യോക്കോഹാ: ജപ്പാനിലെ യോക്കോഹാമയിൽനടക്കുന്ന സെയ്ക്കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്ലറ്റിക്സിൽ ലോങ്ജംപിൽ ഇന്ത്യയുടെ ശൈലി സിങ്ങിന് വെങ്കലം. ലോങ്ജംപിൽ 6.65 മീറ്റർ ദൂരം കണ്ടെത്തിയാണ് ശൈലി വെങ്കലം നേടിയത്. റോബർട്ട് ബോബി ജോർജിന്റെ കീഴിൽ ബെംഗളൂരുവിലെ അഞ്ജു ബോബി ഹൈ പെർഫോർമൻസ് സെന്ററിലാണ് ശൈലി പരിശീലനം നടത്തുന്നത്.

ജർമനിയുടെ മരീസെ ലുസോളോ മത്സരത്തിൽ സ്വർണം നേടി (6.79 മീറ്റർ). ഓസ്ട്രേലിയയുടെ ബ്രൂക്ക് ബുഷ്‌ക്വെല്ലിനാണ് വെള്ളി (6.77 മീറ്റർ). 19 വയസ്സ് മാത്രം പ്രായമുള്ള ശൈലി 2021-ലെ അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. 6.76 മീറ്ററാണ് ശൈലിയുടെ കരിയറിലെ മികച്ച ദൂരം.

ശൈലി 6.80 മീറ്റർ താണ്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ലാൻഡിങ്ങിൽ ചില പിഴവുകൾ വന്നെന്നും പരിശീലകൻ റോബർട്ട് ബോബി ജോർജ് വ്യക്തമാക്കി. വരുന്ന ഇന്റർ സ്റ്റേറ്റ് നാഷണൽസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ശൈലി മത്സരിക്കുന്നുണ്ട്.