- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മാജിക്കൽ പന്തുമായി ജഡേജ പിഴുതത് 7 വിക്കറ്റ്; 3 വിക്കറ്റുമായി പിന്തുണ നൽകി അശ്വിനും; രണ്ടാം ഇന്നിങ്ങ്സിലും ഓസ്ട്രേലിയയ്ക്ക് കൂട്ടത്തകർച്ച; 113 റൺസിന് പുറത്ത്; ഇന്ത്യക്ക് ജയിക്കാൻ 115 റൺസ്; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ ഒരു റൺസിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ 113ന് പുറത്തായി. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഓസീനെ തകർത്തത്. ആർ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറർ.മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.1 റൺസെടുത്ത കെ എൽ രാഹുലിനെ നാഥൻ ലിയോണാണ് മടക്കിയത്.ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ്.12 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും 1 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.കരുതലോടെ കളിച്ച് ഇന്ന് തന്നെ വിജയം നേടാനാകും ഇന്ത്യയുടെ ശ്രമം.
ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന ശക്തമായ നിലയിലാണ് ഓസീസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ അവരുടെ ശേഷിച്ച ഒൻപത് വിക്കറ്റുകളും നിലംപൊത്തി. വെറും 52 റൺസ് മാത്രമാണ് അവർക്ക് അതിനിടെ ചേർക്കാൻ സാധിച്ചത്.
ഏഴ് വിക്കറ്റുകൾ വീഴ്‌ത്തി ജഡേജയും ശേഷിച്ച മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി അശ്വിനും ഓസീസിനെ തകർത്ത് തരിപ്പണമാക്കി. 12.1 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റുകൾ പിഴുതത്. അശ്വിൻ 16 ഓവറിൽ 59 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇരുവരും മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു. ഇതോടെ ജഡേജ പത്ത് വിക്കറ്റുകളും അശ്വിൻ ആറ് വിക്കറ്റുകളും രണ്ട് ഇന്നിങ്സുകളിലുമായി സ്വന്തമാക്കി.
43 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി മാറിയ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത്. അശ്വിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന് പിടി നൽകിയാണ് താരത്തിന്റെ മടക്കം. പിന്നാലെ സ്റ്റീവ് സ്മിത്തും വീണു. താരം ഒൻപത് റൺസുമായി മടങ്ങി. സ്മിത്തിനേയും അശ്വിനാണ് പുറത്താക്കിയത്. താരം വിക്കറ്റിന് മുന്നിൽ കുടങ്ങി.
പത്ത് റൺസ് ചേർക്കുന്നതിനിടെ മർനസ് ലബുഷെയ്നും പുറത്ത്. താരത്തെ ജഡേജ ക്ലീൻ ബൗൾഡാക്കി. ട്രാവിസ് ഹെഡ്ഡിനൊപ്പം ഇന്ത്യൻ സ്പിന്നിനെ സധൈര്യം നേരിടാൻ ലബുഷെയ്ന് സാധിച്ചെങ്കിലും മൂന്നാം ദിനത്തിൽ താരത്തിന്റെ ചെറുത്തു നിൽപ്പിനും വിരാമം. 35 റൺസുമായി ലബുഷെയ്ൻ കൂടാരം കയറി.
പിന്നാലെ കൂട്ടത്തകർച്ചയായിരുന്നു. മൂന്ന് താരങ്ങൾ സംപൂജ്യരായി മടങ്ങി. പീറ്റർ ഹാൻഡ്സ്‌കോംപ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, അവസാന ബാറ്റർ മാത്യു കുനെമൻ എന്നിവരാണ് പൂജ്യത്തിൽ മടങ്ങിയത്. മാറ്റ് റെൻഷോ രണ്ട് റൺസും, അലക്സ് കാരി ഏഴ് റൺസും, താൻ ലിയോൺ എട്ട് റൺസുമായി മടങ്ങി. ടോഡ് മർഫി മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ രണ്ടാം ദിനത്തിൽ തന്നെ അവർക്ക് ഉസ്മാൻ ഖവാജയുടെ വിക്കറ്റ് നഷ്ടമായിരുന്നു. താരം ആറ് റൺസുമായി മടങ്ങി. ഖവാജയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.
ഓസീസ് സ്പിന്നർമാരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി നതാൻ ലിയോണും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി ടോഡ് മർഫി, മാത്യു കുനെമൻ എന്നിവരും തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കി.ഓസീസ് സ്പിന്നിന് മുന്നിൽ മുൻനിര തകർന്നപ്പോൾ വാലറ്റത്ത് അക്ഷർ പട്ടേൽ ആർ അശ്വിൻ സഖ്യമാണ് ഇന്ത്യക്ക് തുണയായത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ് അക്ഷർ അശ്വിൻ സഖ്യം ക്രീസിൽ ഒന്നിച്ചത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസ് ബോർഡിൽ ചേർത്തതോടെ ഇന്ത്യ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. അശ്വിനെ മടക്കി കമ്മിൻസാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അധികം വൈകാതെ ഇന്ത്യൻ ഇന്നിങ്സിനും തിരശ്ശീല വീണു.
അക്ഷർ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. താരം ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം 74 റൺസ് കണ്ടെത്തി. അശ്വിൻ 37 റൺസുമായി മടങ്ങി.മുഹമ്മദ് ഷമി രണ്ട് റൺസിൽ പുറത്തായി. മുഹമ്മദ് സിറാജ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ നതാൻ ലിയോണിന്റെ സ്പിന്നിന് മുന്നിലാണ് പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞത്. രോഹിത് ശർമ, ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ, ശ്രീകർ ഭരത് എന്നിവർ നതാൻ ലിയോണിനു മുന്നിൽ വീണു.
വിരാട് കോഹ്ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരൻ മാത്യു കുന്നെമൻ ഇന്ത്യൻ മുൻ നായകനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. കോഹ്ലി 44 റൺസെടുത്തു. രവീന്ദ്ര ജഡേജ 26 റൺസുമായി മടങ്ങി. ശ്രീകർ ഭരത് ഇത്തവണയും പരാജയമായി. താരം ആറ് റൺസുമായി മടങ്ങി.സ്‌കോർ 46 റൺസ് നിൽക്കെ കെ എൽ രാഹുൽ 17 റൺസിൽ എൽബിയിൽ പുറത്തായി. തുടർന്ന് 32 റൺസെടുത്ത് ക്യാപറ്റൻ രോഹിത് ശർമയും പൂജ്യത്തിന് ചേതേശ്വർ പൂജാരയും പുറത്തായി.
നാല് വിക്കറ്റുകൾ നേടിയ പേസർ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകൾ വീതം പങ്കുവച്ച സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്. ഓപ്പണർ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്‌കോംബ്, ക്യാപ്റ്റൻ പാറ്റ് കമിൻസ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്ക്ക് തുണയായത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 78.4 ഓവറിൽ 263 റൺസെടുത്ത് ഓൾഔട്ട് ആയി.