- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികളുടെ ആനുകൂല്യം ട്രേഡ് യൂണിയന്റെ പേരിൽ ചിലർ തട്ടിയെടുക്കുന്നു എന്ന ആരോപണം പരിശോധിക്കണം; കണ്ണൻ ദേവൻ ടാറ്റയുടെ തട്ടിപ്പു കമ്പനി; ഇടനിലക്കാർ അടിച്ചെടുക്കുന്നതു ലക്ഷങ്ങൾ: വി എസിന്റെ മൂന്നാർ പ്രസംഗത്തിന്റെ പൂർണ രൂപം
മൂന്നാറിലെ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തോട്ടം തൊഴിലാളികൾ കഴിഞ്ഞ ഒമ്പതു ദിവസമായി ചരിത്രം സൃഷ്ടിച്ച ഒരു സമരരംഗത്താണ്. ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവർ സമരം ചെയ്യുന്നത്. കെ ഡി എച്ച് പി കമ്പനി ഏകപക്ഷീയമായി 19ൽ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച ബോണസ് പുനഃസ്ഥാപിക്കുകയും, അത് 20 ശതമാനമാക്കി നൽകുകയും ചെയ്യുക, ദിവ
മൂന്നാറിലെ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തോട്ടം തൊഴിലാളികൾ കഴിഞ്ഞ ഒമ്പതു ദിവസമായി ചരിത്രം സൃഷ്ടിച്ച ഒരു സമരരംഗത്താണ്. ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവർ സമരം ചെയ്യുന്നത്. കെ ഡി എച്ച് പി കമ്പനി ഏകപക്ഷീയമായി 19ൽ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച ബോണസ് പുനഃസ്ഥാപിക്കുകയും, അത് 20 ശതമാനമാക്കി നൽകുകയും ചെയ്യുക, ദിവസക്കൂലി 232ൽ നിന്ന് 500 രൂപയായി വർധിപ്പിക്കുക എന്നിവയാണ് തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
കമ്പനി മാനേജിങ് ഡയറക്ടർ പറയുന്നത് ഈ കമ്പനിയുടെ 98 ശതമാനം ഓഹരിയും തൊഴിലാളികളുടേതാണെന്നാണ്. അതുകൊണ്ട് 5 കോടി മാത്രം ലാഭമുള്ള കമ്പനിക്ക് 20 ശതമാനം ബോണസ് കൊടുക്കാൻ കഴിയുകയില്ലെന്നാണ്. സത്യം ഇതിൽ നിന്നും കാതങ്ങൾ ദൂരെയാണ്. തൊഴിലാളികളുടെ പേരെഴുതി വച്ച് ടാറ്റയുടെ പിണിയാളുകൾ നടത്തുന്ന ഒരു തട്ടിപ്പ് കമ്പനിയാണ് കണ്ണൻ ദേവൻ കമ്പനി. ഇതിന്റെ മാനേജ്‌മെന്റ് പ്രതിനിധിയായി തൊഴിലാളിയെ തെരഞ്ഞെടുക്കുന്നതും മാനേജ്‌മെന്റാണ്. ഇവർ പടച്ചുവയ്ക്കുന്ന കണക്കുകളാണ് കമ്പനിയുടെ ലാഭനഷ്ടം തീരുമാനിക്കുന്നത്. മൂന്നാറിലെ തേയിലയാണ് ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള തേയില. കമ്പനി ഉൽപാദിപ്പിക്കുന്ന തേയിലയുടെ സിംഹഭാഗവും ഇവർ വിൽക്കുന്നത് ടാറ്റായ്ക്കാണ്. കിലോയ്ക്ക് 64 രൂപയ്ക്ക് ഈ കമ്പനിയിൽ നിന്നും വാങ്ങുന്ന തേയില, ടാറ്റ വിൽക്കുന്നത് 264 രൂപയ്ക്കാണ്. ഇതാണ് ഇതിന്റെ പുറകിലുള്ള കള്ളക്കളി. പിന്നെ എങ്ങനെ ഈ കമ്പനി ലാഭമുണ്ടാക്കും?
