തിരുവനന്തപുരം: അഞ്ജുവും സ്പോർട്സ് കൗൺസിലും രാജിവച്ചത് നന്നായെന്ന് കായിക മന്ത്രി ഇ പി ജയരാജൻ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോർജ് രാജിവച്ചതിനുള്ള പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് 'നല്ലത്. 'നല്ലത്, വളരെ സന്തോഷം' എന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം.

അഞ്ജു ഉന്നയിച്ച അഴിമതി ആരോപണങ്ങളെപ്പറ്റി പരിശോധിക്കുമെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു. അന്വേഷണം നടത്തേണ്ട വിഷയങ്ങളിൽ അന്വേഷണമുണ്ടാവും. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കാനാണല്ലോ സർക്കാർ. അത്തരം ചുമതലകളും കടമകളും ഉപയോഗിക്കും. ഫലപ്രദമായി വിനിയോഗിക്കും - മന്ത്രി പറഞ്ഞു.

പത്തുവർഷത്തെ അഴിമതി അന്വേഷിക്കണമെന്നാണല്ലോ അഞ്ജു ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതി നടന്നോ എന്നുള്ള കാര്യം അന്വേഷിക്കേണ്ടിയിരുന്നത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നെന്നും മന്ത്രി പറഞ്ഞു. അക്കാലത്തെ സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനത്തെപ്പറ്റി പരാതികൾ ഇല്ലാത്തതിനാലായിരിക്കും യുഡിഎഫ് സർക്കാർ അക്കാര്യം അന്വേഷിക്കാതിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതികൾ നടന്നോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ സർക്കാർ അന്വേഷണം നടത്തും - മന്ത്രി വ്യക്തമാക്കി.

അഞ്ജുവിനെ സർക്കാർ തേജോവധം ചെയ്യുന്നുവെന്നു മുൻ കായികമന്ത്രി തിരുവഞ്ചൂർ

ഞ്ജു ബോബി ജോർജ് അടക്കമുള്ളവരെ സർക്കാർ തേജോവധം ചെയ്യുകയാണെന്ന് മുൻ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അഞ്ജുവിനെ സ്പോർട്സ് കൗൺസിലിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢശ്രമാമാണ് സർക്കാർ നടത്തിയത്. കായിക കേരളത്തിന് ഇത് പൊറുക്കാൻ സാധിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തരായ താരങ്ങളാണ് സ്പോർട്സ് കൗൺസിലിൽ അംഗങ്ങളായിട്ടുള്ളത്. അവരെയെല്ലാം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഭീഷണിപ്പെടുത്തി പുറത്താക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

അഞ്ജുവിനെ സർക്കാർ പുകച്ചുപുറത്തു ചാടിച്ചെന്നു ചെന്നിത്തല

സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തു നിന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനെ സർക്കാർ പുകച്ചു പുറത്തുചാടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിവയ്ക്കുന്ന കാര്യം നേരത്തെ തന്നെ വിളിച്ച് അറിയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.