- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെയുടെ താരങ്ങൾക്ക് കരുത്താകാൻ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ; പ്രഥമ സംരഭമായി സംഘടിപ്പിച്ച പാലാ മിനി മാരത്തൺ തലമുറകളുടെ ഒത്തുചേരലായി; നാളത്തെ താരങ്ങൾക്ക് പ്രചോദനമായി ഓർമ്മൾ പങ്കുവെച്ച് പി ടി ഉഷയും; കായികതാരങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകി സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ ചുവടുറപ്പിക്കുമ്പോൾ
പാല: വളർന്നുവരുന്ന യുവ കായികതാരങ്ങളെ അവരുടെ കായിക പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുൻ ദേശിയ അന്തർദേശിയ താരങ്ങളുടെ നേതൃത്വത്തിൽ രൂപം കൊടുത്ത സംഘടനയാണ് സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ.കേരളത്തിലും ഇന്ത്യയിലും സ്പോർട്സ് വികസിപ്പിക്കുന്നതിന് സമാന ചിന്താഗതിയുള്ളവരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തനമാരംഭിച്ചത്.
ഒളിമ്പ്യന്മാർ, ഏഷ്യൻ ഗെയിംസ് & കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ്, ദേശീയ അന്തർദേശീയ മെഡൽ ജേതാവ് എന്നിവർ ഉൾപ്പെടുന്നതാണ് സംഘടന.ദേശീയ അന്തർദേശീയ തലത്തിൽ നിരവധി കായികതാരങ്ങളെ സൃഷ്ടിച്ച പരിശീലകരും സംഘടനയുടെ ഭാഗമാണ്.
ഇന്ത്യയിലേക്ക് നിരവധി പുരസ്‌കാരങ്ങൾ കൊണ്ടുവരാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.ഫൗണ്ടേഷന്റെ പ്രഗത്ഭരായ അത്ലറ്റുകളുടെയും പരിശീലകരുടെയും അനുഭവസമ്പത്തും യുവാക്കൾക്ക് മുതൽക്കൂട്ടാകും. കോച്ചിങ് ക്യാമ്പ് ആരംഭിക്കുക, മെഗാ കായിക മത്സരങ്ങൾ നടത്തുക, കായിക പ്രേമികളുടെ പിന്തുണയോടെ സ്പോർട്സിന്റെയും ഗെയിമുകളുടെയും വികസനത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നിവയും ഞങ്ങളുടെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും അവരുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് ആളുകളെ സഹായിക്കുന്നതിന് സ്പോർട്സിനെ ജനപ്രിയമാക്കാനും ഫൗണ്ടേഷൻ ആഗ്രഹിക്കുന്നു. 'ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'.എന്ന ആപ്തവാക്യത്തോടെയാണ് ഫൗണ്ടേഷന്റെ പ്രവർത്തനം.
ഫൗണ്ടേഷന്റെ ആദ്യപരിപാടി എന്ന നിലയിൽ സംഘടിപ്പിച്ച മിനി മാരത്തൺ ശ്രദ്ധേയമായി.പിടി ഉഷ ഉൾപ്പടെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും അവരുടെ അനുഭവം പങ്കുവെക്കലുമുൾപ്പടെ ചടങ്ങ് വേറിട്ട അനുഭവമായി.രാജ്യസഭാ എംപിയായ ശേഷം പി.ടി. ഉഷ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു പാലാ മിനി മാരത്തൺ.കായിക ലോകത്തെ നേട്ടങ്ങളെല്ലാം എംപി കൈവരിച്ചുവെന്ന് പ്രസംഗകൻ പറഞ്ഞതുകേട്ട് അവർ കണ്ണുതുടച്ചു. രാജ്യാന്തര മത്സരങ്ങളിൽ സ്വർണമെഡൽ വാങ്ങി താൻ വന്നപ്പോൾ സമ്മാനമായി കെ.എം. മാണി തന്റെ നാടായ പയ്യോളിയിൽ വൈദ്യുതിയെത്തിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞ ഉഷ പഴയ നാൾവഴികളിലേക്കു തിരിച്ചുപോയി.
എംപിയാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല. സ്‌പോർട്‌സിന്റെ നന്മയ്ക്കായി കഴിയുന്നതെല്ലാം ചെയ്യും. താഴെക്കിടയിൽ നിന്നു വരുന്നവർക്ക് കായിക രംഗത്ത് വലിയ പ്രാധാന്യം ലഭിക്കാറില്ല. കഴിവുണ്ടെങ്കിലും വലിയ മത്സരങ്ങളിൽ ജയിക്കാത്ത കായികതാരങ്ങൾക്കു പരിഗണന ലഭിക്കാറില്ല. ഇത്തരം കുട്ടികളെ വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കും. കായികമേഖലയും ഭരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഓറിയന്റേഷൻ ക്ലാസുകളിൽ പങ്കെടുത്തും സഭയിലിരുന്നും ഞാൻ കാര്യങ്ങൾ പഠിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ഉഷ പറഞ്ഞു.
കായികരംഗത്തു ശ്രദ്ധേയ സംഭാവനകൾ നൽകിയ കെ.പി. തോമസ്, ജിൻസി ഫിലിപ്പ്, എം.എ പ്രജുഷ, നീന പിന്റോ, എം.എ. മോളി, വി സി.ജോസഫ്, പി.കെ. മാണി, ജോസഫ് മനയാനി, മേഴ്‌സി ജോസഫ്, കെ.പി. സന്തോഷ് കുമാർ, തങ്കച്ചൻ മാത്യു എന്നിവരെ സമാപനച്ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അധ്യക്ഷനായി. ജോസ് കെ. മാണി എംപി, മാണി സി.കാപ്പൻ എംഎൽഎ, ഫാ.ഡോ. ബിനു കുന്നത്ത്, എസ്.പ്രമോദ് കുമാർ, ഹിരൺ കുമാർ, മധു, ഷെബിൻ ജോസഫ്, മനോജ് ലാൽ എന്നിവർ പ്രസംഗിച്ചു.
കാൻസറിന്റെ അസ്വസ്ഥതകൾ മറന്ന് മിനി മാരത്തണിൽ 10 കിലോമീറ്റർ ദൂരത്തെ ഓടിത്തോൽപ്പിച്ച ആലുവ കടുങ്ങല്ലൂർ സ്വദേശി 74 കാരനായ നാരായണനുണ്ണി മാരത്തണിലെ വേറിട്ട കാഴ്‌ച്ചയും മറ്റു മത്സരാർത്ഥികൾക്ക് ആവേശവും ആത്മവിശ്വാസവുമായി.ഒരു വർഷം മുൻപ് തിരിച്ചറിഞ്ഞ പ്രോസ്റ്റേറ്റ് കാൻസറിനെ ജനുവരിയിൽ എടുത്തുകളഞ്ഞ് കഴിഞ്ഞ മൂന്നിനാണു നാരായണനുണ്ണി മുപ്പതാമത് റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായത്.
തുടർന്ന് ഡോക്ടറോടു ചർച്ച ചെയ്ത ശേഷമാണ് മാരത്തണിനെത്തിയത്. വർഷങ്ങളായി മാരത്തൺ വേദികളിലെ സാന്നിധ്യമായ നാരായണൻ യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മാരത്തണുകളിലും പങ്കെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