- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; നിലവിലെ ചാമ്പ്യന് സ്വർണം നഷ്ടമായത് 0.44 മീറ്ററിന്റെ വ്യത്യാസത്തിൽ; നീരജിന്റെ സീസണിലെ മോശം പ്രകടനം
യൂജിൻ: ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 83.80 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്. 84.24 മീറ്റർ പിന്നിട്ട ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെയ്ക്കാണ് കിരീടം. 0.44 മീറ്ററിന്റെ വ്യത്യാസത്തിലാണ് നിലവിലെ ചാമ്പ്യനായ നീരജിന് സ്വർണം നഷ്ടമായത്.
രണ്ടാം ശ്രമത്തിലാണ് നീരജ് 83.80 മീറ്റർ ദൂരം പിന്നിട്ടത്. അവസാന ശ്രമത്തിലാണ് യാക്കൂബ് വാൽഡെജ് 84.24 മീറ്റർ പിന്നിട്ടതെങ്കിലും ആദ്യ ശ്രമമായ 84.01 മീറ്റർ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. 83.74 മീറ്റർ പിന്നിട്ട ഫിൻലൻഡ് താരം ഒലിവർ ഹെലൻഡർ മൂന്നാമതെത്തി. ഇതോടെ പങ്കെടുത്ത നാല് ഡയമണ്ട് ലീഗുകളിൽ നിന്നായി രണ്ട് വീതം സ്വർണവും വെള്ളിയും നീരജിന് സ്വന്തമായി.
കഴിഞ്ഞ തവണ സൂറിച്ചിൽ 88.44 മീറ്റർ ദൂരം കണ്ടെത്തിയാണ് ആദ്യമായി ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് വിജയം കണ്ടത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമായി നീരജ് മാറി. നീരജുമായി മത്സരിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ വിജയിക്കാൻ വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. വിജയിക്കാനായത് ഒരു സ്വപ്നം പോലെയാണ് ഞാൻ കാണുന്നത്. ഈ പ്രായത്തിൽ വിജയിക്കാൻ കഴിയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ജാവലിൻ ത്രോ എന്റെ ജീവിതമാണ്.- യാക്കൂബ് വാദ്ലെ വിജയത്തിന് ശേഷം പ്രതികരിച്ചു.
ഡയമണ്ട് ലീഗ് സീസണിലെ മോശം പ്രകടനമാണ് ഫൈനൽ പോരാട്ടത്തിൽ നീരജിൽ നിന്നുണ്ടായത്. ദോഹയിൽ 88.67 മീറ്ററും ലോസെയ്നിൽ 87.66 മീറ്ററും എറിഞ്ഞ് ഒന്നാമനായ നീരജ് സൂറിച്ചിൽ 85.71 മീറ്റർ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലീഗുകളിലെ മികച്ച പ്രകടനത്തോടെയാണ് ഫൈനലിന് യോഗ്യത നേടിയത്. ആറ് താരങ്ങൾ മത്സരിച്ച ഫൈനൽ പോരാട്ടത്തിൽ രണ്ടാമത്തെ ശ്രമത്തിലാണ് 83.30 മീറ്റർ നീരജ് പിന്നിട്ടത്.
മൂന്നാമത്തെ ഏറിൽ 81.37 മീറ്ററും അഞ്ചാമത്തെ ശ്രമത്തിൽ 80.74 മീറ്ററും ആറാമത്തെ ശ്രമത്തിൽ 80.90 മീറ്ററുമാണ് നീരജിന് കണ്ടെത്താനായത്. ഒന്നും നാലും ശ്രമങ്ങൾ ഫൗളായി. വാദ്ലെ ആറാമത്തെ ഏറിലാണ് 84.24 മീറ്റർ പിന്നിട്ടത്. ആദ്യ ശ്രമത്തിൽ 84.01 മീറ്റർ എറിഞ്ഞ താരം ലീഡ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