മാനിൽ നിരത്തുകളിൽ അമിത വേഗത പായുന്ന വാഹനങ്ങൾ സാധാരണ കാഴ്ചയായി മാറുന്നതിനാൽ പിഴ വർദ്ധിപ്പിക്കണമെന്ന് റോഡ് സുരക്ഷാ പ്രവർത്തകർ ആവശ്യപ്പെടുന്നു. അമിത വേഗതയിൽ വാഹനമോടിക്കുന്നവരിൽ നിന്നും ഏറ്റവും കുറവ് പിഴ ഈടാക്കുന്ന രാജ്യമാണ് ഒമാൻ. ഈ നിയമം മാറ്റണമെന്നും ഇവർക്കുള്ള പിഴ തുക വർധിപ്പിക്കണമെന്നുമാണ് റോഡ് സുരക്ഷാ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

മണിക്കൂറിൽ 15നും 35നും കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നവരിൽ നിന്ന് വെറും പത്ത് റിയാലും 35നും 50നും ഇടയിൽ കൂടുതലാകുന്നവർക്ക് 15 റിയാലുമാണ് നിലവിൽ പിഴ ഈടാക്കുന്നത്. 50 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വണ്ടിയോടിക്കുന്നവരിൽ നിന്നും 35 റിയാലും ഈടാക്കുന്നുണ്ട്. ഈ പിഴ വർദ്ധിപ്പിക്കണമെന്നാണ് റോഡ് സുരക്ഷാ പ്രവർത്തകരുടെ ആവശ്യം. പിഴ വർദ്ധിപ്പിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകുമെന്നും വേഗത കുറയ്ക്കുമെന്നും ഇവർ പറയുന്നു.

അതേസമയം യുഎഇയിൽ 400 മുതൽ ആയിരം വരെ ദിർഹമാണ് പിഴയായി ഈടാക്കുന്നത്. അതായത് 42 ഒമാൻ റിയാൽ മുതൽ 104 വരെ. സൗദി അറേബ്യയിൽ മുന്നൂറ് മുതൽ 900 റിയാൽ വരെയും ഈടാക്കുന്നു. ഖത്തറിൽ അഞ്ഞൂറ് മുതലാണ് പിഴ തുടങ്ങുന്നത്. ബഹ്റൈനിൽ അമ്പത് മുതൽ അഞ്ഞൂറ് വരെ ദിനാർ ഈടാക്കുന്നു. കുവൈറ്റിൽ നാൽപ്പത് മുതൽ 100 വരെയാണ് പിഴ. മറ്റ് രാജ്യങ്ങളിൽ വർദ്ധിക്കുന്ന ഓരോ പത്ത് കിലോമീറ്ററിനും പിഴ ഈടാക്കുന്നുണ്ട്.

വാഹനത്തിന്റെ വേഗത കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നതിനും മൊബൈൽ ഉപയോഗിക്കുന്നതിനുമുള്ള പിഴ വർദ്ധിപ്പിക്കണമെന്നും നിർദേശമുണ്ട്. അതേ സമയം ജനങ്ങളെ കൂടുതൽ ബോധവത്ക്കരിക്കുകയാണ് വേണ്ടതെന്ന് പൊതു ജനാഭിപ്രായങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ കൊല്ലം രാജ്യത്ത് 3411 അമിത വേഗക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമിത വേഗം മൂലം 1728 പേർക്ക് പരിക്കേൽക്കുകയും 383 പേർ മരിക്കുകയും ചെയ്തതായി കണക്കുകളും വെളിപ്പെടുത്തുന്നു.