- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടീമിൽ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്മാരുണ്ടായാൽ ഇങ്ങനെയിരിക്കും; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് ജഡേജ; ക്യാപ്റ്റൻ ആയതിന് ശേഷം എത്രമത്സരം രോഹിത് ഇന്ത്യയെ നയിച്ചെന്നും വിമർശനം
മുംബൈ: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ടീമിന് ഒരു നായകനെ പാടുള്ളൂവെന്നും ഏഴ് ക്യാപ്റ്റന്മാരൊക്കെ ഉണ്ടായാൽ ഇങ്ങനെ തന്നെ സംഭവിക്കുമെന്നും ക്രിക് ബസിലെ ചർച്ചയിൽ ജഡേജ പറഞ്ഞു.
ഞാൻ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ രോഹിത് ശർമയെ വേദനിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും ആ ടീം തുടർച്ചയായി ഒരുമിച്ച് കളിക്കണം. ഈ വർഷം എത്ര പരമ്പരകളിലാണ് രോഹിത് ശർമ കളിച്ചത്. ഇതൊരു സൂചനയാണെന്നല്ല ഞാൻ പറയുന്നത്. പണ്ടുമുതലേ പറയുന്ന കാര്യം ആവർത്തിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പിനുശേഷം നടക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ പരിശീലകൻ പോലും പോകുന്നില്ല.
ടീമിന് ഒരു നായകനെ ഉണ്ടാവാൻ പാടുള്ളു. അല്ലാതെ ഏഴ് നായകന്മാരൊക്കെ ഉണ്ടായാൽ കാര്യങ്ങൾ ബുദ്ധിമുട്ടാണെന്നും ജഡേജ പറഞ്ഞു. ഈ വർഷം കളിച്ച ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ നിരവധി ക്യാപ്റ്റന്മാരെ പരീക്ഷിച്ചിരുന്നു. ജൂണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചതെങ്കിൽ ഇതിനുശേഷം അയർലൻഡിനെതിരായ പരമ്പരയിൽ ഹാർദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്. കെ എൽ രാഹുലും ജസ്പ്രീത് ബുമ്രയുമെല്ലാം ഇതിനിടയിൽ ഇന്ത്യൻ നായകരായി.
ടി20 ലോകകപ്പിൽ മോശം ഫോമിലായിരുന്ന രോഹിത് ആറ് ഇന്നിങ്സുകളിൽ 19.33 ശരാശരിയിൽ 116 റൺസ് മാത്രമാണ് നേടിയത്. ദുർബലരായ നെതർലൻഡ്സിനെതിരെ നേടിയ ഒരേയൊരു അർധസെഞ്ചുറി മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്.ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയായിരുന്നു ഇന്ത്യ ഇന്ന് വഴങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