- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകജാലകങ്ങളെല്ലാം കൊറോണ ദുർഭൂതം അടച്ചപ്പോൾ തകർന്നത് മനുഷ്യ മനസ്സുകൾ; അടച്ചിട്ട മുറികളും ഭീതിദമായ അന്തരീക്ഷവും മനുഷ്യമനസ്സുകളെ വിപരീതമായി സ്വാധീനിച്ചുവോ? പ്രേതങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലോക്ക്ഡൗൺ കാലത്ത് വർദ്ധിച്ചവെന്ന് മനഃശാസ്ത്രജ്ഞർ; സത്യമോ മിഥ്യയോ?
ദേവതകളും അസുരന്മാരും യക്ഷികളുംഗന്ധർവ്വന്മാരും മനുഷ്യരും മൃഗങ്ങളുമൊക്കെ ഒന്നിച്ചു ചേർന്ന് പരസ്പരം സ്നേഹിച്ചും കലഹിച്ചും കഴിയുന്ന കടുനിറക്കൂട്ടുകളിൽ വരച്ചിട്ട കഥകളാണ് ഭാരതീയ ഐതിഹ്യങ്ങളിൽ, പ്രതേകിച്ചും കേരളത്തിൽ പ്രചാരത്തിലുള്ള ഐതിഹ്യങ്ങളിൽ ഏറെയും. കോട്ടയത്തെ വയസ്‌കര യക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ടും അതുപോലെ വെണ്മണി നമ്പൂതിരിമാരുടേയും ഒക്കെ ഐതിഹ്യങ്ങളിലും ഇത്തരത്തിൽ മനുഷ്യരും യക്ഷികളുമായുള്ള പ്രണയവും ലൈംഗിക ബന്ധങ്ങളുമൊക്കെ കാണാം.
സന്യാസിമാരുടേയും സർപ്പങ്ങളുടേയും നാടെന്ന് ഒരുകാലത്ത് പാശ്ചാത്യർ പുച്ഛിച്ചിരുന്ന ഇന്ത്യയിൽ മാത്രമല്ല, ആധുനികതയുടെ മടിത്തട്ടിൽ വിലസുന്ന പാശ്ചാത്യലോകത്തും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറേയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺകാലത്ത് പുറത്തുവന്ന ചില റിപ്പോർട്ടുകളാണ് വീണ്ടും ഇതുപോലുള്ള പ്രേത-ലൈംഗികാനുഭവങ്ങൾ ചർച്ചയാക്കിയത്. ലോക്ക്ഡൗൺ കാലത്ത് പ്രേതങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് അവകാശപ്പെട്ട് നിരവധി പേർ രംഗത്തുവന്നതായി പല മനഃശാസ്ത്രജ്ഞന്മാരും പറയുന്നു. അതിൽ തികച്ചും വ്യത്യസ്തമായ ഒരു സംഭവം ഉണ്ടായത് ന്യുജഴ്സിയിലാണ്.
കാമുകനെ തേച്ച ലിസ എന്ന പ്രേതം
ന്യു ജഴ്സിയിലെ ഗാരി ഡീ നോയിയ എന്ന 36 കാരൻ പറയുന്നത് കഴിഞ്ഞ മൂന്നു വർഷക്കാലത്തിലേറെയായി അയാളും ലിസ എന്ന ഒരു പ്രേതവും തമ്മിൽ അഗാധമായ പ്രണയത്തിൽ ആയിരുന്നു എന്നാണ്. പ്രണയം മാത്രമല്ല, ഒട്ടുമിക്ക രാത്രികളിലും ലിസയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നും അയാൾ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് യഥാർത്ഥത്തിൽ തന്റെ ഏകാന്തതയിൽ ആനന്ദമേകിയത് അവളുടേ സാമിപ്യമായിരുന്നു എന്നും അയാൾ പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് ആദ്യ രണ്ടുമാസങ്ങൾ ഏറെ സന്തോഷത്തോടുകൂടിയാണ് കഴിഞ്ഞുപോയത്. ഓരോ നിമിഷവും ആനന്ദമുണർത്തി ലിസ കൂടെയുണ്ടായിരുന്നു. കൊറോണയെക്കുറിച്ചുള്ള ഭീതി മറക്കാനും അവളുടേ സാമീപ്യം ഏറെ സഹായകരമായതായി അയാൾ പറയുന്നു. എന്നാൽ, രണ്ടു മാസങ്ങൾക്ക് ശേഷം അവൾ ഇടയ്ക്കിടെ അയാളെ വിട്ട് പുറത്തുപോകാൻ തുടങ്ങി. എവിടേയ്ക്കാണ് പോകാറുള്ളതെന്ന് അവൾ പറയാറില്ല. മാത്രമല്ല, താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പഴയ ആവേശമൊന്നും അവൾക്കില്ല എന്നും അയാൾ പറയുന്നു. അവൾ തന്നെ വഞ്ചിക്കുകയാണെന്നാണ് അയാൾ പറയുന്നത്. മറ്റാരുമായോ അവൾ ബന്ധം സ്ഥാപിച്ചിരിക്കുന്നത്രെ!
