തിരുവനന്തപുരം: ജി കാർത്തികേയന്റെ മരണത്തോടെ ഒഴിവ് വന്ന സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12ന് നടക്കും. നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 9.30ന് ആയിരിക്കും. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനമിറക്കി. തെരഞ്ഞെടുപ്പിൽ ഡപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.

സ്പീക്കർ മത്സരത്തിന് ഇടതു പക്ഷവും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മന്ത്രിയുമൊക്കെയായിരുന്ന എ കെ ബാലനാണ് സ്ഥാനർത്ഥി. ഭരണമുന്നണിയിലെ വോട്ടുകൾ മാറിയെത്തുമോ എന്ന് പരിശോധിക്കാനാണ് ഇത്. ഏതായാലും യുഡിഎഫിൽ നിന്ന് പുറത്താക്കയി കേരളാ കോൺഗ്രസ് ബിയുടെ ഗണേശ് കുമാറിന്റെ വോട്ട് ഇടതു പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാകും സ്ഥാനാർത്ഥിയെ നിർത്തുക.

ഡപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയെ അടുത്തയാഴ്ച യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കും. ശക്തനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചെന്നും ഈ ആഴ്ച തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇതിനുള്ള വിജ്ഞാപനം ഇറങ്ങിയത്. ഇതോടെ ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കർ ചുമതലയേൽക്കുമെന്നും ഉറപ്പായി.

ശക്തനെ മൽസരിപ്പിക്കാനുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്നലെ രാവിലെയാണു ഹൈക്കമാൻഡിനെ അറിയിച്ചത്. ഉച്ചയോടെ അംഗീകാരവും ലഭിച്ചു. സ്പീക്കർ സ്ഥാനം കോൺഗ്രസിനു തന്നെ നൽകാൻ യുഡിഎഫ് യോഗം ഏകകണ്ഠമായാണു തീരുമാനിച്ചത്. മന്ത്രി കെ.സി. ജോസഫിന്റേതുൾപ്പെടെ പല പേരുകളും പറഞ്ഞുകേട്ടിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ശക്തന്റെ കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു.