ദോഹ: ജാവലിൻത്രോയിലെ പുതിയ ദൂരം എറിഞ്ഞിട്ട് ലോകത്തെ വീണ്ടും കീഴടക്കി നീരജ് ചോപ്ര. ഇന്നലെ നടന്ന ദോഹ ഡയമണ്ട് ലീഗിൽ പുരുഷ ജാവലിൻത്രോയിൽ 88.67 മീറ്റർ എറിഞ്ഞിട്ട നീരജ് ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് ദോഹയിൽ തിളങ്ങിയത്. എട്ടു മാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ ഒളിംപിക് ചാംപ്യൻ ഇന്നലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് നീരജ് ദോഹയിൽ തിളങ്ങിയത്.

ഇന്നലെ തന്റെ ആദ്യ ഊഴത്തിലാണ് നീരജ് 88.67 മീറ്ററെന്ന വിജയദൂരം പിന്നിട്ടത്. പിന്നീട് 3 തവണ കൂടി നീരജിന്റെ ജാവലിൻ 85 മീറ്ററിന് അപ്പുറത്തേക്ക് പറന്നു. എന്നാൽ ജാവലിൻത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ കടമ്പ പിന്നിടാൻ ഇത്തവണയും ഇന്ത്യൻ സൂപ്പർ താരത്തിനായില്ല എന്നതും നിരാശയായി. പുരുഷന്മാരുടെ ട്രിപ്പിൾജംപിൽ മത്സരിച്ച മലയാളി താരം എൽദോസ് പോൾ പത്താം സ്ഥാനത്തായി (15.84 മീറ്റർ).

ടോക്കിയോ ഒളിംപിക്‌സിൽ നീരജിനു പിന്നിൽ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാൽഡെജിനാണ് രണ്ടാംസ്ഥാനം (88.63 മീറ്റർ). കഴിഞ്ഞവർഷം നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ നീരജിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി സ്വർണം നേടിയ ഗ്രനാഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് ഇവിടെ മൂന്നാംസ്ഥാനത്തായി (85.88 മീറ്റർ).

കഴിഞ്ഞവർഷം സെപ്റ്റംബറിൽ സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ ജേതാവായ നീരജ് നിലവിലെ ചാംപ്യനെന്ന പകിട്ടോടെയാണ് സീസണിലെ ആദ്യ ഡയമണ്ട് ലീഗിന് ഇറങ്ങിയത്. 90 മീറ്റർ ദൂരം പിന്നിട്ട 4 പേർ മത്സരത്തിൽ നീരജിന് കടുത്ത വെല്ലുവിളിയുയർത്തുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

കഴിഞ്ഞവർഷം ദോഹയിൽ 90.88 മീറ്റർ എറിഞ്ഞ യാക്കൂബ് ഇത്തവണ നീരജിന് പിന്നിലൊതുങ്ങി. ലോക ചാംപ്യൻഷിപ്പിൽ 93.07 മീറ്ററെന്ന വിസ്മയ ദൂരം കണ്ടെത്തിയ ആൻഡേഴ്‌സൻ പീറ്റേഴ്‌സനും നീരജിന്റെ അടുത്തെങ്ങുമെത്താനായില്ല. കഴിഞ്ഞ വർഷത്തെ ഫൈനൽ അടക്കം ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ഇതു മൂന്നാം തവണയാണ് നീരജ് ജേതാവാകുന്നത്.