ഇതോടൊപ്പം വായിക്കാവുന്ന ഒന്നാണ് 300 വർഷം പ്രായമുള്ള പ്രേതത്തെ പ്രേമിച്ച് വിവാഹം കഴിച്ച അയർലൻഡിലെ ഒരു സ്ത്രീയുടേ കഥയും. അവർക്കിടയിലെ ബന്ധം വഷളാകാൻ തുടങ്ങിയപ്പോൾ പ്രേതകാമുകൻ അവരെ വകവരുത്താൻ വരെ ശ്രമിച്ചു എന്നാണ് അവർ പറയുന്നത്. ന്യുസിലാൻഡിൽ നിന്നും സമാനമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
11 വർഷങ്ങളിൽ ലൈംഗിക ബന്ധം പുലർത്തിയത് 20 പ്രേതങ്ങളുമായി
ലോക്ക്ഡൗൺ കാലത്തെ മാനസിക സമ്മർദ്ദങ്ങളും ഭീതിയുമാണ് ഇത്തരത്തിലുള്ള മാനസികാവസ്ഥകൾക്ക് കാരണം എന്ന് പലകോണുകളിൽ നിന്നും വാദമുയരുന്നുണ്ട്. എന്നാൽ അത് പൂർണ്ണമായും ശരിയാണെന്ന് സമ്മതിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അമേതിസ്റ്റ് റീം എന്ന ബ്രിട്ടീഷ് വനിതയുടെ അനുഭവ കഥ. കൊറോണയ്ക്കും ലോക്ക്ഡൗണിനും രണ്ടു വർഷം മുൻപാണ് ഇത് പുറത്തുവന്നത് എന്നതുതന്നെ ലോക്ക്ഡൗൺ മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ എന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നു.
2018-ൽ ഒരു ടി വി ചാനലിലൂടെയാണ് ഇവർ തന്റെ കഥ പുറം ലോകത്ത് എത്തിക്കുന്നത്. ഒരിക്കൽ ഒരു കുറ്റിക്കാട്ടിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് പ്രേതങ്ങളുമായുള്ള ആദ്യ ലൈംഗികാനുഭവം ഉണ്ടായതെന്ന് അവർ പറയുന്നു. ''ഞാൻ പ്രകൃതി ഭംഗി ആസ്വദിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണ് അഭൂതപൂർവ്വമായ ഒരു ഊർജ്ജം എന്നിൽ ഞാൻ അനുഭവിച്ചത്. എന്റെ കാമുകൻ എത്തി എന്ന് ഞാൻ മനസ്സിലാക്കി.'' അവർ പറയുന്നു. അന്ന് ആ കുറ്റിക്കാട്ടിൽ വച്ചായിരുന്നു താൻ ആദ്യമായി ആ പ്രേതവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് അവർ പറഞ്ഞു.
അന്ന് കേവലം 18 വയസ്സായിരുന്നു അമേതിസ്റ്റിന്. ബ്രിസ്റ്റോളിൽ തന്റെ മനുഷ്യകാമുകനായ ആഡമുമൊത്ത് ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസമെന്നും ഇപ്പോൾ സ്പിരിച്വൽ കൺസൾട്ടന്റായി ജോലിചെയ്യുന്ന അമെതിസ്റ്റ് പറയുന്നു. ആദ്യാനുഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്തോ ഒരു നഷ്ടബോധം തോന്നിയത്രെ. പ്രേതങ്ങൾ ഒരിക്കലും അവർ താമസിക്കുന്ന ഇടം വിട്ട് വെളിയിൽ വരില്ലെന്നായിരുന്നു താൻ കരുതിയതെന്നും അവർ പറയുന്നു. എന്നാൽ, പിന്നീട് ആഡം ഇല്ലാതെ താൻ മാത്രം തനിച്ചായിരുന്ന ഒരു രാത്രിയിൽ ആ പ്രേതം തന്നെ തേടിയെത്തിയതായും അവർ പറയുന്നു. അന്നു രാത്രിമുഴുവൻ തന്നെ ആനന്ദസാഗരത്തിൽ ആറാടിച്ച് അവൻ വീടുവിട്ടുപോയത്രെ!
