തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണച്ചൂട് ഉയരുമ്പോൾ സൈബർ ലോകത്തും പോര് മുറുകുകയാണ്. എൽഡിഎഫും യുഡിഎഫും ബിജെപിയുമെല്ലാം സൈബർലോകത്തും വൻതോതിൽ പ്രചരണം നടത്തുന്നു. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്കൊപ്പം വോട്ടഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ പ്രചരിക്കുകയാണ്. ഇതിനൊപ്പം തന്നെ വീഡോയോ രൂപത്തിലും പരസ്പ്പരം ആക്രമിച്ചു കൊണ്ടുള്ള വീഡിയോ എല്ലാ വിഭാഗവും തയ്യാറാക്കുന്നു. ഇത്തരത്തിൽ ഒരു വീഡിയോ ഒരുക്കി ഫൈറ്റ് മുറുക്കിയത് ബിജെപിയും സിപിഎമ്മും തമ്മിലായിരുന്നു.

സൈബർ ലോകത്ത് ഏറ്റവും സജീവമായ രണ്ട് വിഭാഗങ്ങൾ തമ്മിൽ ടെക്ടനോളജിയെ ഉപയോഗിച്ച് കൊമ്പുകോർത്തപ്പോൾ അത് ശരിക്കും വൈറലാകുകയും ചെയ്തു. മോദിയെയും പിണറായി വിജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തയ്യാറാക്കിയ രണ്ട് വീഡിയോയാണ് ഇപ്പോഴത്തെ സംസാര വിഷയം. സിപിഎമ്മിന് പണി കൊടുക്കാൻ വേണ്ടി പിണറായി വിജയനെ ഹിറ്റ്‌ലറാക്കി ചിത്രീകരിച്ച് സംഘപരിവാർ സൈബർ അനുയായികൾ തയ്യാറാക്കിയ വീഡിയോക്ക് അതേനാണയത്തിലാണ് ഒരു സിപിഐ(എം) അനുഭാവി മറുപടി നൽകിയത്. ഈ വീഡിയോ സൈബർ ലോകത്ത് ശരിക്കും തരംഗമായി മാറുകയും ചെയ്തു.

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബിജെപിയെയും മോദിയെയും കളിയാക്കി കൊണ്ടാണ് സിപിഐ(എം) അനുഭാവിയായ പ്രവാസിയാണ് വൈറലായ മറുപടി വീഡിയോ തയ്യാറാക്കിയത്. ഹിറ്റ്‌ലറുടെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച ഡൗൺഫാൾ എന്ന ഹോളിവുഡ് സിനിമയിൽ ഹിറ്റലർ ക്രുദ്ധനാകുന്ന ഭാഗം എടുത്തുകൊണ്ടാണ് രണ്ട് വീഡിയോയും തയ്യാറാക്കിയത്. ആദ്യമായി വീഡിയോ തയ്യാറാക്കി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. ഈ വീഡിയോയിൽ പിണറായി വിജയനെ ഹിറ്റ്‌ലറാക്കിയാണ് അവതരിപ്പിക്കുന്നത്.

ബിജെപിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാകുന്ന പിണറായി(ഹിറ്റ്‌ലർ) ക്രുദ്ധനാകുന്നതാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ചാനലുകളിലെ സർവേ ഫലങ്ങളെ ആസ്പദമാക്കി കൊണ്ടായിരുന്നു ഇത്തരമൊരു വീഡിയോ. ഈ വീഡിയോ സൈബർ ലോകത്ത് ശരിക്കും സംഘപരിവാർ അനുഭാവികൾ ആഘോഷിക്കുകയും ചെയ്തു. എന്നാൽ, ഇതിന് മറുപടിയായി സിപിഐ(എം) പ്രവർത്തകർ തയ്യാറാക്കിയ വീഡിയോ സിപിഐ(എം) അനുഭാവികളും ആഘോഷമാക്കി.

ഏരെ ചിരിക്കാൻ വക നൽക്കുന്ന വിധത്തിൽ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ഷാജി ചാൾസ് എന്ന പ്രവാസി വീഡിയോ തയ്യാറാക്കിയത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപി നേതൃത്വത്തെ കളിയാക്കിയാണ് ചാൾസ് തയ്യാറാക്കിയ മറുപടി വീഡിയോ. പിണറായിയെ ഹിറ്റ്‌ലറാക്കി അവതരിപ്പിച്ചതിന് അതേ നാണയത്തിൽ തിരിച്ചടിക്കുന്ന വീഡിയോ ഡൗൾഫാളിലെ ചിത്രങ്ങൾ എഡിറ്റു ചെയ്തു കൊണ്ടു തന്നെയാണ്. 

