വാസ്‌കോ: മുംബൈ സിറ്റിക്ക് പിന്നാലെ ഐഎസ്എല്ലിന്റെ ഈ സീസണിലെ ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. രണ്ടാംസെമിയിൽ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജയം. രണ്ടുപാദങ്ങളിലുമായി (3-2).

38 ാം മിനിറ്റിൽ ഡേവിഡ് വില്യംസും, 68 ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് എടികെ മോഹൻ ബഗാന് വേണ്ടി വലകുലുക്കിയത്. 74 ാം മിനിറ്റിൽ വി.പി.സുഹൈർ ഒരുഗോൾ തിരിച്ചടിച്ചെങ്കിലും അത് പോന്നതായില്ല. 83 ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി. ഇദ്രിസ സിലയെ സുഭാഷിഷ് ബോസ് ബോക്‌സിന് അകത്ത് വച്ച് താഴെ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി പാഴായി. ലൂയി മക്കാഡോ അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.

പ്ലേ ഓഫിന്റെ രണ്ടാംപകുതി വരെ നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് 11 മത്സരങ്ങളിൽ അപരാജിതരായിരുന്നു. മാർച്ച് 13 ശനിയാഴ്ച ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ എടികെ മുംബൈ സിറ്റിയെ നേരിടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തന്നെ ഇത്തവണ ഫൈനലിൽ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹൻ ബഗാന്റെ മൻവീർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.