തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സ്‌കൂൾ കായിക മേള തുടങ്ങാനിരിക്കെയാണ് തീരുമാനം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കായിക മേളയുമായി സഹകരിക്കില്ലെന്ന് കായിക അദ്ധ്യാപകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തസ്തിക ഇല്ലാതെ പുറത്ത് നിൽക്കുന്ന അദ്ധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകി കായികാദ്ധ്യാപകർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമിക്കാമെന്ന് കാണിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കായികാധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് മരവിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് രേഖാമൂലം പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്നായിരുന്നു കായികാധ്യാപകരുടെ നിലപാട്. ജില്ലാ സ്‌കൂൾ കായിക മേളകൾ ഇതുമൂലം അലങ്കോലപ്പെട്ടിരുന്നു. സംസ്ഥാന കായിക മേളയുടെ തീയതിയും മാറ്റി വച്ചു.

കായികാധ്യാപകരും കായികവിദ്യാർത്ഥികളും തുടരുന്ന സമരത്തിന് എസ്.എഫ്.ഐ, എ.ബി.വി.പി. തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ, സമരം കൂടുതൽ ശക്തമായി. സംസ്ഥാനത്തെ സ്‌കൂളുകളിൽ കായികാധ്യാപകരുടെ തസ്തിക എടുത്തുമാറ്റാനും മറ്റ് അദ്ധ്യാപകർക്ക് പരിശീലനം നൽകി കായികാധ്യാപകരുടെ ചുമതല കൂടി നൽകാനും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കായികാധ്യാപകർ സമരവുമായി രംഗത്തിറങ്ങിയത്.

സമരത്തെ തുടർന്ന് സർക്കാർ ഉത്തരവ് താത്ക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ ഉത്തരവ് പൂർണമായി പിൻവലിക്കും വരെ സമരം തുടരാനായിരുന്നു കായികാധ്യാപകരുടെ തീരുമാനം. ഇത് കണക്കിലെടുത്താണ് ഉത്തരവ് പിൻവലിച്ചത്.