ആയിരക്കണക്കിന് തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ വേണ്ടിയാണ് മഞ്ഞും, വെയിലും, മഴയും സഹിച്ച് ഈ തെരുവീഥികളിൽ തമ്പടിച്ചിട്ടുള്ളത്. ഈ മിതമായ ആവശ്യങ്ങൾ ഉടൻ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനും മൂന്നാറിനെ സമാധാനപരമായ അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സർക്കാർ ഉടൻ നടപടിയെടുക്കണം. കെ ഡി എച്ച് പി കമ്പനിയെ നിലയ്ക്ക് നിർത്താനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. മൂന്നാറിനെ കലുഷമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രമിക്കുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ല. കമ്പനി മാനേജർമാർ ലക്ഷങ്ങൾ ഈയിനത്തിൽ വാങ്ങുമ്പോൾ, പാവപ്പെട്ട തൊഴിലാളികൾക്ക് കിട്ടുന്നത് തുച്ഛമായ കാശാണ്. ഇവർ ആവശ്യപ്പെടുന്ന പത്തുശതമാനം വർദ്ധന എന്നത് മൂവായിരം മൂവായിരം രൂപയ്ക്ക് താഴെയാണ് എന്നതാണ് സത്യം. എന്നുമാത്രമല്ല, മാനേജർമാരും, ഉയർന്ന ഉദ്യോഗസ്ഥരും 10 ലക്ഷം വരെ ഡിവിഡന്റ് വാങ്ങിയപ്പോൾ തൊഴിലാളികൾക്ക് കമ്പനി നൽകിയത് വെറുമൊരു ചോറ്റുപാത്രമായിരുന്നു. ഇത് കാടത്തം നിറഞ്ഞ വിവേചനമാണ്. എന്നിട്ടും ഇവർ പറയുന്നത് കമ്പനി ഈ തൊഴിലാളികളുടേത് ആണെന്നാണ്. അതുപോലെ, പറമ്പിൽ സാധാരണ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പോലും എഴുന്നൂറും എണ്ണൂറും രൂപ കൂലി ലഭിക്കുമ്പോഴാണ് ഇവിടത്തെ തൊഴിലാളികൾക്ക് 232 രൂപ ദിവസക്കൂലി നൽകുന്നത്. അതും സ്വന്തം ആരോഗ്യവും, ജീവിതവും പണയപ്പെടുത്തി എടുക്കുന്ന ജോലിക്കാണ് ഇത്രയക്ക് തുച്ഛമായ കൂലി നൽകുന്നത്.
രാവിലെ കൊടുംമഞ്ഞിൽ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെ തോളിൽ 70 കിലോയിലധികം ഭാരം ചുമന്നാണ് സ്ത്രീതൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നത്. ഈ പാവപ്പെട്ടവർക്ക് എഴുന്നൂറോ, എണ്ണൂറോ രൂപ ഡിമാന്റ് ചെയ്യാമായിരുന്നിട്ടും, തൊഴിലാളികൾ 500 രൂപയേ ആവശ്യപ്പെടുന്നുള്ളൂ എന്നോർക്കണം. അതുപോലും നൽകുകയില്ല എന്നുപറഞ്ഞാൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
1971ലെ കെ.ഡി.എച്ച്. ആക്ട് പ്രകാരം ഈ പഞ്ചായത്തിലെ മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കിയതാണ്. പിന്നീട് കമ്പനിയുടെ അപേക്ഷ പരിഗണിച്ച്, ലാന്റ്‌ബോർഡ് കമ്പനിക്ക് അമ്പത്തി ഏഴായിരം ഏക്കർ സ്ഥലം കൺസഷൻ ലാന്റായി നൽകുകയായിരുന്നു. ഈ അമ്പത്തി ഏഴായിരത്തിൽ, പതിനാറായിരം ഏക്കർ തൊഴിലാളികളുടെ പാർപ്പിട ആവശ്യത്തിനും, അവരുടെ കന്നുകാലികൾക്ക് മേയാനുള്ള സ്ഥലത്തിനും വേണ്ടിയാണ് സർക്കാർ വിട്ടുനൽകിയത്. ഇങ്ങനെ പതിനാറായിരം ഏക്കർ തൊഴിലാളികളുടെ പേരിൽ നേടിയെടുത്ത ശേഷവും, തൊഴിലാളികൾ താമസിക്കുന്നത് കന്നുകാലിക്കൂടിന് സമാനമായ ലയങ്ങളിലാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവരുടെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുകയും, അധികഭൂമി സർക്കാർ ഏറ്റെടുക്കുകയും, അതോടൊപ്പം, ഇവർക്ക് നൽകിയിരിക്കുന്ന ഭൂമി, നൽകിയിരിക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടിയാണോ വിനിയോഗിക്കുന്നത് എന്നു പരിശോധിക്കുകയും ചെയ്യുക എന്നത് ലക്ഷ്യമിട്ടിരുന്നു. ഇതനുസരിച്ച് പതിനേഴായിരം ഏക്കർ അധിക ഭൂമി സർക്കാർ ഏറ്റെടുത്ത് വനഭൂമിയായി നോട്ടിഫൈ ചെയ്തു. ഇവരുടെ കൈവശമുള്ള ഭൂമി അളന്ന് അമ്പത്തി ഏഴായിരത്തിൽ അധികമുള്ളത് തിരിച്ചെടുക്കേണ്ടതുണ്ട്.
അതുപോലെ തൊഴിലാളികൾക്കായി നൽകിയ പതിനാറായിരം ഏക്കർ അവരുടെ പാർപ്പിടാവശ്യത്തിനും, അനുബന്ധ സൗകര്യങ്ങൾക്കും വിനിയോഗിക്കേണ്ടതുണ്ട്. ഇതായിരുന്നു എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവച്ച നവീന മൂന്നാർ എന്ന ആശയം. ഈ സർക്കാർ ആ പദ്ധതി അപ്പാടെ അട്ടിമറിക്കുകയും, കയ്യേറ്റക്കാർക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുക്കുകയുമാണ് ചെയ്തത്.
