മുംബൈ: ബജറ്റ് എയർ ലൈനായ സ്‌പൈസ് ജെറ്റ് കോഴിക്കോട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങുന്നു. നവംബർ 15 മുതൽ ആരംഭിക്കുന്ന സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

സർവീസ് ആരംഭിക്കുന്നതിന്റെ പ്രത്യേക ആനുകൂല്യമായി തുടക്കത്തിൽ 4999 രൂപയാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കോഴിക്കോട്- ദുബായ് സർവീസ് എല്ലാ ദിവസം ഉണ്ടെങ്കിലും അമൃത്സർ- ദുബായ് സർവീസ് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കും.

ഈ രണ്ടു സർവീസുകളും ആരംഭിക്കുന്നതോടെ സ്‌പൈസ്ജറ്റ് സർവീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം എട്ടാകും. ഡൽഹി, മുംബൈ, അഹമ്മദാബാദ്, പൂണെ, കൊച്ചി, മധുരൈ, എന്നിവിടങ്ങളിൽ നിന്ന് നിലവിൽ ദുബായിലേക്ക് സ്‌പൈസ് ജെറ്റ് ദിവസേന സർവീസ് നടത്തുന്നുണ്ട്.  കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗലൂരൂ എന്നിവിടങ്ങളിൽ നിന്ന് കണക്ഷൻ ഫ്‌ലൈറ്റുകളും സ്‌പൈസ്ജറ്റ് സർവീസ് നടത്തുന്നുണ്ട്.