ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ന് രാവിലെ ഇന്ത്യയ്ക്ക് ശുഭദിനം. മൂന്ന് മെഡലുകൾക്ക് കൂടി അടുത്തെത്തുകയാണ് ഇന്ത്യ. ഇതിൽ ഇന്ത്യയുടെ സ്വർണ്ണമെഡൽ പ്രതീക്ഷയായ പിവി സിന്ധുവിന്റെ ഉജ്ജ്വല വിജയവുമുണ്ട്. ബാഡ്്മിറ്റണിൽ മുന്നേറുന്ന സിന്ധു ഉജ്ജ്വല ഫോമിലേക്ക് ഉയർന്നതിനെ തെളിവാണ് പ്രീക്വാർട്ടറിലെ മിന്നു വിജയം. ഹോക്കിയിലും ബോക്‌സിംഗിലും ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ടാകുന്ന പ്രകടനവും ഇന്നുണ്ടായി.

ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ എത്തുന്നത് തകർപ്പൻ വിജയത്തോടെയാണ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെന്മാർക്ക് താരം മിയ ബ്ലിക്‌ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്‌കോർ: 21-15, 21-13. രണ്ടു ഗെയിമിലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ മിയക്ക് സാധിച്ചില്ല.

ബോക്സിങ്ങിൽ മറ്റൊരു ഇന്ത്യൻ താരം കൂടി ക്വാർട്ടറിൽ എത്തി. പുരുഷന്മാരുടെ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സതീഷ് കുമാറാണ് ക്വാർട്ടറിൽ കടന്നത്. ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന് തകർത്താണ് സതീഷ് കുമാറിന്റെ ക്വാർട്ടർ പ്രവേശനം. നേരത്തെ ഇന്ത്യൻ താരങ്ങളായ ലവ്ലിന ബോർഗോഹെയ്നും പൂജ റാണിയും ക്വാർട്ടറിൽ ഇടംനേടിയിരുന്നു.

പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ മെഡൽ പ്രതീക്ഷ നിലനിർത്തി. നിലവിലെ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്തത് ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ പ്രവേശിച്ചു. ഗോൾരഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം 43-ാം മിനിറ്റിൽ വരുൺ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. അഞ്ചു മിനിറ്റിന് ശേഷം പെനാൽറ്റി കോർണറിലൂടെ മൈക്കോ കാസെല്ല അർജന്റീനയെ ഒപ്പമെത്തിച്ചു.

മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ 58-ാം മിനിറ്റിൽ വിവേക് സാഗർ ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. അർജന്റീനയ്ക്ക് നിലയുറപ്പിക്കാൻ പോലും സമയം നൽകാതെ തൊട്ടടുത്ത മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ജയമുറപ്പിച്ചു. ഇതിനൊപ്പം ശ്രീജേഷിന്റെ സേവുകളും നിർണ്ണായകമായി.

നേരത്തെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച (3-2) ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസിനോട് 7-1ന് തോറ്റിരുന്നു. തുടർന്ന് സ്പെയ്നിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു. നാളെ ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.