പിന്നീട് ഇത് പതിവായി. ആഡം ഇല്ലാത്ത സമയങ്ങളിലൊക്കെ തന്റെ പ്രേതകാമുകൻ തന്റെയടുത്ത് എത്താറുണ്ടായിരുന്നു. ഒരിക്കൽ നീണ്ട ലൈംഗിക ബന്ധത്തിനൊടുവിൽ ആലസ്യത്തിൽ അർദ്ധനഗ്‌നയായി കിടന്നിരുന്ന സമയത്ത് ആഡം വീട്ടിൽ വന്നുകയറി. താൻ മറ്റാരുമായോ ബന്ധപ്പെടുന്നു എന്ന് സംശയിച്ച് അയാൾ വീടുമുഴുവൻ തിരഞ്ഞെങ്കിലും ആരെയും കിട്ടിയില്ല. എന്നാൽ, അന്നത്തോടെ താനുമായുള്ള ആഡമിന്റെ ബന്ധം അവസാനിച്ചു എന്നും അവർ പറയുന്നു.
പിന്നീട് ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴും ഈ പ്രേതം കൂട്ടിനെത്താറുണ്ടായിരുന്നത്രെ. കുറച്ചു നാളുകൾക്ക് ശേഷം അവൻ വിട്ടുപോയപ്പോൾ മറ്റൊരു പ്രേതം കൂട്ടിനെത്തി. 11 വർഷക്കാലത്തിനിടയിൽ താൻ ഇതുവരെ 20 പ്രേതങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നും അവർ ടി വി ഷോയിൽ പറഞ്ഞു. കാണാനാകില്ലെങ്കിലും കാമുകരുടെ സാന്നിദ്ധ്യം തനിക്ക് അനുഭവവേദ്യമാകുന്നു എന്നാണ് അവർ പറയുന്നത്. ശരീരത്തിനു മുകളിൽ ആരോ കിടക്കുന്നതുപോലെ തോന്നും, ഭാരവും അനുഭവപ്പെടും. മാത്രമല്ല, അവർ നൽകുന്ന രതിമൂർച്ഛ നൽകാൻ മനുഷ്യരാൽ അസാധ്യമെന്നും അമേതിസ്റ്റ് പറഞ്ഞു.
പ്രേതവുമായി വിവാഹവും
നിലവിൽ താനുമായി ബന്ധപ്പെടുന്ന പ്രേതത്തെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അമേതിസ്റ്റ് പറഞ്ഞു. നിരവധി പ്രേതങ്ങളുമായി ബന്ധം പുലർത്തിയപ്പോഴും അവർ ആരുടേയും ശബ്ദം താൻ കേട്ടിരുന്നില്ലെന്നും എന്നാൽ, ഇപ്പോഴുള്ള പ്രേതകാമുകൻ തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് താൻ കേട്ടു എന്നുമാണ് അവർ പറയുന്നത്. സോമർസെറ്റിലെ വൂക്കി ജോൾ ഗുഹകൾക്ക് സമീപത്തെ ഏകാന്ത നിമിഷങ്ങളിലൊന്നിലായിരുന്നത്രെ കാമുകൻ അമേതിസ്റ്റിനോട്വിവാഹാഭ്യർത്ഥന നടത്തിയത്. അവിടെ നിന്നു ഒരു മണിക്കൂർ യാത്രചെയ്ത് വെസ്റ്റണിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴും കാമുകൻ അഭ്യർത്ഥന തുടർന്നുവത്രെ!
