- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വമേധം തുടർന്ന് ആശ്വിൻ; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നാമത്; പിന്നിലാക്കിയത് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആൻഡേഴ്സണെ; റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയ്ക്കും നേട്ടം
ന്യൂഡൽഹി: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനെ പിന്തള്ളി ഇന്ത്യൻ താരം ആർ അശ്വിൻ ഒന്നാമതെത്തി. ഡൽഹിയിൽ നടന്ന ഓസ്ട്രേലിക്കെതിരെ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് അശ്വിനെ തുണച്ചത്.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ അശ്വിൻ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്.രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി.
നാലാമതുള്ള ജസ്പ്രിത് ബുമ്രയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്തേക്ക് വീണു. പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയാണ് അഞ്ചാമത്. ഒല്ലി റോബിൻസൺ (ഇംഗ്ലണ്ട്), കഗിസോ റബാദ (ദക്ഷിണാഫ്രിക്ക) എന്നിവർ ആറും ഏഴും സ്ഥാനങ്ങളിൽ. പിന്നാലെ ജഡേജ. കെയ്ൽ ജെയ്മിസൺ (ന്യൂസിലൽഡ്), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ) എന്നിവരും ആദ്യ പത്തിലുണ്ട്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഒന്നാം സ്ഥാനം നിലനിർത്തി. അശ്വിൻ രണ്ടാമുണ്ട്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഓൾറൗണ്ടർമാരുടെ പട്ടികയിൽ എട്ടാമതെത്തി. അതേസമയം, ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിലും റൂട്ട് നേട്ടമുണ്ടാക്കി. ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റൂട്ട് മൂന്നാമതെത്തി. ഓസീസ് താരം മർനസ് ലബുഷെയ്ൻ ഒന്നാമത് തുടരുന്നു. സ്റ്റീവൻ സമിത്താണ് രണ്ടാമത്. പാകിസ്സ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനും ഓസീസിന്റെ ട്രാവിസ് ഹെഡിനും ഓരോ സ്ഥാനങ്ങൾ നഷ്ടമായി.
ഇരുവരും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ന്യൂസിലൻഡ് താരങ്ങളായ കെയ്ൻ വില്യംസണും ടോം ബ്ലണ്ടലുമാണ് ആറും ഏഴും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ നേടിയ സെഞ്ചുറികളാണ് ഇരുവർക്കും തുണയായത്. റിഷഭ് പന്ത് (8), രോഹിത് ശർമ (9) എന്നിവർ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ശ്രീലങ്കയുടെ ദിമുത് കരുണാരത്നെയാണ് പത്താം സ്ഥാനത്ത്. വിരാട് കോലി 17-ാം സ്ഥാനത്ത്. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 16-ാം റാങ്കിലെത്തി.