സിംഗപ്പൂർ: 2019-ഓടെ പ്രൈമറി സ്‌കൂളിനു സമീപത്തുള്ള റോഡുകളിൽ 40 കിലോമീറ്റർ സ്പീഡ് ലിമിറ്റ് പദ്ധതി നടപ്പാക്കുമെന്ന് റിപ്പോർട്ട്. സ്‌കൂൾ തുടങ്ങുന്ന സമയത്തും വിടുന്ന സമയത്തുമാണ് റോഡുകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധി നിശ്ചയിക്കുന്നത്.

രാജ്യത്തുള്ള 187 പ്രൈമറി സ്‌കൂളുകളിൽ 170-ൽ പരം പ്രൈമറി സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കും. ഇതുസംബന്ധിച്ചുള്ള പൈലറ്റ് പ്രോഗ്രാം കഴിഞ്ഞ ജനുവരിയിൽ പത്തു സ്‌കൂളുകളിൽ പ്രാവർത്തികമാക്കി. പ്രൈമറി സ്‌കൂൾ പരിസരത്ത് 40 കിലോമീറ്റർ വേഗപരിധിയെന്നത് നടപ്പാക്കാൻ പറ്റുമെന്നത് തെളിയിച്ച കാര്യമാണെന്നും ഇതിന് പൊതുജനങ്ങളിൽ നിന്ന് മെച്ചപ്പെട്ട പ്രതികരണമാണ് ലഭിച്ചതെന്നും എൽടിഎ വക്താവ് വെളിപ്പെടുത്തി.

സ്‌കൂളുകൾക്കു സമീപം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വേഗപരിധി നിശ്ചയിക്കുന്നതു കൂടാതെ റോഡുകൾക്ക് ചുവന്ന നിറം നൽകുക, ഹമ്പുകൾ പിടിപ്പിക്കുക തുടങ്ങിയ സുരക്ഷാ സന്നാഹങ്ങൾ പ്രൈമറി സ്‌കൂളുകൾക്കു സമീപമുള്ള റോഡുകളിൽ നടപ്പാക്കും. 2013-ൽ ടാംപൈൻസിൽ വച്ച് ഒരു സിമന്റ് മിക്ചർ ട്രാക്ക് ഇടിച്ച് സഹോദരങ്ങളായ രണ്ട് ആൺകുട്ടികൾ മരിച്ചതിനെ തുടർന്നാണ് സ്‌കൂൾ പരിസരങ്ങളിൽ റോഡ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്.