ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. തകർപ്പൻ തുടക്കമിട്ട് ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യയെ മധ്യ ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പാക് സ്പിന്നർമാർ 181-ൽ ഒതുക്കുകയായിരുന്നു.

മികച്ച തുടക്കമാണ് രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് നൽകിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അർധ സെഞ്ചുറി നേടിയ താരം 44 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 60 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലും തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 31 പന്തിൽ 54 റൺസടിച്ചുകൂട്ടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഏഴാം ഓവറിലെ ആദ്യ പന്തിൽ തന്നെ രാഹുലിനെ ഷദാബ് ഖാൻ മടക്കി. 20 പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 28 റൺസെടുത്താണ് രാഹുലും മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നൽകാൻ മധ്യനിരയ്ക്ക് സാധിച്ചില്ല.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തിൽ നിന്ന് 13 റൺസെടുത്ത താരം റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച കോലിയും ഋഷഭ് പന്തും ചേർന്ന് സ്‌കോർ 126 വരെയെത്തിച്ചു. 14-ാം ഓവറിൽ പന്തിനെയും ഷദാബ് ഖാൻ പുറത്താക്കി. 12 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ദീപക് ഹൂഡ 14 പന്തിൽ നിന്ന് 16 റൺസെടുത്ത് പുറത്തായി. ഷദാബിന് പുറമെ മുഹമ്മദ് ഹസ്നൈൻ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാൻ എന്നിവർ പുറത്തായി. ദിനേശ് കാർത്തികിനും അവസരം ലഭിച്ചില്ല. ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി. വെറ്ററൻ സ്പിന്നർ ആർ അശ്വിൻ, ഓൾറൗണ്ടർ അക്സർ പട്ടേൽ എന്നിവരെ പരിഗണിച്ചില്ല. പാക്കിസ്ഥാൻ ഒരു മാറ്റമാണ് വരുത്തിയത്. മുഹമ്മദ് ഹസ്നൈൻ ടീമിലെത്തി.