- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നിക്കണേ എന്ന 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്തു; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിനിൽ ഇന്ത്യയുടെ ചരിത്രം കുറിച്ച് സ്വർണമേഡൽ നേട്ടവുമായി നീരജ് ചോപ്ര; ആദ്യ ശ്രമം ഫൗളായെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ 88.17 മീ; രണ്ടാമതെത്തിയ പാക്കിസ്ഥാന്റെ അർഷദ് നദീമിന് വെള്ളി; മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങളായ ഡി പി ബിനുവും കിഷോർ ജെനയും
ബുഡാപെസ്റ്റ്: 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് നീരജ് ചോപ്ര മിന്നിച്ചു. ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി. രണ്ടാമത്തെ ശ്രമത്തിൽ നേടിയ 88.17 മീ. ദൂരമാണ് നീരജിനെ ജേതാവാക്കിയത്. മൂന്നാം ശ്രമത്തിൽ 86.32 മീറ്ററും, നാലാം ശ്രമത്തിൽ 84.64 മീറ്ററും, അവസാന ശ്രമത്തിൽ 83.98 മീറ്ററുമാണ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ നേടിയ 88.17 മീ, പിന്നീടുള്ള ശ്രമങ്ങളിൽ മെച്ചപ്പെടുത്താനായില്ലെങ്കിലും, സ്വർണം നീരജിന് തന്നെയായി.
മെഡൽ പട്ടിക
നീരജ് ചോപ്ര-ഇന്ത്യ -88.17 മീ. സ്വർണം
അർഷദ് നദീം-പാക്കിസ്ഥാൻ-87.32 മീ-വെള്ളി
യാക്കുബ് വാഡ്ലെയ്ച്( ചെക് റിപ്പബ്ലിക്)-86.67 മീ. വെങ്കലം
ഫൈനലിലെത്തിയ ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി.പി. മനു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. 84.77 മീറ്ററാണ് കിഷോർ ജെനയുടെ മികച്ച ദൂരം. മനു 84.14 മീറ്റർ വരെ എറിഞ്ഞു.
നീരജ് ചോപ്രയുടെ ആദ്യശ്രമം ഫൗൾ ആയി പോയി. അതേസമയം, ഇന്ത്യയുടെ ഡി പി ബിനു 78.44 മീ. എറിഞ്ഞ് മികച്ച തുടക്കമിട്ടു. എന്നാൽ, ആറാമതായിരുന്നു. കിഷോർ ജേന 75.70 മീ. എറിഞ്ഞു. ആദ്യ ത്രോയിൽ ഫിൻലൻഡിന്റെ ഒളിവർ ഹീലാൻഡർ 83.38 മീ. മായി മുന്നിട്ടുനിന്നു.
രണ്ടാമത്തെ ത്രോയിൽ നീരജ് താൻ ആരാണെന്ന് കാട്ടി കൊടുത്തു.88.17 മീ
Neeraj chopra takes the lead with a big throw of 88.17 in his 2nd attempt pic.twitter.com/FoEa0tPLSB
- Nithish Raghunandanan (@nithishr) August 27, 2023
ചെക് താരം യാകൂബിനെ(84.18മീ.) ഇതോടെ പിന്നിലാക്കി നീരജ് ഒന്നാമതെത്തി. ബിനുവിന്റെ രണ്ടാമത്തെ ത്രോ ഫൗളായി.
മൂന്നാമത്തെ ശ്രമത്തിൽ 86.32 മീ. താണ്ടാനേ കഴിഞ്ഞുള്ളുവെങ്കിലും നീരജ് തന്നെയായിരുന്നു ടോപ്പർ. പാക്കിസ്ഥാന്റെ അർഷദ് നദീം 87.82 മീ. എറിഞ്ഞെങ്കിലും, നീരജിനെ മറികടക്കാനായില്ല. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ വെഗ്നർ, അബ്ദേൽറഹ്മാൻ, മർദാരെ, ഹെർമൻ എന്നിവർ പുറത്തായി. അവസാനത്തെ എട്ടുപേർക്ക് മൂന്നുവീതം അവസരമുണ്ടായിരുന്നു. ഇതനുസരിച്ച് നീരജും, നദീമും അവസാനമാണ് എറിഞ്ഞത്.
