- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
ചെന്നൈ: തമിഴ്നാട് വഴി ഇന്ത്യൻ ക്രിക്കറ്റിലെ പുതു പ്രതീക്ഷയാകാൻ അജയ് കൃഷ്ണൻ. തമിഴ്നാട് രഞ്ജി ടീമിൽ വീണ്ടും മലയാളി എത്തുകയാണ്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടിയും കളിക്കാതെയാണ് ഈ മലയാളി തമിഴ്നാട് രഞ്ജി ട്രോഫി ടീമിലെത്തുന്നത്. മുമ്പ് സുനിൽ സാം ഈ രീതിയിൽ തമിഴ്നാട് ടീമിൽ കളിച്ചിരുന്നു. എംആർഎഫ് പേസ് ഫൗണ്ടേഷന്റെ അസിസ്റ്റന്റ് കോച്ചാണ് സുനിൽ സാം. സുനിൽ സാമാണ് അജയ് കൃഷ്ണന്റെ ബൗളിങ് മികവ് കണ്ടെത്തിയതും തമിഴ്നാട്ടിൽ അവസരമൊരുക്കിയതും എന്നതും പ്രത്യേകതയാണ്.
ത്രിപുരയ്ക്ക് എതിരായ രഞ്ജി ട്രോഫി ടീമിൽ അജയ് കൃഷ്ണനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മലയാളിയായ സന്ദീപ് വാര്യരും തമിഴ്നാട് രഞ്ജി ടീമിന്റെ ഭാഗമാണ്. കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്ന സന്ദീപ് രണ്ട് സീസണ് മുമ്പാണ് തമിഴ്നാട് ടീമിലേക്ക് മാറുന്നത്. അതിനും മുമ്പ് സുനിൽ സാമിന് മാത്രമാണ് തമിഴ്നാട് ടീമിൽ കളിക്കാനായ മലയാളി. കുളത്തൂപൂഴക്കാരനും നേരിട്ട് തമിഴ്നാട് ടീമിൽ കളിക്കുകയായിരുന്നു.
ഇത് തന്നെയാണ് അജയ് കൃഷ്ണന്റേയും നേട്ടം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടീമുകളിൽ ഒന്നാണ് തമിഴ്നാടിന്റേത്. നിരവധി ഇന്ത്യൻ താരങ്ങളെ സൃഷ്ടിച്ച ടീം. ഇവിടെ മറ്റ് സംസ്ഥാനത്തുള്ള താരങ്ങളെ കളിക്കാനായി പരിഗണിക്കാറു പോലുമില്ല. ഈ ടീമിലേക്കാണ് രണ്ട് മലയാളികൾ ഒരേ സമയം എത്തുന്നത്. കേരളത്തിന് വേണ്ടി കളിച്ച് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്ദീപ് വാര്യർ.
ഈ സീസണിലെ ആദ്യ മത്സരത്തിൽ സന്ദീപ് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. പക്ഷേ മത്സരത്തിൽ തമിഴ്നാടിന് മുൻതൂക്കം കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അജയ് കൃഷ്ണയെ ഉൾപ്പെടുത്തി തമിഴ്നാട് ടീമിൽ മാറ്റം വരുത്തുന്നത്. ഫലത്തിൽ തമിഴ്നാട് ടീമിന്റെ ഫാസ്റ്റ് ബൗളിങ് നേതൃത്വം മലയാളികൾക്കാകും. പെരുമ്പാവൂരിൽ നിന്നാണ് ബംഗ്ലൂരുവിലൂടെ അജയ് കൃഷ്ണൻ തമിഴ്നാട്ടിലെത്തുന്നത്. എംആർഎഫിൽ ഗ്ലെൻ മഗ്രാത്താണ് ബൗളിങ് പരിശീലകൻ. സുനിൽ സാം അസിന്റന്റ് കോച്ചും. പ്രതികളെ കണ്ടെത്താനുള്ള സുനിലിന്റെ ബംഗ്ലൂരു യാത്രയാണ് നിർണ്ണായകമായത്.
ബംഗ്ലൂരിലെ ലോക്കൽ ടൂർണ്ണമെന്റിൽ പ്രാദേശിക ടീമിന് വേണ്ടി പന്തെറിഞ്ഞ അജയ് കൃഷ്ണനെ സുനിൽ സാം തിരിച്ചറിഞ്ഞു. പെരുമ്പാവൂരുകാരനായ അജയ് കൃഷ്ണയെ തമിഴ്നാട്ടിലേക്ക് കൊണ്ടു വന്നു. സുനിൽ പഠിച്ചിരുന്ന കോയമ്പത്തൂരിലെ കോളേജിൽ ചേർത്ത് പഠനം. ഒപ്പം ബൗളിംഗും. പ്രാദേശിക തലത്തിൽ ശ്രദ്ധേയനായ അജയ് കൃഷ്ണയ്ക്ക് എംആർഎഫിലും അവസരമെത്തി. മഗ്രാത്തിന്റെ ഉപദേശങ്ങൾ ലൈനിലും ലെങ്ത്തിലും നിർണ്ണായകമായി. ഇതോടെ തമിഴ്നാട്ടിലെ പ്രാദേശിക ലീഗുകളിൽ വിക്കറ്റ് നേടുന്ന താരമായി അജയ് മാറി.
കഴിഞ്ഞ സീസണിൽ ടിഎൻപിഎല്ലിൽ മികച്ച ബൗളിംഗായിരുന്നു അജയ് കൃഷ്ണയുടേത്. 2022ലും മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച അജയ് വമ്പൻ വിക്കറ്റുകൾ നേടിയതോടെ രഞ്ജി ട്രോഫി സെലക്ടർമാരുടെ കണ്ണിലുമെത്തി. 27-ാം വയസ്സിൽ രഞ്ജിയിൽ തമിഴ്നാടിന് വേണ്ടി അരങ്ങേറ്റം. കേരളത്തിൽ യാതൊരു തരത്തിലും മുഖ്യധാര ടൂർണ്ണമെന്റിൽ അജയ് കൃഷ്ണന്റെ പേരുകൾ കാണാനില്ല. ജില്ലാ തലത്തിൽ കളിക്കാൻ ശ്രമിച്ചെങ്കിലും ടീമിൽ പോലും കിട്ടിയില്ല. ഇതോടെയാണ് കേരളത്തിൽ കളിക്കാൻ കഴിയില്ലെന്ന് അജയ് തിരിച്ചറിഞ്ഞത്.
കളിയോടുള്ള താൽപ്പര്യവുമായാണ് അജയ് ബംഗ്ലൂരുവിലെത്തിയത്. അവിടെ ചെറിയ ക്ലബ്ബുകളിൽ കളിക്കുമ്പോഴായിരുന്നു സുനിൽ സാം ഈ വലതു കൈയൻ ബൗളറെ ശ്രദ്ധിക്കുന്നത്. 25-ാം വയസ്സിലാണ് എംഎർഎഫിൽ ട്രെയിനിയായത്. നിലവിൽ എംആർഎഫിൽ താരം കൂടിയാണ് അജയ് കൃഷ്ണ.