ദുബൈ: ഇനി വാഹനം അല്പം കത്തിച്ച് ഷൈൻ ചെയ്യാമെന്ന് വിചാരിക്കുന്നവർ അല്പം കരുതലെടുത്തോളൂ. വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് വേഗത്തിൽ വാഹാനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ ദുബൈ പൊലീസ് ആലോചിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഫോർ ഓപറേഷൻസ് മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു.

അമിത വേഗതയ്‌ക്കെതിരെ ദുബൈ പൊലീസ് നവംബർ 23 മുതൽ ഡിസംബർ അവസാനം വരെ കാമ്പയിൻ സംഘടിപ്പിച്ച് വരുകയാണ്.  'അമിതവേഗം കൊല്ലുന്നു' എന്ന തലക്കെട്ടിലാണ് ക്യാമ്പെയ്ൻ നടക്കുന്നത്. ഒരുലക്ഷത്തിൽ മൂന്നുപേർ വാഹനാപകടത്തിൽ മരിക്കുന്നു വെന്നാണ് ഇപ്പോഴത്തെ കണക്ക്. 2020ഓടെ വാഹനാപകട മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ.

വേഗപരിധി ലംഘിച്ചോടിയതിനു 14 ലക്ഷത്തിലധികം നിയമലംഘനങ്ങളാണു രേഖപ്പെടുത്തിയത്. നിർദിഷ്ട വേഗപരിധി മറികടന്നു മണിക്കൂറിൽ 11 മുതൽ 80 വരെ വേഗത്തിൽവാഹനങ്ങൾ കുതിച്ചുപാഞ്ഞിട്ടുണ്ട്. സ്വദേശികൾ കഴിഞ്ഞാൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണു നിയമം ലംഘിച്ച് അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെന്നു മേജർ അൽസഫീൻ വെളിപ്പെടുത്തി.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടിയ 761 ഡ്രൈവർമാർ എമിറേറ്റിലുണ്ട്. എമിറേറ്റ്‌സ് റോഡിലൂടെയാണു കൂടുതൽ വാഹനങ്ങളും മരണപ്പാച്ചിൽ നടത്തിയത്. മണിക്കൂറിൽ 120 കി.മീ വേഗപരിധി നിശ്ചയിച്ച റോഡിലൂടെ 385 വാഹനങ്ങളാണ് അമിതവേഗത്തിനു നിയമലംഘനത്തിൽ കുടുങ്ങിയത്.

വേഗപരിധി മണിക്കൂറിൽ നൂറാക്കി നിജപ്പെടുത്തിയ രാജവീഥിയായ ഷെയ്ഖ് സായിദ റോഡിലൂടെയും 178 വാഹനങ്ങൾ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിലാണ് ഓടിയത്.എമിറേറ്റ്‌സ് റോഡിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടിയത് മണിക്കൂറിൽ 254 കിലോമീറ്ററാണ്.