- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർപ്ലേയിൽ തകർത്തടിച്ച് ഓപ്പണർമാർ; ഏഷ്യകപ്പിൽ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം. മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ യുവനിര തകർത്ത് വിട്ടത്. 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 59 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു. പവർ പ്ലേയിൽ തന്നെ 83 റൺസടിച്ച് അഫ്ഗാൻ ഓപ്പണർമാർ വിജയം അനായാസമാക്കി.
പവർ പ്ലേക്ക് പിന്നാലെ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിനെയും(18 പന്തിൽ 40) വിജയത്തിനരികെ ഇബ്രാഹിം സർദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാൻ കൂടുതൽ നഷ്ടങ്ങളില്ലാതെ 59 പന്തുകൾ ബാക്കി നിർത്തി ലക്ഷ്യത്തിലെത്തി. 28 പന്തിൽ 37 റൺസുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സർദ്രാനും പുറത്താകാതെ നിന്നു. സ്‌കോർ ശ്രീലങ്ക 19.4 ഓവറിൽ 105ന് ഓൾ ഔട്ട്, അഫ്ഗാനിസ്ഥാൻ ഓവറിൽ 10.1 ഓവറിൽ 106-2.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാൻ ആദ്യ ദിൽഷൻ മധുഷനകയുടെ ആദ്യ ഓവറിൽ തന്നെ 11 റൺസടിച്ച് വെടിക്കെട്ടിന് തുടക്കമിട്ടു. രണ്ടാം ഓവറിൽ മഹീഷ് തീക്ഷണ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് റണ്ണൊഴുക്ക് തടഞ്ഞെങ്കിലും മതീഷ് പതിരാനയുടെ മൂന്നാം ഓവറിൽ 16 റൺസടിച്ച് അഫ്ഗാൻ കെട്ടുപൊട്ടിച്ചു. ഹസരങ്കയുടെ ആദ്യ ഓവറിൽ തന്ന 10 റൺസടിച്ച അഫ്ഗാൻ തീക്ഷണയുടെ അടുത്ത ഓവറിൽ 21 റൺസടിച്ച് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.
പവർ പ്ലേയിലെ അവസാന ഓവറിൽ ചമിക കരുണരത്‌നെക്കെതിരെ 21 റൺസ് കൂടി അടിച്ച് ആറോവറിൽ 83 റൺസിലെത്തിയ അഫ്ഗാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ടി20 ക്രിക്കറ്റിൽ അഫ്ഗാന്റെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്‌കോറാണിത്. അബുദാബിയിൽ 2013ൽ അയർലൻഡിനെതിരെ നേടിയ 74-3 ആണ് അഫ്ഗാൻ ഇന്ന് മറികടന്നത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായിരുന്നു. 38 റൺസെടുത്ത ഭാനുക രജപക്‌സയാണ് ലങ്കയുടെ ടോപ് സ്‌കോറർ. 75-9ലേക്ക് തകർന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്‌നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റൺസെടുത്ത ധനുഷ്‌ക ഗുണതിലക ആണ് ഇരുവർക്കും പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റർ. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖിയും മൂന്നും മുജീബ് ഉർ റഹ്‌മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖി 3.4 ഓവറിൽ 11 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ക്യാപ്റ്റൻ മുഹമ്മദ് നബി നാലോവറിൽ 14 റൺസിനും മുജീബ് ഉർ റഹ്‌മാൻ നാലോവറിൽ 24 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി
ഏഷ്യാ കപ്പിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം ഞായറാഴ്ച നടക്കും. ദുബായിൽ ഇന്ത്യൻസമയം രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലെ തോൽവിക്ക് പകരംവീട്ടാൻ ടീം ഇന്ത്യയിറങ്ങുമ്പോൾ ദുബായിൽ ആവേശം വാനോളമുയരും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയാണ് ടൂർണമെന്റിലെ ഫേവറേറ്റുകൾ.


