- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിൽ നാഡ ശേഖരിച്ച രണ്ട് സാമ്പിളുകളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വർഷത്തെ വിലക്ക്; രാജ്യത്തേ വേഗമേറിയ വനിതാ അത്ലറ്റിന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടി
ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ സ്പ്രിന്ററും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ദ്യുതി ചന്ദിന് നാലു വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നാഡ ശേഖരിച്ച താരത്തിന്റെ രണ്ട് സാമ്പിളുകളിലും സെലക്ടീവ് ആൻഡ്രോജൻ റിസെപ്റ്റർ മോഡുലേറ്റേഴ്സിന്റെ (നിരോധിത ഉത്തേജക മരുന്ന്) സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
2023 ജനുവരി മൂന്ന് മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ഇനി താരത്തിന് ദേശീയ-അന്തർ ദേശീയ മത്സരങ്ങളിലൊന്നും പങ്കെടുക്കാനാകില്ല. അതേസമയം താരത്തിന് അപ്പീൽ നൽകാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2018-ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി മെഡൽ നേടിയ ദ്യുതി, 100 മീറ്ററിൽ ദേശീയ റെക്കോഡിന് ഉടമയുമാണ്.
കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യുതിക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാലു വർഷ വിലക്കേർപ്പെടുത്തിയത്. പാട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രിക്സിൽ 100 മീറ്റർ ദൂരം 11.17 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യുതി രാജ്യത്തേ വേഗമേറിയ വനിതാ അത്ലറ്റായത്.
ജനുവരി മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ദ്യുതിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ അഞ്ചിനും 26നും ആണ് നാഡ ദ്യുതിയുടെ സാംപിളുകൾ പരിശോധനക്കായി എടുത്തത്. രണ്ട് പരിശോധനകളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ഏഴ് ദിവസത്തിനകം ബി സാംപിൾ പരിശോധനക്ക് അവസരമുണ്ടായിരുന്നങ്കിലും ദ്യുതി അതിന് തയാറായില്ല. വിലക്ക് നിലവിൽ വന്ന കാലയളവു മുതൽ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി അധ്യക്ഷ ചൈതന്യ മഹാജൻ പറഞ്ഞു.
ഉത്തേജകമരുന്ന് എങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് നാഡയെ ബോധിപ്പിക്കാൻ ദ്യുതി ചന്ദിനായെങ്കിലും ഇക്കാര്യത്തിൽ അശ്രദ്ധയോ പിഴവോ ബോധ്യപ്പെടുത്താൻ താരത്തിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ബോധപൂർവമുള്ള വീഴ്ചയായി കണ്ടാണ് നാഡ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയിട്ടുള്ള താരമാണ് ദ്യുതി. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
രാജ്യത്തെ വേഗമേറിയ താരമാണ് 26കാരിയായ ദ്യുതി.4* 100 മീറ്റർ റിലേ ടീമിലും ഇന്ത്യയുടെ നിർണായക താരമാണ്. 2014ൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് ശരീരത്തിൽ അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നും ദ്യുതിയെ വിലക്കിയിരുന്നു. അടുത്ത മാസം ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ് ക്യാംപിൽ ദ്യുതി പങ്കെടുത്തിരുന്നില്ലന്നാണ് അത്ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കുന്നത്.
സ്പോർട്സ് ഡെസ്ക്