  • സംഘപരിവാർ അനുഭാവികൾ തയ്യാറാക്കിയ ആദ്യ വീഡിയോ..

മോദിയെ ഹിറ്റ്‌ലറായും കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, രാജഗോപാൽ തുടങ്ങിയ ബിജെപി നേതാക്കളെ ഹിറ്റലറുടെ അനുയായികളായുമാണ് കാണിക്കുന്നത്. ഹിറ്റ്‌ലറും അനുയായികളും തമ്മിലുള്ള ചർച്ചയിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫ് ആയിരിക്കും കൂടുതൽ സീറ്റുകൾ നേടുകയെന്നും നേമത്തും വട്ടിയൂർക്കാവിലും ഉൾപ്പെടെ ബിജെപി തോൽക്കുമെന്നും അനുയായികൾ മോദിയോട് പറയുന്നതാണ് വീഡിയോയുടെ ആരംഭം.

100 ന് മുകളിൽ സീറ്റ് അവർക്ക്‌ലഭിക്കുമെന്ന പറയുമ്പോൾ രോഷാകുലനായി മോദി ചാടിയെഴുന്നേൽക്കുകയും 'ഉള്ളിസുരയേയും കുമ്മനം രായനേയും ഒട്ടകംഗോപാലനേയും 'ഫയർ ചെയ്യുന്നതുമാണ് വീഡിയോ. കേന്ദ്രത്തിന്റെ ഭരണംമാത്രമേ കൈയിൽ ഉള്ളൂവെന്നും അധികാരത്തിൽ വന്നശേഷം ഒറ്റ സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായിട്ടില്ലെന്ന് പറയുന്ന മോദി ശശികലയും ശോഭയും അവിടെ എന്തുചെയ്യുകയായിരുന്നെന്നും ചോദിക്കുന്ന ചിരിപടർത്തുന്ന ഡയലോഗുകളാണ് തുടർന്നങ്ങോട്ടുള്ളത്. 

  • ഷാജി ചാൾസ് തയ്യാറാക്കിയ മറുപടി വീഡിയോ..

തുടർന്ന് സംഭാഷണം രസകരമായി തന്നെ മുന്നേറുന്നു. ബീഫ് തിന്ന് ഫോട്ടോ എടുത്തുതുകൊണ്ടല്ലേ, തോറ്റുപോയകത്...ഹെലികോപ്ടറും രാജ്യസഭാ സീറ്റും വെറുതേ കൊടുത്തു.. മനുഷ്യനെ പറ്റിക്കാൻ നടക്കുന്ന നാറികൾ. ഞാനിനി എന്തു ചെയ്യണം കേരളത്തിൽ അക്കൗണ്ട് തുറക്കാൻ. എല്ലാം പോയില്ലേ, ഒരുത്തനും ഗുണപിടിക്കില്ലെടാ എന്നെ പറ്റിച്ചാൽ.. ഞാനിനി കെജ്രിവാളിന്റെ മുഖത്ത് എങ്ങനെ നോക്കും. യെച്ചൂറിയും ലാലുവും, നിതീഷും എല്ലാം കളിയാക്കും.. ഇങ്ങനെയാണ് തുടർന്നുള്ള സംഭാഷണം മുന്നേറുന്നത്.

ഒടുവിൽ ശാന്തനായ മോദി(ഹിറ്റ്‌ലർ) ഒരു കാര്യം ചെയ്യ് ഉമ്മൻ ചാണ്ടിയെ വിളിച്ച് അഡ്ജസ്റ്റ്‌മെന്റ് ചെയ്യ്. അഞ്ച് മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിക്കാൻ പദ്ധതിയിട്. ബാക്കി 135 മണ്ഡലങ്ങളിൽ തിരിച്ചു കുത്താമെന്ന് പറയുന്നു. ഇവിടെയാണ് വീഡിയോ പൂർണ്ണാമാകുന്നത്. വീഡിയോയും എഡിറ്റിംഗും സമകാലിക രാഷ്ട്രീയവും വച്ചു നോക്കുമ്പോൾ വളരെ ഏറെ പ്രാധാന്യമർഹിക്കുന്ന വിധത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് പത്ത് മണിക്കൂർ കഴിയും മുമ്പ് തന്നെ ആയിരങ്ങളാണ് ഷെയർ ചെയ്തത്.

കൊല്ലം കടവൂർ സ്വദേശിയാണ് വീഡിയോ തയ്യാറാക്കിയ ഷാജി ചാൾസ്. സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സിപിഐ(എം) അനുഭാവി കൂടിയാണ്. ഷാജിയുടെ സ്പൂഫ് വീഡിയോ സൈബർ ലോകം ഏറ്റെടുത്ത മട്ടാണ്.

  • ഡൗൺഫാൾ സിനിമയിലെ രംഗം