റിയാദ്: സ്വകാര്യ കമ്പനികളിലെ പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച നിയമം കർശനമാക്കി. അടിക്കടി പ്രവാസി ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നതിൽ നിന്നും സ്വകാര്യ കമ്പനികളെ വിലക്കിക്കൊണ്ടാണ്  ലേബർ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. നഖൽ കഫാല എന്നറിയപ്പെടുന്ന സ്‌പോൺസർഷിപ്പ് കൈമാറ്റം ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു മാസമെങ്കിലും വേണമെന്നാണ് പുതിയ നിബന്ധന.

മൂന്നു മാസത്തെ കാലയളവിനുള്ളിൽ ഒരു തവണ മാത്രമേ പ്രവാസി ജീവനക്കാരുടെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫറിന് സ്വകാര്യ കമ്പനികൾക്ക് അപേക്ഷിക്കാനാവൂ. അതേ കമ്പനിയുടെ പുതിയ അപേക്ഷ മൂന്നു മാസത്തിനിടെ പിന്നീട് സ്വീകരിക്കുന്നതല്ല. മാത്രമല്ല, നിതാഖാത് കാറ്റഗറിയിൽ നിന്ന് തരംതാഴ്‌ത്തിയിട്ടുള്ള കമ്പനികൾക്ക് സ്‌പോൺസർഷിപ്പ് ട്രാൻസ്ഫറിന് അപേക്ഷ നൽകാനും സാധിക്കുകയില്ല. ഒരു കമ്പനി ഗ്രീൻ സോണിലാണ് ഉൾപ്പെട്ടിട്ടുള്ളതെങ്കിൽ നിതാഖാത് കാറ്റഗറിയിലെ താഴ്ന്ന കാറ്റഗറിയിൽ പെടുമിത്. ഇവരുടെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫർ അപേക്ഷ സ്വീകരിക്കുന്നതല്ല.

കൂടാതെ സ്‌പോൺസർഷിപ്പ് ട്രാൻസ്ഫറിന് ശ്രമിക്കുന്ന ഒരു തൊഴിലാളിക്ക് ഇഖാമയും വർക്ക് പെർമിറ്റും ഉണ്ടായിരിക്കുകയും ചെയ്യണം. വർക്ക് പെർമിറ്റ് ഇല്ലാതെയോ മതിയായ രേഖകളില്ലാതെയോ മൂന്നു മാസമായി ജോലി ചെയ്യുകയാണെങ്കിൽ ഇവരുടെ ട്രാൻസ്ഫർ അപേക്ഷ മന്ത്രാലയം സ്വീകരിക്കുകയമില്ല.