- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ലോങ്ജംപിൽ എം.ശ്രീശങ്കർ; വനിത വിഭാഗത്തിൽ ആൻസി സോജൻ; 1,500 മീറ്റർ ഓട്ടത്തിൽ ജിൻസൻ ജോൺസൺ; സുവർണ നേട്ടത്തിലേക്ക് കുതിച്ച് മലയാളി താരങ്ങൾ; ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്‌സ് മീറ്റിൽ കേരളത്തിന് മൂന്ന് സ്വർണം കൂടി
ഭുവനേശ്വർ: ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്‌സ് മീറ്റിൽ അവസാനദിവസം കേരളത്തിനു മൂന്ന് സ്വർണം കൂടി. പുരുഷ ലോങ്ജംപിൽ എം.ശ്രീശങ്കറും വനിത ലോങ്ജംപിൽ ആൻസി സോജനും സ്വർണം നേടി. 1,500 മീറ്റർ ഓട്ടത്തിൽ ജിൻസൻ ജോൺസനും സുവർണനേട്ടം. 8.29 മീറ്റർ ചാടിയായിരുന്നു ശ്രീശങ്കറിന്റെ നേട്ടം.
യോഗ്യത റൗണ്ടിൽ 8.41 മീറ്റർ ചാടി ലോക അത്ലറ്റിക് ചംപ്യൻഷിപ്പിലേക്കും ഏഷ്യൻ ഗെയിംസിലേക്കും ശ്രീശങ്കർ യോഗ്യത നേടിയിരുന്നു. വനിത ലോങ് ജംപിൽ 6.51 മീറ്റർ ചാടിയായിരുന്നു ആൻസി സോജന്റെ നേട്ടം. യോഗ്യത റൗണ്ടിൽ 6.44 ചാടി ആൻസി ഏഷ്യൻ ഗെയിംസിന് യോഗ്യത ഉറപ്പാക്കിയിരുന്നു.
ഏഷ്യൻ ഗെയിംസ് യോഗ്യത നേരത്തെ സ്വന്തമാക്കിയ ആൻസി പിന്നാലെയാണ് സുവർണ നേട്ടത്തിലേക്കും ചാടിയത്. 6.49 മീറ്റർ താണ്ടി ഉത്തർ പ്രദേശിന്റെ ഷൈലി സിങ് വെള്ളിയും 6.44 മീറ്റർ പിന്നിട്ടു ഷെലിയും ആൻസിയും തമ്മിലായിരുന്നു കടുത്ത പോരാട്ടം. ആൻസി നാലാം ശ്രമത്തിൽ 6.44 മീറ്റർ താണ്ടി.
ഷൈലി രണ്ടാം ശ്രമത്തിൽ 6.49 മീറ്റർ പിന്നിട്ടിരുന്നു. അഞ്ചാം ശ്രമത്തിലാണ് താരം 6.47 മീറ്റർ താണ്ടിയത്. എന്നാൽ തന്റെ അഞ്ചാം ശ്രമത്തിൽ ആൻസി 6.51 മീറ്റർ താണ്ടി ഷൈലിയെ മറികടന്നു. ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് ഭഗവതി വെങ്കലവും സ്വന്തമാക്കി.
കേരളത്തിന്റെ മറ്റൊരു മെഡൽ പ്രതീക്ഷ കൂടിയായ നയന ജെയിംസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 6.41 മീറ്ററായിരുന്നു. മറ്റൊരു കേരള താരം നീന വി എട്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 1500 മീറ്ററിൽ 3 മിനുട്ടും 42.77 സെക്കന്റിലുമായിരുന്നു ജിൻസന്റെ ഫിനിഷിങ്.
പുരുഷ 400 മീറ്റർ റിലേയിൽ കേരളം വെള്ളി നേടി. വനിത 200 മീറ്ററിൽ അഞ്ജലി പി.ഡിയും പുരുഷ 400 മീറ്റർ ഹഡിൽസിൽ ജാബിർ എംപിയും വനിത 400 മീറ്റർ ഹഡിൽസിൽ ആർ അനുവും വെങ്കലം സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്