രാജ്യത്തെ പ്രധാന റോഡുകളിൽ നിലവിലുള്ള പരാമവധി വേഗത കുറക്കാനും കുറഞ്ഞ വേഗത ഉയർത്താനും യുഎഇ ഫെഡറൽ നാഷനൽ കൗൺസിലിന്റെ നിർദ്ദേശം. പരമാവധി വേഗത കുറക്കുന്നതിനൊപ്പം ബഫർ പരിധി ഒഴിവാക്കാനുള്ള നിർദേശവും കൗൺസിൽ മുന്നോട്ടു വച്ചിട്ടുണ്ട്.

നിലവിൽ യുഎഇയിലെ പ്രധാന റോഡുകളിൽ പരമാവധി വേഗത 120 കി.മീ ആണ്. 20 കി.മീ ബഫറും കൂടി ലഭിക്കുന്നതിനാൽ 140 കിലോമീറ്റർ വരെ വേഗതയിൽ വാഹനമോടിക്കാൻ സാധിക്കും. ഈ ബഫർ പരിധി എടുത്തുകളയുകയും പരമാവധി വേഗത 130 കിലോമീറ്റർ ആയി
നിശ്ചയിക്കുകയും വേണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നതെന്ന് കൗൺസിൽ മേധാവി മേജർ ജനറൽ മുഹമ്മദ് അൽ സഫീൻ പറഞ്ഞു.

അതേസമയം പ്രധാന റോഡുകളിലെ ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിന് കുറഞ്ഞ വേഗത 60 കി.മീറ്ററിൽ നിന്ന് 100 കിലോമീറ്റർ ആയി ഉയർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനങ്ങൾ പിന്നിൽ ഇടിക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് വേഗതാ പുനർനിർണയം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചത്. കുറഞ്ഞതും കൂടിയതുമായ വേഗതകൾ സംബന്ധിച്ച് വലിയ വ്യത്യാസങ്ങൾ നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകും എന്നതിനാലാണ് പരമാവധി വേഗത കുറക്കുന്നതിനൊപ്പം കുറഞ്ഞ വേഗത ഉയർത്താനും നിർദേശിച്ചതെന്ന് മേജർ ജനറൽ മുഹമ്മദ് അൽ സഫീൻ പറഞ്ഞു. 60 കി.മീ വേഗതയിൽ പോകുന്ന വാഹനത്തിന്റെ പിന്നിൽ 120 കി.മീ വേഗത്തിൽ പോകുന്ന വാഹനം സഞ്ചരിക്കുന്നത് അപകട സാധ്യത ഉയർത്തും.