കേട്ടുകേൾവിയില്ലാത്ത കായിക ഇനങ്ങളിൽവരെ സർട്ടിഫിക്കറ്റുകൾ നൽകി സ്പോർട്സ് ക്വാട്ടയിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതി അവസാനിപ്പിക്കാൻ ഹൈദരാബാദ് ഹൈക്കോടതി. എംബിബിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലെ സ്പോർട്സ് ക്വാട്ട പ്രവേശനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് ഹൈദരാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് കോടതിയുടെ ഈ നിർദ്ദേശം.

അർഹതയില്ലാത്തവരെ തിരുകിക്കയറ്റുന്നതിനുള്ള മാർഗമായി സ്പോർട്സ് ക്വാട്ട ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. സ്പോർട്സ് ക്വാട്ടയ്ക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നും കോടതി നീരീക്ഷിച്ചു. തീർത്തും അപ്രസക്തമായ കായികയിനങ്ങൾ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഉൾപ്പെടുത്തിയ ആന്ധ്ര പ്രദേശ് സർക്കാരിനെ കോടതി കണക്കിന് വിമർശിക്കുകയും ചെയ്തു.

ഓഗസ്റ്റ് എട്ടിനാണ് ഹൈക്കോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. വീഡിയോ ഗെയിമുകളൊഴികെയുള്ളവ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പരിഹസിക്കുകയും ചെയ്തു. പഠനത്തിൻ മിടുക്കുകാട്ടാത്തവരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇതെന്ന് വ്യക്തമാണെന്ന് ഉത്തരവിൽ പറയുന്നു.

ജസ്റ്റിസുമാരായ രാമസുബ്രഹ്മണ്യനും അനീസുമാണ് സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്. സ്പോർട്സ് ക്വാട്ടയിൽ തനിക്ക് പ്രവേശനം നൽകാത്തതിന് എൻടിആർ സർവകലാശാലയ്‌ക്കെതിരെ ഒരു വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് ഈ വിധി. 2008-ൽ 28 കായിക ഇനങ്ങൾ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഉൾപ്പെടുത്തിയിരുന്നു. അടുത്തിടെ ആറ് പുതിയ ഗെയിമുൾ കൂടി ഉൾപ്പെടുത്തി.

ടെന്നിക്കൊയ്റ്റ്, പവർ ലിഫ്റ്റിങ്, നെറ്റ്‌ബോൾ, ത്രോബോൾ, സെപക് താക്രോ, ബോക്‌സിങ് എന്നിവയാണ് ഈ കായികയിനങ്ങൾ. ഈയിനങ്ങളിൽ മികവ് കാട്ടുന്നവർക്ക് എംബിബിഎസ്, എൻജിനിയറിങ് കോളേജുകളിൽ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അർഹതയുണ്ടെന്ന സർക്കാരിന്റെ നിലപാടാണ് കോടതി തള്ളിയത്.