പെരുംമ്പാവൂർ: സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിന്റെ വേരുകൾ നീളുന്നത് തീവ്രവാദ ബന്ധമുള്ള കവർച്ചകേസ് പ്രതികളിലേക്ക്.നിരവധി ഗുണ്ടകൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 2016 ഓഗസ്റ്റിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുംമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദിഖിന്റെ വീട്ടിൽ നിന്നും 60 പവൻ സ്വർണ്ണാഭരണങ്ങളും 25000 രൂപയും കവർച്ച ചെയ്ത കേസ്സിലെ പ്രതികളിലൊരാളായ അനസ്സിന് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് സ്ഥരീകരിച്ചു.

വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ അനസ്സിനൊപ്പം തടയിന്റവിട നസീറിന്റെ കൂട്ടാളി കോഴിക്കോട് സ്വദേശി അബ്ദുൾ ഹാലീമും പൊലീസ് പിടിയിലായിരുന്നു.ഇവരുൾപ്പെടെ എട്ടുപേരെയാണ് ഈ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കർണ്ണാടക പൊലീസ് അറസ്റ്റുചെയ്തിട്ടുള്ള ആലുവ കമ്പനിപ്പടി കോട്ടക്കത്ത് വീട്ടിൽ ഔറംഗ സീബ്(37) പാലക്കാട് ആലത്തൂർ ചുണ്ടക്കാട് കൊക്രാത്താൻ വീട്ടിൽ ഷംനാദ് എന്നിവരുമായും അനസ്സിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

അനസ്സും പിടിയിലായ പ്രതികളും മറ്റുചിലരും ഉണ്ണി കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ ഫോല്റാ ഹോട്ടലിൽ രണ്ട് ദിവസം തങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊലപാതകം ആസുത്രണം ചെയ്യാനായിരുന്നിരിക്കാമെന്നാണ് പൊലീസ് അനുമാനം. ഉണ്ണി ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് കർണ്ണാടകയിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾക്ക് അറിവ് ലഭിച്ചിരുന്നു. ഇവർ ആരെല്ലാമായിരുന്നെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. ഉണ്ണിയെ കാറിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്ന് കുത്തികൊലപ്പെടുത്തി,ജഡം പുഴയിലെറിഞ്ഞെന്നാണ് പിടിയിലായവർ കർണ്ണാടക ഉപ്പനങ്ങാടി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

ഉണ്ണി കൊല്ലപ്പെട്ടതിന് പിന്നാലെ അനസ്സും കൂട്ടാളികളും നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇവരെ പിടികൂടിയാൽ ഉണ്ണിക്കുട്ടന്റെ കൊലയെക്കുറിച്ച് നിർണ്ണായക വിവരഘങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ദക്ഷിണ കർണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിലാണ്് സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ഡ്രൈവറായിട്ടാണ് നാട്ടിൽ ഏറെപ്പേർക്കും ഉണ്ണിയെ പരിചയം. എത്ര ദുർഘടം പിടിച്ച വഴിയിലൂടെയും ടിപ്പർ ഓടിക്കുന്നതിനുള്ള അസാമാന്യ മനക്കരുത്തായിരുന്നു ഈ രംഗത്ത് ഉണ്ണിയുടെ വെറൈറ്റി.

പതിയെ അനധികൃത ഇപടുകൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പത്തിലായി.ഗുണ്ടാ -ക്വട്ടേഷൻ സംഘങ്ങളുമായി ചങ്ങാത്തത്തിലാവുന്നതിന് വഴിതെളിച്ചതും ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ തന്നെ. ആദ്യഘട്ടത്തിൽ പല സംഘങ്ങളിലായിരുന്നു പ്രവർത്തനം. ഇടക്കാലത്ത് സ്വന്തമായി അണികളെ ഒരുക്കി വലൻതുകയ്ക്ക് ആക്രമണങ്ങൾ ഏറ്റെടുത്ത് നടത്തി. വധശ്രമങ്ങളും ക്കും അടിപിടിക്കും ഉണ്ണിയുടെ പേരിൽ കേസുകൾ പെരുകിയത് ഇക്കാലത്താണ്.

മറ്റ് സംഘങ്ങൾ കവർച്ചചെയ്യുന്നതും കടത്തുന്നതുമായ പണവും സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുക്കുന്നതിലായിരുന്നു ഉണ്ണിയും സംഘവും അടുത്തകാലത്ത് ശ്രദ്ധിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. ഹാവാല പണമിടപാടുകാരുടെ നീക്കങ്ങൾ രഹസ്യമായി മനസ്സിലാക്കി ,ഇത് തട്ടിയെടുക്കുന്നതിൽ ഉണ്ണിയും സംഘവും സജീവമായിരുന്നെന്നാണ് പെരുമ്പാവൂർ പൊലീസിന് ലഭിച്ച വിവരം. അടുത്ത കാലത്ത് മംഗലാപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കിട്ടുന്നതുകൊണ്ട് കഴിയുന്നത്ര ആർഭാടത്തിൽ കഴിയുകയായിരുന്നു ഉണ്ണിയുടെ രീതിയെന്നാണ് ഇതുവരെയുള്ള അന്വേണത്തിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം. വെങ്ങോലയിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം. എറാകുളത്തും മലപ്പുറത്തുമുള്ള യുവതികളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് ഉപ്പനങ്ങാടി പൊലീസ് റിപ്പോർട്ട്. കഴുത്തിൽ വേട്ടറ്റ,് ദേഹമാകെ മർദ്ദനമേറ്റ ക്ഷതങ്ങളുമായിട്ടാണ് മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദ്ദേഹം കാണപ്പെട്ടത്. ഷട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കർണ്ണാടക പൊലീസ് സ്ഥിരീകരിച്ചത്.

ഉടൻ ഉപ്പനങ്ങാടി പൊലീസാണ് വിവരം പെരുമ്പാവൂർ പൊലീസിൽ അറിയിച്ചത്. അടിപിടി -കഞ്ചാവ് കടത്ത് തുടങ്ങി ഇയാളുടെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളുണ്ടൈന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇയാൾ സ്പിരിറ്റ് കടത്തൽ കേസിൽ അറസ്റ്റിലായിരുന്നു. ഇതേത്തുടർന്നാണ് സ്പിരിറ്റ് ഉണ്ണിയെന്ന് പേരുവീണത്. കാപ്പ നിയമപ്രകാരം അകത്താക്കാൻ പെരുമ്പാവൂർ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഗുണ്ടാ ലിസ്റ്റിൽപ്പെടുത്തി കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

ഇന്നോവയിലാണ് ഉണ്ണിയും സുഹൃത്തുക്കളും കർണ്ണാടകയിലേക്ക് തിരിച്ചതെന്നും ഈ കാറിൽ വച്ചാണ് ഉണ്ണിയെ കുത്തിക്കൊന്നതെന്നുമാണ് പുറത്തായ വിവരം. കവർച്ച മുതൽ വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരിക്കാം കൊലയ്ക്ക് കാരണമെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കർണ്ണാട പൊലീസ് അന്വേഷണത്തിനായി പെരുമ്പാവൂരിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.