുമാറെന്നും ബൈജു തുറന്നടിച്ചു.

ബൈജു കൊട്ടാരക്കരയുടെ കുറിപ്പ്

സലിം കുമാറിന് , താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകർന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സിൽ പോലും ആലോചിക്കാൻ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്?

സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങൾക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തിൽ കുത്തുന്ന മനസ്സുള്ള താങ്കൾ ഒരു കലാകാരനാണോ. ദേശീയ അവാർഡല്ല ഓസ്‌കാർ നേടിയാലും മനസ്സ് നന്നല്ല എങ്കിൽ അയാളെ ഒരു കലാകാരൻ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങൾ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭൻ. അൽപമെങ്കിലും മനസ്സാക്ഷിയോ ധാർമികതയോ ഉണ്ട് എങ്കിൽ പോസ്റ്റ് പിൻവലിച് ആ കുട്ടിയോട് മാപ്പ് പറയുക.ബൈജു കൊട്ടാരക്കര പറയുന്നു.

കഴിഞ്ഞദിവസമാണ് ദിലീപിനെയും നാദിർഷയെയുംപിന്തുണച്ച് നടൻ സലിംകുമാർ രംഗത്തെത്തിയത്.ദിലീപിന്റെ സ്വകാര്യജീവിതംതകർക്കാൻ ചലച്ചിത്ര രംഗത്തുള്ള ചിലർ ചേർന്ന് ഏഴു വർഷംമുമ്പ് തയ്യാറാക്കിയ തിരക്കഥയുടെ ക്‌ളൈമാക്‌സ് റീൽ ആണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു സലിംകുമാറിന്റെ അഭിപ്രായം.കൂടാതെ പീഡനത്തിനിരയായ നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സലിംകുമാർ ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെയാണ് ഇപ്പോൾ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിക്കുന്നത്.