ഷിക്കാഗോ : മോർട്ടൺ ഗോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഡിസംബർ 30 ഞായറാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. ഇടവക വികാരി റവ .ഫാ. തോമസ് മുളവനാൽ രാവിലെ 10 മണിക്ക് നടന്ന വി. ബലിയർപ്പണത്തിലും വിശുദ്ധന്റെ തിരുസ്വരൂപ വണക്കത്തിലും മുഖ്യ കാർമികത്വം വഹിച്ചു.

ചരിത്രപ്രസിദ്ധമായ ഉഴവൂർ / കുറുമുള്ളൂർ ദേവാലയങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാൾ വിശ്വാസികൾ ഇടയിൽ ഏറെ പ്രസക്തി ആർജിച്ചതാണ്. 'കിരീടം' മെന്നർത്ഥമുള്ള നാമത്തെ അന്വർഥമാവും വിധം തനിക്കെതിരെ ഉയർന്നു വന്ന ഓരോ കല്ലുകളും ദൈവസ്നേഹത്തെ പ്രതി കിരീടമാക്കിക്കൊണ്ട് എ.ഡി 34 ൽ രക്തസാക്ഷിത്വം വഹിച്ച ആദ്യമ സഭയിലെ ആദ്യത്തെ രക്തസാക്ഷി കൂടിയാണ് വിശുദ്ധ എസ്തപ്പാനോസ്.

വിശുദ്ധനോടുള്ള ഭക്തി സൂചകമായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി പേർ തിരുനാൾ പ്രസുദേന്തിമാരാവുകയും നൂറുകണക്കിന് വിശ്വാസികൾ വിശുദ്ധന്റെ കഴുന്ന് എടുത്തു നേർച്ചകാഴ്ചകൾ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.