എൽ.ഡി.എഫ് സർക്കാരിന്റെ നടപടികളെ ഭരണകൂടഭീകരത എന്നാണ് അന്ന് യു.ഡി.എഫ് ആക്ഷേപിച്ചത്. യുഡി.എഫിന്റെ ഈ നിലപാടാണ് ഇന്ന് തൊഴിലാളികളെ തെരുവിലിറക്കിയത്. അടുത്ത തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇത് നടപ്പിലാക്കുക തന്നെ ചെയ്യും.
ആരോഗ്യത്തിന് ഹാനികരമായ തൊഴിൽസാഹചര്യത്തിലാണ് ഇവിടത്തെ തൊഴിലാളികൾ പണിയെടുക്കുന്നത്. അതുകൊണ്ട് അവർക്ക് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ബാധ്യത കമ്പനിക്കാണ്. പ്ലാന്റേഷൻ ലേബർ ആക്ട് ബാധകമായ ഈ കമ്പനി, ജീവനക്കാരുടെ എല്ലാ ചികിത്സാസൗകര്യവും ഏറ്റെടുക്കാൻ നിയമപരമായി ബാധ്യതയുള്ളവരാണ്. ഈ തോട്ടങ്ങളിൽ ഇ.എസ്.ഐ. ബാധകമല്ല. അതുകൊണ്ട് മറ്റ് തൊഴിലാളികൾക്ക് കിട്ടുന്ന ചികിത്സാ സൗകര്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ കമ്പനിയാകട്ടെ ഇവർക്ക് യാതൊരു ചികിത്സാ സൗകര്യവും നൽകുന്നുമില്ല.
അതുപോലെ തന്നെ അവർക്ക് ശുചിത്വവും വൃത്തിയുമുള്ള പാർപ്പിടങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിന് കമ്പനിക്ക് ബാധ്യതയുണ്ട്. ഇവയൊന്നും അവർ ചെയ്യുന്നില്ല. പകരം മാനേജ്‌മെന്റിനും, അവരുടെ പാർശ്വവർത്തികളായ ആളുകൾക്കും വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബംഗ്ലാവുകൾ പണിയുന്നതിനും, അതിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും, പതിനായിരക്കണക്കിന് രൂപ ശമ്പളം കൊടുത്ത് ഇവർക്കുവേണ്ടി സിൽബന്ധികളെ നിയമിക്കുന്നതിനുമാണ് കമ്പനിക്ക് താൽപര്യം. ഇക്കാര്യത്തിലും അടിയന്തിര തീരുമാനം ഉണ്ടാകണം.
മൂന്നു വർഷത്തിലൊരിക്കൽ കൂലി പരിഷ്‌കരിക്കാനുള്ള നടപടിയും കർശനമായി പാലിക്കണം. ഈ സർക്കാർ അതിന് തയ്യാറായിട്ടില്ല. പുതിയ കൂലി നടപ്പാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സമാനമായ തൊഴിൽ സാഹചര്യങ്ങളിലുള്ളവരുടെ വേതനഘടനയുമായി പൊരുത്തപ്പെടുന്ന നിലയിലായിരിക്കണം ഇവരുടെ കൂലി പരിഷ്‌കരിക്കേണ്ടത്. ഇതിനുള്ള മനുഷ്യത്വപൂർണമായ സമീപനം സ്വീകരിക്കാൻ സർക്കാരും കമ്പനിയും തയ്യാറാകണം.
തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ട്രേഡ്‌യൂണിയനുകളുടെ പേരു പറഞ്ഞ്് ചിലർ തട്ടിയെടുക്കുന്നതായി തൊഴിലാളികൾക്ക് ആക്ഷേപമുണ്ട്. ഇത് അതീവഗൗരവമുള്ള കാര്യമാണ്. ഇത് പരിശോധിക്കുകയും പരിഹരിക്കുകയും വേണം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളും ആനുകൂല്യങ്ങളും താഴിലാളികൾക്കു തന്നെ ലഭിക്കുന്നു എന്നുറപ്പാക്കാൻ കഴിയണം. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണം. ഇല്ലെങ്കിൽ കമ്പനിക്കെതിരെ നടപടി എടുക്കണം.
ഇവിടത്തെ തൊഴിലാളികളുടെ സമരത്തോട് ഞങ്ങളെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. തൊഴിലാളികളുടെ ഭാഗത്താണ് ന്യായവും സത്യവുമുള്ളത്. അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കുമെന്ന് ഉറപ്പാണ്. തൊഴിലാളികളുടെ ക്ഷമ ഇനിയും പരീക്ഷിക്കാതെ ന്യായമായ ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാരും കമ്പനിയും ഉടൻ തയ്യാറാകണം എന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്.
ഇതു സംബന്ധിച്ച് സർക്കാരും കമ്പനിയും തീരുമാനമെടുക്കുന്നിടം വരെ ഞാനീ സമരക്കാരുടെ കൂടെ തന്നെ ഇരിക്കുന്നതാണ്.. ഇരിക്കുന്നതാണ്... ഇരിക്കുന്നതാണ്...... എന്നു നിങ്ങളെ അറിയിക്കുകയാണ്.