ന്യൂയോർക്ക്: കഴിഞ്ഞ പത്തുവർഷമായി വിപുലമായ രീതിയിൽ നടത്തിവരുന്ന മാർക്കിന്റെ 2018- 2019-ലെ സ്പോർട്സ് & ഗെയിംസ് പ്രവർത്തനോദ്ഘാടനം സുപ്രസിദ്ധ പിന്നണി ഗായകൻ കെ.ജി. മാർക്കോസ് ക്ലാർക്സ് ടൗൺ നോർത്ത് ഹൈസ്‌കൂൾ ജിമ്മിൽ വച്ചു സെപ്റ്റംബർ 30-നു ഞായറാഴ്ച നിർവഹിച്ചു.

അമ്പതിൽപ്പരം കായിക പ്രേമികൾ വോളിബോൾ, ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ മുതലായ സ്പോർട്സ് & ഗെയിംസ് ആക്ടിവിറ്റീസ് റോക്ക്ലാന്റിലുള്ള വിവിധ ക്ലാർക്സ് ടൗൺ സ്‌കൂൾ ജിമ്മുകളിൽ വച്ചു കഴിഞ്ഞ പത്തു വർഷത്തോളമായി വിജയകരമായി നടത്തിവരുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മുതൽ 10 വരേയും, ഞായറാഴ്ച 5 മുതൽ 7 വരേയുമാണ് സമയം.

സ്പോർട്സ് & ഗെയിംസിൽ നിന്നുള്ള വരുമാനം കേരളത്തിൽ വിവിധതരം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാർക്ക്) ആദ്യഗഡുവായി മഹാപ്രളയവും പേമാരിയും ദുരിതംവിതച്ച ഇടുക്കി ജില്ലയിലെ മണിയാറൻകുടിയിൽ ഉരുൾപൊട്ടൽ മൂലം വീടുകൾ നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് നൽകിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

രണ്ടാം ഗഡുവായി ഈവർഷത്തെ സ്പോർട്സ് & ഗെയിംസിൽ നിന്നുള്ള ധനലാഭവും മാർക്കിന്റെ ഫണ്ട് റൈസിംഗിൽ നിന്നുള്ള പണവും ചേർത്ത് കുട്ടനാട്ടിലെ ജലപ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി ഉടൻതന്നെ നൽകുവാൻ തീരുമാനിച്ചു.

വരുംവർഷങ്ങളിൽ പ്രായഭേദമെന്യേ കൂടുതൽ ആളുകൾ മാർക്കിന്റെ സ്പോർട്സ് ക്ലബിന്റെ ഭാഗമാകുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. മാർക്കിന്റെ ഈ സ്പോർട്സ് ക്ലബ് വിജയകരമായി മുന്നേറുന്നതിൽ സഹായ സഹകരണങ്ങൾ അർപ്പിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നു.

ഈവർഷത്തെ സ്പോർട്സ് & ഗെയിംസ് ആക്ടിവിറ്റീസിൽ അമ്പതിൽപ്പരം ആളുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. റോക്ക്ലാന്റ് നിവാസികളായ മലയാളികൾക്ക് ഇതൊരു അസുലഭ സന്ദർഭമാണ്. ഇനിയും ആർക്കെങ്കിലും മാർക്കിന്റെ സ്പോർട്സ് & ഗെയിംസിൽ പങ്കെടുക്കുവാൻ താത്പര്യമുണ്ടെങ്കിൽ വിളിക്കുക: പ്രസിഡന്റ് - ജോസ് അക്കക്കാട്ട് 845 461 1052, സെക്രട്ടറി- സന്തോഷ് വർഗീസ് 201 310 9247, തോമസ് അലക്സ് 845 893 4301, സിബി ജോസഫ് 816 786 9159.

തോമസ് അലക്സ് അറിയിച്ചതാണിത്.