- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്ടൂലിൽ മുഹമ്മദിന് തുണയായത് മലയാളിയുടെ സുമനസ്സ്; നറക്കെടുപ്പിലൂടെ മരുന്ന് കിട്ടിയ പോത്തന്നൂരിലെ സുഹ തോൾഭാഗം നിവർത്തി തുടങ്ങി; 18 കോടിയുടെ ആ മരുന്ന് ഇനി വേണ്ടത് പെരിന്തൽമണ്ണയിലെ ഇമ്രാന്; 'സ്പൈനൽ മസ്കുലർ അട്രോഫി'യിൽ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാകും
കണ്ണൂർ: ഒരു വയസ്സുകാരി സൂഹ സൈനബും ജീവിതത്തിലേക്ക് മടങ്ങി വിരകയാണ്. വലതു കൈമുട്ടു മാത്രം മടക്കാൻ കഴിയുമായിരുന്ന ഒരു വയസ്സുകാരി സൂഹ സൈനബ് ഇപ്പോൾ തോൾഭാഗം ചെറുതായി നിവർത്തുന്നു. 'സ്പൈനൽ മസ്കുലർ അട്രോഫി' (എസ്എംഎ) ബാധിതയായ സൂഹയ്ക്ക് ആശ്വാസമായത് ആ നറക്കെടുപ്പായിരുന്നു.
കണ്ണൂരിലെ പോത്തനൂരിലെ അബ്ദുല്ല-ആയിഷ ഫിർദൗസ് ദമ്പതികളുടെ മകൾക്ക് എസ്എംഎ ടൈപ്പ് 1 ബാധിച്ചതായി കഴിഞ്ഞ ഡിസംബറിലാണു സ്ഥിരീകരിച്ചത്. കണ്ണൂരിലെ മാട്ടൂലിൽ ഇതേ രോഗം ബാധിച്ച മുഹമ്മദിനായി മലയാളികൾ ഒറ്റക്കെട്ടായി സഹായഹസ്തം നൽകിയിരുന്നു. സുമനസുകളുടെ കരുണയിൽ മരുന്നിന് വേണ്ട 18 കോടി പിരിച്ചു കിട്ടി. മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് എന്ന കുരുന്നിനും ഇതേ രോഗമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ചികിൽസയിലാണ് ഇമ്രാൻ. ഇമ്രാന്റെ ചികിൽസയിൽ ഹൈക്കോടതി ഇടപെടെട്ടിട്ടുണ്ട്. ഈ വിധി ഏറെ നിർണ്ണായകമായി മാറും.
പേശികൾക്കു ശക്തിക്ഷയം ബാധിക്കുന്ന എസ്എംഎ രോഗത്തിനു സോൾജെൻസ്മ കുത്തിവയ്ക്കുക മാത്രമാണു പ്രതിവിധി. കോടികൾ വിലവരുന്ന മരുന്നു നറുക്കെടുപ്പു നൽകിയ ഭാഗ്യമാണ് സുഹയ്ക്ക് ലഭ്യമാക്കിയത്. മരുന്ന് സൗജന്യമായി സ്വീകരിച്ച കുട്ടി ഇപ്പോൾ ഫിസിയോ തെറപ്പിയിലൂടെ ജീവിതത്തിലേക്കു തിരികെ വരികയാണ്. എസ്എംഎ ബാധിതയായ സൂഹ ജൂൺ 26നു ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണു സോൾജെൻസ്മ എന്ന വിലയേറിയ മരുന്നു സ്വീകരിച്ചത്.
മരുന്നു കമ്പനി എസ്എംഎ ബാധിതർക്കായി നടത്തിയ നറുക്കെടുപ്പിലൂടെയാണു കുഞ്ഞിനു സൗജന്യമായി മരുന്നു ലഭിച്ചത്. 3 ദിവസമായി ഫിസിയോ തെറപ്പി ചെയ്യുന്നുണ്ട്. രോഗം പൂർണമായും ഭേദമാകാൻ ഒരു വർഷമെടുക്കും. അതുവരെ ദിവസവും മൂന്നോ നാലോ തവണ ഫിസിയോ തെറപ്പി ആവശ്യമാണ്. ജൂലൈ 23നു സൂഹ സൈനബും മാതാപിതാക്കളും പോത്തനൂരിൽ തിരിച്ചെത്തും.
മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് എന്ന കുരുന്നിനും ഇനി മരുന്ന് വേണം. മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററിൽ അനങ്ങാനാകാതെ കിടക്കുകയാണ് ഇമ്രാൻ. ഇമ്രാനു വേണ്ട പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ശ്രമം തുടങ്ങി. മാട്ടൂലിലെ മുഹമ്മദിനു തുണയായ കാരുണ്യത്തിന്റെ കൈകൾ ഇമ്രാനേയും സഹായിക്കാൻ തയ്യാറാണ്.
ഇമ്രാന്റെ സഹോദരൻ നേരത്തേ സമാന രോഗം വന്നു മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു പിതാവ് ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനുള്ള ശേഷിയില്ല. സഹായം തേടി ആരിഫ് നൽകി ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. വെന്റിലേറ്ററിലുള്ള കുട്ടിക്ക് മരുന്ന് കൊടുക്കാൻ കഴിയുമോ എന്നതാണ് മെഡിക്കൽ സംഘം പരിശോധിക്കുന്നത്.
കണ്ണൂരിലെ മാട്ടൂലിൽ ഇതേ രോഗം ബാധിച്ച മുഹമ്മദിനായി മലയാളികൾ ഒറ്റക്കെട്ടായി സഹായഹസ്തം നീട്ടിയതോടെ ഇമ്രാന്റെ കുടുംബവും നാട്ടുകാരും പ്രതീക്ഷയിലാണ്. എംഎൽഎമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവർ വീടു സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. ചികിത്സാ സഹായത്തിനായി മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16320100118821, ഐഎഫ്എസ്സി: എഫ്ഡിആർഎൽ 0001632, ഫോൺ: 8075393563.
മറുനാടന് മലയാളി ബ്യൂറോ