കോഴിക്കോട്:ദേശീയതലത്തിൽ ജെഡിയുവിലെ ഭിന്നിപ്പിന് പിന്നാലെ, സംസ്ഥാനത്തും കലഹം ഭിന്നത ഉടലെടുത്തു. വീരേന്ദ്രകുമാർ പക്ഷം ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ബലം പകർന്ന് വീരേന്ദ്രകുമാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുന്നണിയിലേക്ക് മടങ്ങി വരാൻ വീരേന്ദ്രകുമാർ സന്നദ്ധത അറിയിച്ചതായാണ് സൂചന.ദേശീയതലത്തിൽ ജെഡിയുവിലെ ഭിന്നിപ്പ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വീരേന്ദ്രകുമാർ വ്യക്തമാക്കി.

എന്നാൽ, സംസ്ഥാനത്തെ ജെഡിയുവിൽ ഈ വിഷയത്തിൽ ഭിന്നതയുണ്ടെന്നാണ് സൂചന. വിർഗീസ് ജോർജ്, കെ.പി.മോഹനൻ, ഷേയ്ക് പി ഹാരിസ് എന്നിവർ വീരേന്ദ്രകുമാറിന്റെ തീരുമാനത്തോട് വിയോജിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജെഡിയു ഭിന്നിപ്പിലേക്ക് നീങ്ങുകയാണ്.

നിതീഷ് കുമാർ ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ബിജെപി പിന്തുണയിൽ ബീഹാറിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ്. കേരളത്തിൽ നിലവിൽ വീരേന്ദ്രകുമാറിന്റെ ജെഡിയു യുഡിഎഫിലാണ്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണച്ചാൽ യുഡിഎഫിലെ സ്ഥാനം നഷ്ടമാകും. അതേസമയം ഒറ്റയ്ക്ക് നിന്നാൽ സംസ്ഥാനത്ത് ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ ജെഡിയുവിന് കഴിയില്ലെന്ന് ആരേക്കാളും കൂടുതൽ വീരേന്ദ്രകുമാറിനും കൂട്ടർക്കുമറിയാം.

അതേസമയം കേരളത്തിൽ മാത്രം ഒതുങ്ങിയ നിലയിൽ യുഡിഎഫിൽ നിന്നാൽ പൂർണ്ണമായും അവഗണനയായിരിക്കും ഫലമെന്നും വീരേന്ദ്രകുമാറിനറിയാം. പാലക്കാട്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുകാർ ഒത്തുപിടിച്ച് തോൽപ്പിച്ചതിന്റെ നാണക്കേടിൽ നിന്ന് വീരേന്ദ്രകുമാർ ഇപ്പോഴും മുക്തനായിട്ടില്ല.

എന്നാൽ യുഡിഎഫ് വിട്ട് വന്നാൽ എൽഡിഎഫിൽ എടുക്കുമെന്ന കാര്യം ചർച്ച ചെയ്യാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാഗ്ദാനം ചെയ്തിരുന്നു. 2006 ൽ നാണം കെടുത്തിയാണ് എൽഡിഎഫിൽ നിന്ന് വീരനേയും കൂട്ടരേയും പുറത്താക്കിയത്.
ഇതിന് നേതൃത്വം നൽകിയത് ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയനുമായിരുന്നു. മാത്രമല്ല ജെഡിയുവിൽ നിന്ന് വേർപെട്ട ജനതാദൾ (എസ്) ഇടത് മുന്നണിയിൽ ഇപ്പോഴും ഘടക കക്ഷിയുമാണ്.ഏതായാലും ഇടതുമുന്നണി പ്രവേശന വിഷയത്തിൽ ജെഡിയുവിൽ ഭിന്നത തുടരുകയാണ്.