ഏതായാലും ഉടൻ തങ്ങളുടെ വിവാഹം നടത്തുമെന്നാണ് അമേതിസ്റ്റ് പറയുന്നത്. വലിയൊരു ചടങ്ങായിട്ടായിരിക്കും നടത്തുക. വിവാഹത്തിനു ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റെല്ലാം തയ്യാറാക്കി എന്നും അവർ പറയുന്നു. ഇനിയുള്ളത് വിവാഹ മോതിരം തിരഞ്ഞെടുക്കലാണത്രെ! അത് തന്റെ പ്രിയപ്പെട്ടവന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. താൻ പ്രേമിക്കുന്നത് ഒരു പുരുഷനെയാണെന്ന് ഉറപ്പില്ലെന്നാണ് അമേതിസ്റ്റ് പറയുന്നത്. പ്രേതങ്ങളുമായി ബന്ധപ്പെടുപ്പോൾ ലിംഗഭേദം പ്രശ്നമല്ല എന്നും അവർ പറയുന്നു. മനുഷ്യർക്ക് നൽകാനാകാത്ത രതിമൂർച്ഛ നൽകാൻ അവർക്കാകുമെന്നും അമേതിസ്റ്റ് പറയുന്നു.
ഹോളിവുഡ് താരത്തിന്റെ പ്രേതാനുഭവം
അമേതിസ്റ്റിന്റെ അനുഭവം പുറത്തുവരുന്നതിനും ഏകദേശം ഒരു വർഷം മുൻപായിരുന്നു പാരാനൊർമൽ 2 എന്ന സിനിമയിലൂടെ പ്രശസ്തയായ നടാഷ ബ്ലാക്ക്സിക്ക് എന്ന നടിയുടെ അനുഭവകഥ പുറത്തുവന്നത്. ദി മോർണിങ് എന്ന ബ്രിട്ടീഷ് ഡേടൈം ടോക്ക് ഷോയിലായിരുന്നു ഇവർ അനുഭവം പങ്കുവച്ചത്. അവതാരകരായ ഫിലിപ്പ് സ്‌കോഫീൽഡ്, ക്രിസ്റ്റിനി ബ്ലീക്ലു എന്നിവരുമായി നടാഷ സംസാരിക്കുന്ന സമയത്ത് പ്രശസ്ത മനഃശാസ്ത്രജ്ഞനായ പാറ്റി നെഗ്രിയും അവിടെയുണ്ടായിരുന്നു.
അമേതിസ്റ്റിന് സമാനമായ ലൈംഗികാനുഭവം തന്നെയായിരുന്നത്രെ നടാഷയ്ക്കും ഉണ്ടായത്. ശരീരത്തിനു മുകളിൽ ഭാരം അനുഭവപ്പെട്ടു എന്നും ആരോ വാരിപുണരുന്നതുപോലുള്ള ഊഷ്മളത അനുഭവപ്പെട്ടു എന്നും നടാഷ പറഞ്ഞു. ആരേയും കാണാൻ കഴിഞ്ഞില്ല, എന്നാൽ അസാധാരണമായ ഒരു ഊർജ്ജം അനുഭവപ്പെട്ടു. രതിമൂർച്ഛയും അനുഭവിച്ചു എന്നും അവർ പറഞ്ഞു. സംഭവത്തിനുശേഷം വിട്ടുപിരിഞ്ഞപ്പോൾ പ്രേതം നന്ദി പറഞ്ഞോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെ സ്ഥലം വിട്ടു എന്നാണ് അവർ പറഞ്ഞത്. പിന്നീട് ഒരു മാസത്തിനുശേഷം അവൻ വീണ്ടും വന്നുവെന്നും സമാനമായ അനുഭവം ഉണ്ടായതായും അവർ പറഞ്ഞു.
സ്പെക്ട്രോഫീലിയയും അതീന്ദ്രിയ ശക്തിയും
സാങ്കൽപിക രൂപങ്ങളും അതുപോലെ കണ്ണാടിയിൽ കാണുന്ന പ്രതിബിംബങ്ങളുമൊക്കെ ഒരാളിൽ ലൈംഗികത ഉത്തേജിപ്പിക്കുന്ന ഒരുതരം അവസ്ഥയെയാണ് സ്പെക്ട്രോഫീലിയ എന്ന് പറയുന്നത്. ഇതാവാം ഇത്തരമൊരു അനുഭവത്തിനു കാരണമെന്ന് മനഃശാസ്ത്രജ്ഞയായനെഗ്രി പറയുന്നു. എന്നാൽ, ഇതിനെ ഖണ്ഡിക്കുകയാണ് മറ്റൊരു മനഃശാസ്ത്രജ്ഞനായഡോ. സിയാറൻ ഒ കെഫീ. സ്പെക്ട്രോഫീലിയ എന്ന സങ്കല്പം ഇതുവരെ തെളിയിക്കപ്പെടാത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ഒരുതരം സ്ലീപ്പിങ് ഡിസോർഡർ ആണെന്ന് അദ്ദേഹം പറയുന്നു. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് വരുന്ന മാനസിക വിഭ്രാന്തി.
