- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിനിഷിങ് മികവുമായി നജീബുള്ള സർദ്രാൻ; പിന്തുണച്ച് ഇബ്രാഹിം സർദ്രാൻ; ബംഗ്ലാ കടുവകളെയും തുരത്തി അഫ്ഗാൻ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ; 128 റൺസ് വിജയലക്ഷ്യം മറികടന്നത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ

ഷാർജ: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്ത് തുടർച്ചയായ രണ്ടാം ജയത്തോടെ അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ ഇടംപിടിച്ചു. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ അഫ്ഗാൻ മറികടന്നു.
17 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന നജീബുള്ള സർദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇബ്രാഹിം സർദ്രാൻ 41 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു. 23 റൺസെടുത്ത ഓപ്പണർ ഹസ്രത്തുള്ള സാസായിയും അഫ്ഗാനായി തിളങ്ങി. സ്‌കോർ ബംഗ്ലാദേശ് 20 ഓവറിൽ 127-7, അഫ്ഗാനിസ്ഥാൻ 18.3 ഓവറിൽ 131-3.ആദ്യ മത്സരത്തിൽ അഫ്ഗാൻ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.
അവസാന നാലോവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 43 റൺസായിരുന്നു അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്. മുസ്തഫിസുർ റഹ്‌മാൻ എറിഞ്ഞ പതിനേഴാം ഓവറിൽ 17 റൺസടിച്ച അഫ്ഗാൻ മുഹമ്മദ് സൈഫുദ്ദീൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ 22 റൺസടിച്ച് വിജയത്തിന് അടുത്തെത്തി. ഒടുവിൽ മൊസാഡെക് ഹൊസൈൻ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ മൂന്നാം പന്ത് സിക്‌സിന് പറത്തി നജീബുള്ള സർദ്രാൻ അനായാസം അഫ്ഗാന്റെ ജയം പൂർത്തിയാക്കി.
ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താന്റെ തുടക്കം പിഴച്ചിരുന്നു. ടീം സ്‌കോർ 15-ൽ നിൽക്കേ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ് 11 റൺസെടുത്ത് മടങ്ങി. പിന്നാലെ വന്ന ഇബ്രാഹിം സദ്രാനും ഓപ്പണർ ഹസ്രത്തുള്ള സസായിയും ചേർന്ന് ടീമിനെ രക്ഷിച്ചു. എന്നാൽ 23 റൺസെടുത്ത സസായിയെ മടക്കി മൊസദെക്ക് ഹൊസൈൻ മത്സരം ബംഗ്ലാദേശിന് അനുകൂലമാക്കി. പിന്നാലെ വന്ന നായകൻ മുഹമ്മദ് നബി വെറും എട്ട് റൺസെടുത്ത് പുറത്തായതോടെ അഫ്ഗാൻ അപകടം മണത്തു.
എന്നാൽ നബിക്ക് പകരം നജീബുള്ള സദ്രാൻ തകർത്തടിക്കാൻ തുടങ്ങിയതോടെ അഫ്ഗാൻ ഇന്നിങ്സിന് ജീവൻ വെച്ചു. നജീബുള്ളയും റഹ്‌മാനുള്ളയും ചേർന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബംഗ്ലാദേശ് കളി കൈവിട്ടു. വൈകാതെ 18.3 ഓവറിൽ അഫ്ഗാനിസ്താൻ വിജയത്തിലെത്തി. നജീബുള്ള സദ്രാൻ വെറും 17 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി.
ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉർ റഹ്‌മാനും ചേർന്നാണ് പിടിച്ചുകെട്ടിയത്. 48 റൺസ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. 6.2 ഓവറിൽ തന്നെ അവർ നാല് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് 10.3 ഓവറിൽ അഞ്ചിന് 53 എന്ന നിലയിലായി. മുൻനിരയിൽ പുറത്തായ അഞ്ച് താരങ്ങളിൽ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുൽ ഹഖ് (5), ഷാക്കിബ് അൽ ഹസൻ (11), മുഷ്ഫിഖുർ റഹീം (1), അഫീഫ് ഹുസൈൻ (12) എന്നിവരാണ് പുറത്തായ താരങ്ങൾ.
മൂന്നു വിക്കറ്റ് വീതം പിഴുത മുജീബുർ റഹ്‌മാൻ, റാഷിദ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് അഫ്ഗാൻ ബംഗ്ലാദേശിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. മുജീബ് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയുമാണ് മൂന്നു വിക്കറ്റ് വീതം പിഴുതത്.


