തിരുവനന്തപുരം: പരിശീലനം നടത്തുന്നതിനിടെ, കാൽമുട്ടിന് പരിക്കേറ്റ മലയാളി ലോങ് ജമ്പ് താരം എം ശ്രീശങ്കർ പാരീസ് ഒളിംപിക്‌സിൽ മത്സരിക്കില്ല. അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ശ്രീശങ്കർ. കഴിഞ്ഞ ദിവസം. പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരുക്കേറ്റത്.

പരിക്ക് പരിശോധിച്ച ഡോക്ടർമാർ, കാൽമുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഒളിംപിക്‌സിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഈ സാഹചര്യത്തേയും അതിജീവിക്കുമെന്നും എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും ശ്രീശങ്കർ പറഞ്ഞു. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ താൻ കഷ്ടപ്പെട്ടത് ഒളിംപിക്സിൽ മത്സരിക്കാനായിരുന്നെന്നും എന്നാൽ അതിൽ നിന്ന് പിന്മാറുകയാണെന്നും താരം എക്‌സിൽ കുറിച്ചു.

ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ മുംബൈയിലാണ് ഇപ്പോഴുള്ളത്. പാരീസ് ഒളിംപിക്‌സിന് 3 മാസം മാത്രം ബാക്കി നിൽക്കെയാണ് രാജ്യത്തിന്റെ മെഡൽപ്രതീക്ഷയായ ശ്രീശങ്കറിന് പരുക്കേറ്റത്. ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാൻ ഈ മാസം 24ന് ശ്രീശങ്കർ ചൈനയിലെ ഷാങ്ഹായിലേക്കു പോകാനിരിക്കെയാണ് പരുക്ക് വില്ലനായത്. 27ന് നടക്കുന്ന ഷാങ്ഹായ് ഡയമണ്ട് ലീഗിലൂടെ ഈ സീസണിലെ മത്സരങ്ങൾക്കു തുടക്കമിടാനായിരുന്നു തീരുമാനം. മെയ്‌ 10നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും എൻട്രി ലഭിച്ചിരുന്നു.

ഇതിനുശേഷം ഒളിംപിക്‌സ് വരെ വിദേശത്താണ് ശ്രീശങ്കറിന്റെ പരിശീലനം ക്രമീകരിച്ചിരുന്നത്. ജൂലൈ 26നാണ് പാരീസ് ഒളിംപിക്‌സിനു തുടക്കമാകുന്നത്. ലോങ്ജംപ് ലോക റാങ്കിങ്ങിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായിരുന്നു.

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്‌സ് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു.