- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിൽ
ടറൗബ: ട്വന്റി 20 ലോകകപ്പിൽ വമ്പന്മാർ ആശങ്കയിൽ. ന്യൂസിലാന്റ് ടൂർണമെന്റിൽ നിന്നും പുറത്തായി. തുടർച്ചയായി മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിൽ കടന്നു. പാപ്വ ന്യൂ ഗിനിയക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ഇതോടെ ഗ്രൂപ്പ് 'സി'യിൽ ന്യൂസിലാൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷയും അവസാനിച്ചു. കളിച്ച രണ്ട് മത്സരങ്ങളും ന്യൂസിലാൻഡ് തോറ്റിരുന്നു. മൂന്ന് മത്സരങ്ങളും ജയിച്ച വെസ്റ്റിൻഡീസ് നേരത്തെ സൂപ്പർ എട്ടിൽ ഇടംപിടിച്ചിരുന്നു.
അഫ്ഗാനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പി.എൻ.ജി 19.5 ഓവറിൽ 95 റൺസിന് പുറത്താവുകയായിരുന്നു. 27 റൺസെടുത്ത കിപ്ലിൻ ഡോറിഗയാണ് ടോപ് സ്‌കോറർ. ടോണി യുറ (11) അലൈ നാവോ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. അഫ്ഗാനിസ്ഥാനായി ഫസലുൽ ഹഖ് ഫാറൂഖി മൂന്നും നവീനുൽ ഹഖ് രണ്ടും നൂർ അഹ്മദ് ഒന്നും വിക്കറ്റും വീഴ്‌ത്തി.
96 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ അഫ്ഗാനെ 36 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ഗുൽബദിൻ നായിബാണ് വിജയത്തിലെത്തിച്ചത്. റഹ്മാനുല്ല ഗുർബാസ് (11), ഇബ്രാഹിം സദ്‌റാൻ (0), അസ്മതുല്ല ഒമർസായ് (13) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ 16 റൺസുമായി മുഹമ്മദ് നബി നായിബിനൊപ്പം പുറത്താകാതെനിന്നു.