ദുബായ്: നിരത്തുകളിലൂടെ പായുന്ന വാഹനങ്ങൾക്ക് തടയിടാൻ ഉറച്ച് ഫെഡറൽ ട്രാഫിക് കൗൺസിൽ. നിർദിഷ്ട വേഗപരിധിയേക്കാൾ മണിക്കൂറിൽ 50 കിലോമീറ്റർ അധികവേഗത്തിൽ പായുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന നിർദേശമാണ് ട്രാഫിക് കൗൺസിൽ ഇറക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് വാഹനങ്ങളുടെ പാച്ചിലിന് തടയിടാൻ ഒരുങ്ങുന്നത്.

എല്ലാ രണ്ടുകിലോമീറ്ററിലും റഡാർ സ്ഥാപിക്കുന്നതിനും ട്രക്ക് ഡ്രൈവർമാർ മണിക്കൂറിൽ എത്ര വേഗത്തിൽ ഓടുന്നു എന്ന് മനസിലാക്കുന്നതിനുള്ള റീഡറുകളും സ്ഥാപിക്കണമെന്ന് പുതിയ നിർദേശത്തിലുണ്ട്. ട്രക്ക് ഡ്രൈവർന്മാർക്ക് വിശ്രമിച്ച് വാഹനം ഓടിക്കാനുള്ള സമയം എത്രയാണെന്നും മറ്റും ഇതിലൂടെ അറിയാൻ സാധിക്കും.

റോഡുകളിൽ നിശ്ചയിച്ച വേഗപരിധിയേക്കാൾ 50 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ഡ്രൈവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനുമാണ് ട്രാഫിക് കൗൺസിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലുണ്ടായ അപകടങ്ങൾ വിശകലനം ചെയ്ത ശേഷമാണ് കൗൺസിൽ വേഗതയ്ക്ക് പൂട്ടിടുന്നത്. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളിൽ 40 ശതമാനത്തോളം  അപകടങ്ങൾ നടന്നത് ഹൈവേകളിലാണ്.  25 ശതമാനത്തോളം അപകടമരണങ്ങൾ ഉണ്ടായത് കാൽനടക്കാർക്കു മേൽ വാഹനം പാഞ്ഞുകയറിയതാണ്. ട്രക്ക് ഡ്രൈവർമാർ മുഖേന 15 ശതമാനം മരണങ്ങളും അഞ്ചു ശതമാനം അപകടമരണം മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവരും മുഖേനായാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് അമിത വേഗത മൂലമാണ്. 70 ശതമാനം.

ഇരുചക്ര വാഹന ലൈസൻസ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി  പതിനെട്ടാക്കുക, ചരക്കുവാഹനങ്ങൾക്കു വിവിധ എമിറേറ്റുകളിലെ റോഡുകളിൽ പ്രവേശിക്കാനുള്ള നിരോധനം ഏകീകരിക്കുക, വഴിമധ്യേ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും ഡ്രൈവർമാർക്കു വിശ്രമിക്കാനും സൗകര്യമുണ്ടാക്കുക തുടങ്ങിയ നിർദേശങ്ങളും ട്രാഫിക് കൗൺസിൽ മുന്നോട്ടു വച്ചിട്ടുണ്ട്.