ദോഹ: പഴയതു പോലെ ദോഹ ഹൈവേയിലൂടെ ചീറിപ്പാഞ്ഞാൽ ട്രാഫിക് പൊലീസ് പിടികൂടുമെന്ന് ഓർക്കുക. ദോഹ ഹൈവേയിലെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചുകൊണ്ട് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. മുമ്പ് മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നതാണ് 80 ആയി കുറച്ചത്.

സ്പീഡ് ലിമിറ്റ് ചുരുക്കിയത് വാഹനഉടമകളിൽ നിന്നും പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പീഡ് ലിമിറ്റ് കുറച്ചതെങ്കിലും ഇത് ഗതാഗതക്കുരുക്കിന് വഴി തെളിക്കുമെന്ന് വാഹനഉടമകൾ പറയുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത ഈ മേഖലയിൽ വൻ അപകടങ്ങൾക്കു വഴിതെളിച്ചിരുന്നുവെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. കാറുകൾ ഒന്നിനുപിന്നാലെ മറ്റൊന്നായി ഇടിച്ചുകൊണ്ടുള്ള കൂട്ട അപകടങ്ങൾ ഇവിടെ പതിവായതിനെത്തുടർന്നാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ തീരുമാനമായത്.

എന്നാൽ സ്പീഡ് ലിമിറ്റ് കുറച്ചത് താത്ക്കാലിക നടപടിയാണെന്നും തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും അപകടങ്ങളും പഠിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ തീരുമാനത്തിൽ നിരാശാജനകമാണെന്നും ഇതിൽ അത്ഭുതപ്പെടുന്നുവെന്നും നിവാസികൾ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്പീഡ് ലിമിറ്റ് വർധിപ്പിക്കുമെന്നാണ് കരുതിയിരുന്നെന്നും അവർ പറയുന്നു.

അതേസമയം ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ തീരുമാനം വാഹനഉടമകളിൽ നിന്ന് കൂടുതൽ പിഴ ഈടാക്കാനുള്ള തന്ത്രമാണെന്നും ആരോപിക്കുന്നവരുണ്ട്. വാഹന ഉടമകളെ നേരത്തെ അറിയിക്കാതെ നടപ്പാക്കുന്ന ഇത്തരം പരിഷ്‌ക്കാരങ്ങളെ തുടർന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കൂടുതൽ പണം പിഴ ഇനത്തിൽ വന്നെത്തിച്ചേരുമെന്നാണ് ഇവർ ആരോപിക്കുന്നത്.