അതായത്, മതിയായ ഉറക്കം ലഭിക്കാത്തവർ ഇടയ്ക്കിടെ ഉറക്കത്തിനും ഉണരലിനും ഇടയിലുള്ള ഒരു അവസ്ഥയിലേക്ക് പോകും. സ്ലീപ്പ് പരാലിസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ ബോധമനസ്സ് ഉണർന്നിരിക്കുമെങ്കിലും ശരീര ചനലങ്ങൾ സാധ്യമാകില്ല. ഇത്തരം ഒരു അവസ്ഥ വളരെ കുറച്ചു സമയത്തേക്ക് മാത്രമായിരിക്കും അനുഭവപ്പെടുക. എന്നാൽ, ഈ സമയത്ത് പല തരത്തിലുള്ള വിചിത്രാനുഭവങ്ങൾ ഉണ്ടാകാം. നെഞ്ചിൽ ഭാരം ഉള്ളതായി തോന്നാം, അതുപോലെ മറ്റ് അനുഭവങ്ങളും ഉണ്ടാകാം. ലൈഗികതയിൽ അമിത താത്പര്യങ്ങൾ ഉള്ളവർക്ക് ഈ സമയത്ത് അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഉണ്ടാകാം എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുകയാണ് മറ്റൊരു കൂട്ടർ. സക്കബസ്, ഇൻകബസ് (വളരെ വിപുലമായ അർത്ഥത്തിൽ മലയാളത്തിൽ യക്ഷി എന്നും ഗന്ധർവ്വൻ എന്നും പരിഭാഷപ്പെടുത്താവുന്നതാണ്) എന്നീ അതീന്ദ്രിയ ശക്തികളുടെ കാര്യത്തിൽ മനുഷ്യർ ഉണ്ടാക്കിയ ശാസ്ത്രത്തിന് പ്രസക്തിയില്ലെന്നാണ് അവർ പറയുന്നത്. സമ്മൺസ് സക്കബസ് എന്നൊരു വെബ്സൈറ്റ് തന്നെ ഉണ്ട്. ഇസ്രയേലിൽ ഉള്ള വ്യക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഈ വെബ്സൈറ്റിന്റെ ഉടമ ഇത്തരത്തിൽ യക്ഷികളേയും ഗന്ധർവ്വന്മാരേയും ആകർഷിക്കാനുള്ള പരിശീലനം നൽകുമത്രെ. മാത്രമല്ല, അതിലുള്ള ഫോം പൂരിപ്പിച്ച് നൽകുന്നവർക്ക് അവർക്ക് ഇഷ്ടപ്പെട്ട വിധത്തിലുള്ള പ്രേതാത്മാക്കളുടേ സാമീപ്യം അനുഭവപ്പെടുമെന്നും പറയുന്നു.
മനുഷ്യർ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽക്കെ അവന്റൊപ്പമുള്ളതാണ് പ്രേതചിന്തകളും അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള വിവരണങ്ങളുമൊക്കെ. കാലങ്ങൾ കടന്നുപോയിട്ടും ഇത് ഇന്നും എല്ലാ സംസ്‌കാരങ്ങളുടെയും ഭാഗമായി തുടരുകയാണ്. ഒരുപക്ഷെ ശാസ്ത്രത്തിന്റെ പച്ച യാഥാർത്ഥ്യങ്ങളേക്കാൾ ഐതിഹ്യങ്ങളുടെ നിറക്കൂട്ടുകളുള്ള ലോകത്തെ മനുഷ്യ ഹൃദയം സ്നേഹിക്കുന്നതുകൊണ്ടാകാം അല്ലെങ്കിൽ കാലാകാലങ്ങളായി ഇവിടെയെത്തി ഈ അദൃശ്യ ശക്തികൾ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നതുകൊണ്ടുമാകാം. സത്യത്തിലേക്കുള്ള യാത്ര വളരെ ദൈർഘ്യമേറിയതുമാത്രമല്ല, കഠിനവുമാണ്. അതുകൊണ്ട് സത്യം തെളിയുന്നതുവരെ ഇത്തരം കഥകൾ കേട്ടും വായിച്ചും നമുക്ക് ജീവിക്കാം.