ദോഹ: വേഗപരിധി കുറച്ചത് ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ ദോഹ ഹൈവേയിൽ (ഫെബ്രുവരി 22 സ്ട്രീറ്റ്) വാഹനങ്ങളുടെ വേഗം മണിക്കൂറിൽ നൂറ് കിലോമീറ്ററാക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ദോഹ ഹൈവേയിലെ വേഗം നേരത്തേ നൂറിൽ നിന്ന് എൺപത് കിലോമീറ്ററാക്കിയിരുന്നു.

അപകടം കുറയ്ക്കാനാണ് ഗതാഗതവകുപ്പ് ദോഹ ഹൈവേയിൽ വേഗം കുറയ്ക്കാൻ തീരുമാനമെടുത്തത്. എന്നാൽ നടപടി പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് അന്നേ ഗതാഗത വകുപ്പ് അറിയിച്ചിരുന്നു.

എക്സ്‌പ്രസ് വേയിൽ അപകടം ഉണ്ടായപ്പോഴൊക്കെ ഏഴും എട്ടും വാഹനങ്ങളാണ് അതിൽ പെട്ടിരുന്നത്. ഒരു വാഹനം അപകടത്തിൽ പെട്ടാൽ അതിന് പിന്നാലെ വരുന്ന വാഹനങ്ങളും കൂട്ടിയിടിക്കുന്നത് ഇവിടെ പതിവായിരുന്നു. ഇതിന് പരിഹാരം ആകും വേഗപരിധി കുറയ്ക്കലെന്നാണ് കരുതിയിരുന്നത്.

രാജ്യത്തെ വടക്കുഭാഗത്തുനിന്ന് ദോഹയിലെത്താൻ ഏറെ പേരും ആശ്രയിക്കുന്നത് ദോഹ ഹൈവേയാണ്. വേഗപരിധി കൂട്ടണമെന്ന് വാഹനയാത്രികരും ശൂറാ കൗൺസിലും ആവശ്യപ്പെട്ടിരുന്നു. വേഗപരിധി നൂറുകിലോമീറ്ററാക്കാനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.