ദുബായ്: ദുബായിൽ നിന്ന് അൽഐനിലേക്കുള്ള റോഡിലൂടെ വാഹനവുമായി ചീറി പായുന്നവർ ഒന്ന് കരുതിയിരുന്നൊളൂ. ഏപ്രിൽ ഒന്ന് മുതൽ ഈ റോഡിലെ വേഗപരിധി 120 ൽ 100 ആക്കി വെട്ടിച്ചുരുക്കുകയാണ്.ദുബായ് ആർ.ടി.എ. യുടെയാണ് ഈ തീരുമാനം.

അൽ ഐനിലേക്കുള്ള എമിറേറ്റ്‌സ് റോഡിലെ ഇന്റർചേഞ്ച് മുതൽ ബു കുദ്ര ഇന്റർചേഞ്ച് വരെയാണ് ഈ നിയന്ത്രണം. പൊതുജനാരോഗ്യവും സുരക്ഷിതത്വവും പരിഗണിച്ചാണ് ഈ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ആർ.ടി.എ. ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.. മൈത്ത ബിൻ ഉതായ് അറിയിച്ചു.

റോഡിലെ അപകടങ്ങളുടെ കാരണങ്ങളിൽ പ്രധാനമായത് അതിവേഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേഗം രേഖപ്പെടുത്തുന്ന റഡാറുകളുള്ള സ്ഥലത്ത് അപകടങ്ങളിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും അവർ അറിയിച്ചു.ആർ.ടി.എ നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന റോഡുകൾ കണ്ടത്തെി. ഇതിന് പരിഹാരമായി ഈ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വേഗപരിധി നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

വാഹനങ്ങൾ വേഗപരിധി മറികടക്കുന്നുണ്ടോയെന്ന് കണ്ടത്തൊൻ റോഡുകളിൽ റഡാറുകൾ സ്ഥാപിക്കും. റോഡുകളിൽ പുതിയ വേഗപരിധി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.