നാലാമത്തെ ശ്രമത്തിൽ കിഷോർ ജെന 80.19 മീ. കണ്ടെത്തിയതോടെ ഏഴാമതെത്തി. നാലാം ശ്രമം ഫൗളായ മനു അഞ്ചാമതും.
നാലാമത്തെ ശ്രമത്തിലും നീരജിന് നില മെച്ചപെടുത്താനായില്ല. 84.64 മീ. നാലാമത്തെ ശ്രമത്തിൽ നദീം 87.15 മീ. കണ്ടെത്തി. നാലാമത്തെ ത്രോയിൽ 82.55 മീ. കണ്ടെത്തിയ വെബർ മൂന്നാമതും. ഏറ്റവും മികച്ച ത്രോ-85.79.
അഞ്ചാമത്തെ ശ്രമത്തിൽ കിഷോർ ജെന 84.77 മീ കണ്ടെത്തി നാലാമതെത്തി. അതേസമയം, അഞ്ചാം ശ്രമത്തിലും നീരജിന് നില മെച്ചപ്പെടുത്താനായില്ല. 87.73 മീ. അർഷദ് നദീം രണ്ടാമതും, ജാക്കുബ് മൂന്നാമതും. വെബർ നാലാമതായപ്പോൾ കിഷോർ ജെന അഞ്ചാം സ്ഥാനത്തേക്ക് മാറി.
88.77 മീറ്ററോടെ യോഗ്യതാ റൗണ്ടിൽ ഒന്നാമതായാണ് നീരജ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സീസണിലെ ഏറ്റവും മികച്ച ദൂരം. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്. പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഫൈനലിൽ മത്സരിക്കുന്ന പന്ത്രണ്ട് താരങ്ങളിൽ നീരജിനൊപ്പം 80 മീറ്റർ മറികടന്ന മനുവും കിഷോർ ജെനയുമുണ്ടായിരുന്നു. യോഗ്യതാ റൗണ്ടിൽ 81.31 മീറ്ററോടെ മനു ആറും 80.55 മീറ്ററോടെ കിഷോർ ഒൻപതും സ്ഥാനത്ത് എത്തി. മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ഫൈനലിൽ എത്തുന്നതും ആദ്യമായിരുന്നു.
കഴിഞ്ഞ വർഷം നീരജ് ചോപ്ര വെള്ളി മെഡൽ നേടിയിരുന്നു. 86.79 ദൂരത്തോടെ രണ്ടാമതെത്തിയ പാക്കിസ്ഥാന്റെ അർഷാദ് നദീം, ചെക് താരം യാകൂബ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവരായിരുന്നു ഫൈനലിൽ നീരജിന്റെ പ്രധാന എതിരാളികൾ.
ജാവലിൻ ത്രോയിലെ ലോക റെക്കോഡ് പ്രകടനം 98.48 മീറ്റർ ആണ്. 1996ൽ ചെക്കിന്റെ യാൻ സെലെൻസ്കിയാണ് നേട്ടം കൈവരിച്ചത്. ചാമ്പ്യൻഷിപ്പ് റെക്കോഡും ഇതേ താരത്തിന്റെ പേരിലാണ്. 2001ലെ പതിപ്പിൽ 92.80 മീറ്റർ ദൂരം എറിഞ്ഞു. സീസണിലെ ഏറ്റവും മികച്ച പ്രകടനം ചെക്ക് താരം യാക്കൂബ് വാഡ്ലെയ്ചിന്റെ പേരിലാണ്. ഇക്കഴിഞ്ഞ ജൂണിൽ ഫിൻലൻഡിൽ 89.51 ദൂരമാണ് താരം കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