മുംബൈ: മുപ്പത്തിനാല് വർഷം ഇതുപോലൊരു ഡിസംബറിലായിരുന്നു സച്ചിൻ ടെൻഡുൽക്കർ മുംബൈയ്ക്കായി രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചത്. സമാനമായ നേട്ടം ആവർത്തിച്ചിരിക്കുകയാണ് മകൻ അർജ്ജുൻ ടെൻഡുൽക്കറും. അച്ഛന്റെ തട്ടകമായ മുംബൈ വിട്ട് ഗോവയ്ക്കായി കളിക്കാനിറങ്ങിയ ആദ്യ സീസണിലെ ആദ്യ മത്സരത്തിലാണ് അർജുൻ വരവറിയിച്ചത്.

താരങ്ങളുടെ ബാഹുല്യമുള്ള മുംബൈ ടീമിനെ അപേക്ഷിച്ച് അവസരം തേടിയാണ് ഗോവയിലേക്ക് തട്ടകം മാറ്റിയത്. രാജസ്ഥാന് എതിരായ അരങ്ങേറ്റ മത്സരത്തിൽ ഗോവയ്ക്കായി സെഞ്ചുറി നേടിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ നേട്ടത്തിന് ഒപ്പം മകൻ അർജ്ജുൻ ടെൻഡുൽക്കർ എത്തിയത്. രഞ്ജി ട്രോഫിയിൽ ഗോവക്കായി അരങ്ങേറിയ അർജ്ജുൻ രാജസ്ഥാനെതിരെ 207 പന്തിൽ 120 റൺസടിച്ചു. രാജസ്ഥാനെതിരെ ഏഴാമനായി ക്രീസിലെത്തിയാണ് അർജ്ജുൻ മിന്നും സെഞ്ചുറി പേരിൽ കുറിച്ചത്.

201-5 എന്ന നിലയിൽ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഗോവയെ അർജ്ജുനും ഇരട്ട സെഞ്ചുറിയുമായി സുയാഷ് എസ് പ്രഭുദേശായിയും ചേർന്ന് വമ്പൻ സ്‌കോറിലേക്ക് നയിച്ചു. 207 പന്തിൽ 120 റൺസടിച്ച അർജുൻ തെണ്ടുൽക്കറുടെയും സുയാഷ് പ്രഭുദേശായിയുടെ ഇരട്ട സെഞ്ചുറിയുടെയും പിൻബലത്തിൽ രാജസ്ഥാനെതിരേ ഗോവ രണ്ടാം ദിനം കളിനിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്തിട്ടുണ്ട്.

രണ്ടാം ദിനം ഏഴ് റൺസെന്ന നിലയിലാണ് അർജ്ജുൻ ബാറ്റിങ് തുടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സും അടിച്ചാണ് അർജ്ജുൻ സെഞ്ചുറി തികച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്ന അർജ്ജുൻ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്റെ ഉപദേശപ്രകാരം ഗോവയിലേക്ക് കൂടുമാറിയത്.

2018ൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടർ 19 ക്രിക്കറ്റിൽ അരങ്ങേറിയ ഇടം കൈയൻ പേസറായ അർജ്ജുൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് അർജ്ജുൻ ടെൻഡുൽക്കറെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ കൂടിയായ സച്ചിൻ ഇപ്പോൾ ടീമിന്റെ മെന്ററാണ്.

യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗിന് കീഴിലാണ് അർജ്ജുൻ പരിശീലനം നടത്തിയത്. വിജയം ഹസാരെ ട്രോഫിയിൽ ഗോവക്കായി ഏഴ് കളികളിൽ എട്ട് വിക്കറ്റ് വീഴ്‌ത്തിയും അർജ്ജുൻ തിളങ്ങിയിരുന്നു.