അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയുടെയും ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും മിന്നുന്ന സെഞ്ചുറികളായിരുന്നു ഇന്ത്യക്ക് നിർണായക ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി കണ്ടെത്തി വൻ തിരിച്ചുവരവാണ് വിരാട് കോലി നടത്തിയത്. അഹമ്മദാബാദ് ടെസ്റ്റിൽ ഓസീസ് ബൗളർമാരെ കുഴക്കിയ കോലിയുടെ ഇന്നിങ്സ് ഇരട്ട സെഞ്ചുറിക്ക് തൊട്ടരികെയാണ് അവസാനിച്ചത്. 364 പന്തിൽ നിന്ന് അടിച്ചെടുത്തത് 186 റൺസ്.

എന്നാൽ കോലി അസുഖം വകവെക്കാതെയാണ് മാരത്തൺ ഇന്നിങ്‌സ് കളിച്ചതെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കോലിയുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അനുഷ്‌ക ഇക്കാര്യം പറയുന്നത്. 'രോഗത്തിനിടയിലും ഇത്രയും മനസാന്നിധ്യത്തോടെ കളിക്കുന്നു. നിങ്ങൾ എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു.' അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ടെസ്റ്റിൽ 40 മാസത്തെ സെഞ്ചുറി വരൾച്ചക്ക് വിരാമമിട്ടാണ് കോലി കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറികുറിച്ചത്. ബാറ്റിംഗിനിടെയോ ഫീൽഡിംഗിനിടെയോ കോലി അസുഖത്തിന്റേതായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയോട് മാധ്യങ്ങൾ കോലിയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.

കോലി ഇത്രയും കാലം സെഞ്ചുറി നേടാതിരുന്നത് വലിയ ബാധ്യതയൊന്നും ആയിരുന്നില്ലെന്ന് രോഹിത് പറഞ്ഞു. കോലിയെ പോലൊരു കളിക്കാരൻ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വലിയ ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. വർഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ട്. ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ക്രീസിലിറങ്ങന്നത്. അദ്ദേഹത്തിന്റെ ക്ലാസിനെക്കുറിച്ച് ഞങ്ങൾക്കാർക്കും സംശയമില്ല. അതുകൊണ്ടുതന്നെ ടെസ്റ്റിൽ സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നുന്നില്ല. ചെറുതായൊരു ചുമ മാത്രമെ ഉണ്ടായിരുന്നുള്ളു. അത് അത്ര വലിയ പ്രശ്‌നമായിരുന്നു എന്ന് തോന്നുന്നില്ലെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റൺസിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 571 റൺസടിച്ചിരുന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ 128 റൺസടിച്ചപ്പോൾ വിരാട് കോലി 186 റൺസടിച്ചു. 364 പന്തുകൾ നേരിട്ട കോലി 15 ബൗണ്ടറികൾ സഹിതമാണ് 186 റൺസ് നേടിയത്. സെഞ്ചുറിയിൽ എത്തുന്നതുവരെ അഞ്ച് ബൗണ്ടറികൾ മാത്രമാണ് കോലി നേടിയിരുന്നത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇതിന് മുമ്പ് ടെസ്റ്റിൽ കോലി അവസാനം സെഞ്ചുറി നേടിയത്.